രക്തസാക്ഷികള്‍ക്ക് നാടെങ്ങും ആദരം 

അബൂദബി: രാജ്യത്തിന്‍െറ സുരക്ഷ ഉറപ്പുവരുത്താനും അഭിമാനം ഉയര്‍ത്തിപ്പിടിക്കാനുമായി സ്വന്തം ജീവന്‍ ബലികഴിച്ചും പോരാടിയ ധീരദേശാഭിമാനികള്‍ക്ക് രാജ്യത്തിന്‍െറ ആദരം. യു.എ.ഇയുടെ പ്രഥമ രക്തസാക്ഷി ദിനം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ചടങ്ങുകളോടെയാണ് ആചരിച്ചത്. അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കിന് സമീപത്തുള്ള രക്തസാക്ഷി സ്മാരകത്തില്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിന് ഭരണാധികാരികള്‍ ഒന്നടങ്കം എത്തിച്ചേര്‍ന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, 
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി, സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ല, സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി, സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ഖി എന്നിവര്‍ അബൂദബി രക്തസാക്ഷി സ്മാരകത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശി ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ല, ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി,  ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി എന്നിവരും എമിറേറ്റുകളിലെ ഉപ ഭരണാധികാരികളും ചടങ്ങുകളില്‍ സംബന്ധിച്ചു. രക്തസാക്ഷി ദിനത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളിലും പൊലീസ്- സൈനിക ആസ്ഥാനങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. രക്തസാക്ഷികള്‍ക്കുള്ള മെഡലുകള്‍ കുടുംബാംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. 
സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു.  രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 11.30 വരെയാണ് പതാക പകുതി താഴ്ത്തിയത്.  രക്തസാക്ഷികള്‍ക്കായി ഓഫിസുകളിലും മാളുകളിലും വീടുകളിലും രക്തസാക്ഷികള്‍ക്കായി നിശ്ശബ്ദ പ്രാര്‍ഥന നടന്നു. രാവിലെ 11.30നാണ് മൗന പ്രാര്‍ഥന നടന്നത്.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.