തൊഴിലാളി ക്ഷേമത്തിന് കമ്പനികള്‍ക്ക്  ‘തഖ്ദീര്‍’ അവാര്‍ഡ്

ദുബൈ: മികച്ച രീതിയില്‍ തൊഴിലാളി ക്ഷേമം നടത്തുന്ന കമ്പനികള്‍ക്ക് ദുബൈയില്‍ അവാര്‍ഡ് നല്‍കുന്നു. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് തഖ്ദീര്‍ അവാര്‍ഡ് സംരംഭത്തിന് തുടക്കമായത്. സമഗ്ര മൂല്യനിര്‍ണത്തിലുടെ പോയന്‍റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന ഈ സമ്പ്രദായം ലോകത്ത് തന്നെ ആദ്യമാണെന്ന് ബന്ധപ്പെട്ടവര്‍  അറിയിച്ചു. 
തൊഴില്‍ നിയമങ്ങളുടെ നടത്തിപ്പിലെ കാര്യക്ഷമത തിരിച്ചറിഞ്ഞ് തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ദുബൈയിലെ വിവിധ മേഖലകളില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയുടെ വികസനത്തില്‍ തൊഴിലാളികളുടെ മികച്ച പങ്കിനുള്ള അംഗീകാരമാണിതെന്ന് റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ അവാര്‍ഡ് പരിപാടിക്ക് തുടക്കം കുറിച്ച് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആര്‍.എഫ്.എ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും തഖ്ദീര്‍ അവാര്‍ഡ് ചെയര്‍മാനും ദുബൈ തൊഴിലാളി കാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വെളിപ്പെടുത്തി. .
നിര്‍മാണ കമ്പനികളെയാണ് ആദ്യ വര്‍ഷം അവാര്‍ഡ് സംരംഭത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ ഫ്രീ സോണ്‍ ഫാക്ടറികളെയും ഉള്‍പ്പെടുത്തും.
ദുബൈയില്‍ പ്രസ്തുത മേഖലയില്‍ 283 കമ്പനികളും അഞ്ചു ലക്ഷത്തിലധികം തൊഴിലാളികളുമാണുള്ളത്. നൂറിലധികം തൊഴിലാളികളുള്ള കമ്പനികളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 
കമ്പനികള്‍ ഇതിനായി നിശ്ചിത രീതിയില്‍ സമഗ്ര അപേക്ഷാഫോറം സമര്‍പ്പിക്കണം. ഇത് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി ഒന്നു മുതല്‍ അഞ്ചുവരെ നക്ഷത്ര പദവി നല്‍കും. ചതുര്‍, പഞ്ച നക്ഷത്ര പദവി ലഭിക്കുന്ന കമ്പനികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനൊപ്പം സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണന ലഭിക്കുകയും ചെയ്യും.തഖ്ദീര്‍ എന്നാല്‍ പ്രശംസ എന്നാണര്‍ത്ഥം. തൊഴിലാളി ക്ഷേമ നടപടികളിലെ ഗുണമേന്മയെ ആധാരമാക്കിയുള്ള ലോകത്തിലെ ആദ്യ അവാര്‍ഡാണിത്. 
തൊഴിലാളികളുടെ ക്ഷേമത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച നീക്കങ്ങളാണ് ഈ സംരംഭം പ്രോല്‍സാഹിപ്പിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളെ സംബന്ധിച്ച ബോധവത്കരണവും ഇതുകൊണ്ട് സാധ്യമാകുന്നു. 
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍്റെ നിര്‍ദേശാനുസരണമാണ് അവാര്‍ഡ് നടപ്പാക്കുന്നത്. മതമോ ജാതിയോ പരിഗണിക്കാതെ ദുബൈയിലെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും ഉറപ്പു വരുത്താനും അതു വഴി ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ തൊഴിലെടുക്കാനും ജീവിക്കാനുമുള്ള ഇടമാക്കി ദുബൈയെ മാറ്റിയെടുക്കാനും സാധിക്കുന്ന ‘ദുബൈ വിഷന്‍’ അടിസ്ഥാനമാക്കിയുള്ളതാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.