അബൂദബി: രാജ്യത്ത് വാഹനാപകട മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണത്തില്‍ കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് കോര്‍ഡിനേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2014ലെ ആദ്യ പത്ത് മാസങ്ങളെ ഈ വര്‍ഷത്തെ ആദ്യ പത്ത് മാസങ്ങളില്‍ അപകട മരണങ്ങളില്‍ 4.9 ശതമാനവും പരിക്കുകളില്‍ 5.1 ശതമാനവും കുറവുണ്ടായിട്ടുണ്ട്. വാഹനാപകടങ്ങളുടെ എണ്ണത്തില്‍ മൂന്ന് ശതമാനവും കുറവുണ്ടായി. 2015 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്ത് നടന്ന 3935 വാഹനാപകടങ്ങളില്‍ 560 പേര്‍ മരണപ്പെടുകയും 5606 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 4058 അപകടങ്ങളില്‍ 589 പേര്‍ മരിക്കുകയും 5909 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്ത് വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിലും അപകടങ്ങള്‍ കുറയുകയായിരുന്നു. ആഭ്യന്തര മന്ത്രാലയവും പൊലീസും നടത്തിയ ബോധവത്കരണങ്ങളുടെ ഫലമായാണ് അപകടങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി ആഭ്യന്തര മന്ത്രാലയവും വിവിധയിടങ്ങളിലെ പൊലീസും ഗതാഗത വിഭാഗവും നടത്തിയ പരിശ്രമങ്ങളാണ് അപകടങ്ങളും അപകട മരണങ്ങളും പരിക്കുകളും കുറയാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോര്‍ഡിനേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്ത് ഹസന്‍ അല്‍ സാബി പറഞ്ഞു.
വാഹനങ്ങള്‍ പെട്ടെന്ന് തിരിക്കുന്നത് മൂലമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത്. മൊത്തം അപകടങ്ങളുടെ 19.44 ശതമാനം ഇത്തരത്തില്‍ സംഭവിച്ചപ്പോള്‍ രണ്ടാം സ്ഥാനം നിശ്ചിത അകലം പാലിക്കാത്തതാണ്. 13.01 ശതമാനം അപകടങ്ങളാണ് വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാത്തത് മൂലമുണ്ടായത്. റോഡിന്‍െറ സാഹചര്യം മനസ്സിലാക്കാതെയുള്ള ഡ്രൈവിങ് (11.59 ശതമാനം), അശ്രദ്ധ (10.42 ശതമാനം) എന്നിവയാണ് അപകടം സംഭവിക്കാനുള്ള മറ്റ് പ്രധാന കാരണങ്ങള്‍. ലൈന്‍ നിയമങ്ങള്‍ പാലിക്കാത്തത് മൂലം 333ഉം പ്രധാന റോഡിലൂടെ അശ്രദ്ധമായി പ്രവേശിച്ചത് മൂലം 291ഉം അമിത വേഗത കാരണം 228ഉം മദ്യപിച്ചുള്ള വാഹനമോടിക്കല്‍ മൂലം 226ഉം അപകടങ്ങളുണ്ടായി.
ചുവപ്പ് സിഗ്നല്‍ ലംഘനം 197 അപകടങ്ങള്‍ക്ക് കാരണമായപ്പോള്‍ കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന നല്‍കാതിരുന്നത് 89 അപകടങ്ങളുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.