ചെലവ് ചുരുക്കല്‍; വിദേശ ബാങ്കുകള്‍ ശാഖകള്‍ പൂട്ടുന്നു

ദുബൈ: പ്രതിസന്ധി  നേരിടുന്നതിനാല്‍  വിദേശ ബാങ്കുകള്‍ ശാഖകള്‍ പൂട്ടുന്നു. ശാഖകള്‍ക്ക് പകരം മൈക്രോ കിയോസ്കുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് പല ബാങ്കുകളുടെയൂം തീരുമാനം. 
ചെലവ് ചുരുക്കലിന്‍െറ ഭാഗമായി വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ വിദേശ ബാങ്കുകളുടെ മേല്‍ സാഹചര്യ സമ്മര്‍ദ്ദം ഏറുകയാണ്. അധിക ചെലവ് വരുന്ന വലിയ ബ്രാഞ്ചുകള്‍ ഒഴിവാക്കി പകരം ചെലവ് തീരെ കുറഞ്ഞതും ഇടപാടുകാര്‍ക്ക് കൂടുതല്‍  സൗകര്യങ്ങള്‍ ലഭ്യമാക്കാവുന്നതുമായ  ചെറിയ കിയോസ്കള്‍ തുടങ്ങുക എന്നതാണ് ബാങ്കിങ് മേഖലയിലെ പുതിയ പ്രവണതയെന്നു വിദഗ്ധരെ ഉദ്ധരിച്ച് 'അര്‍റുഇയ' പത്രം റിപ്പോര്‍ട്ട് ചെയ്തു.  സാമ്പത്തിക ഞെരുക്കമാണ് ബാങ്കുകളെ ഇങ്ങിനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ.
 അടുത്ത വര്‍ഷം ബാങ്കുകള്‍ അവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മാറ്റിവെക്കുകയും വായ്പകള്‍ നിയന്ത്രിക്കുകയും നടത്തിപ്പ് ചെലവ് കുറക്കുകയും ചെയ്യുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 2016 പ്രതിസന്ധിയുടെ വര്‍ഷമായിരിക്കും. അതിനാല്‍ ബാങ്കുകള്‍ അവയുടെ പ്രവര്‍ത്തന മേഖല വികസിപ്പിക്കുന്നത് ഒഴിവാക്കുകയോ മാറ്റി വെക്കുകയോ ചെയ്യും.വിദേശ ബാങ്കുകള്‍ ഇതിനകം തന്നെ വ്യക്തികളെയും ചെറുകിട സ്ഥാപനങ്ങളെയും ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. വന്‍കിട സ്ഥാപനങ്ങളെ മാത്രമാണ് ഇപ്പോള്‍ അവര്‍ ലക്ഷ്യമിടുന്നത്. 
ചില ബാങ്കുകള്‍ കണക്കുകള്‍ പൂര്‍ണമായും തീര്‍ത്ത് അക്കൗണ്ടുകള്‍ അവസാനിപ്പിക്കാന്‍ അവരുടെ ഇടപാടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. കമ്പനി ഉടമകളില്‍ പലരും രാജ്യത്ത് നിന്ന് ഓടിപ്പോയതും വ്യക്തികളില്‍ പലരുടെയും ജോലി നഷ്ടപ്പെട്ടതുമാണ് വിദേശ ബാങ്കുകളെ കര്‍ശന നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. 
ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിക്കാണ് ഈ ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. വ്യക്തികള്‍ക്കാകട്ടെ മൂന്ന് വര്‍ഷം  മുതല്‍ അഞ്ചു വര്‍ഷം വരെയാണ് വായ്പയുടെ കാലാവധി. 
വിദേശ ബാങ്കുകള്‍ ഈ  വിഭാഗങ്ങളെ തഴയുന്നതോടെ സ്വദേശ ബാങ്കുകള്‍ക്ക് കൂടുതല്‍ ഇടപാടുകാരെ ലഭിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.