സ്കൂള്‍ ഞായറാഴ്ച തുറക്കും; ഒരുക്കം തകൃതി

ഷാര്‍ജ: യു.എ.ഇയില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ തകൃതിയായി. സ്കൂളുകളെല്ലാം കൊടിതോരണങ്ങളാല്‍ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. വീടുകളിലും കടകളിലും പുതിയ അധ്യയന വര്‍ഷത്തേക്കാവശ്യമായ പുസ്തകവും ബാഗും യൂനിഫോമുമെല്ലാം വാങ്ങുന്നതിന്‍െറയും ഒരുക്കിന്‍െറയും തിരക്കാണ്. അവധിക്കാലത്ത് നാട്ടില്‍പോയ പ്രവാസി കുടുംബങ്ങള്‍ തിരിച്ചത്തെിത്തുടങ്ങിയതോടെ സ്കൂള്‍ വിപണിക്ക് ഉണര്‍വ്വെച്ചിട്ടുണ്ട്. 
എങ്കിലും വിമാനടിക്കറ്റ് നിരക്ക് താങ്ങാനാകത്തതിനാല്‍ നിരവധി മലയാളി കുടുംബങ്ങള്‍ യാത്ര അടുത്തമാസം ആദ്യത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഈ മാസം 30നാണ് രാജ്യത്തെ സ്കൂളുകളില്‍ അധ്യയനം തുടങ്ങുന്നത്.. ജീവനക്കാര്‍ 23നും അധ്യാപകര്‍ ഇന്നലെയും ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു.
സ്കൂള്‍ തുറക്കുന്നതിനുമുമ്പുള്ള നാനാവിധ മുന്നൊരുക്കങ്ങളിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംവിധാനങ്ങളും. 
സ്കൂള്‍ പരിസരത്തെ റോഡുകളെ സുരക്ഷിതമാക്കാനുള്ള ജോലികള്‍ ഷാര്‍ജ സ്കൂള്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. മുവൈല ഭാഗത്തെ അല്‍ ഫലാഹ് റൗണ്ടബൗട്ട് മുതലാണ് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് റോഡില്‍ നവീകരണം നടക്കുന്നത്്. യാത്രക്കാര്‍ക്ക് കൃത്യമായി കാണത്തക്ക വിധത്തില്‍ സീബ്രാ ലൈനുകളും മറ്റ് മുന്നറിയിപ്പുകളും രേഖപ്പെടുത്തുന്ന ജോലികളാണ് ഇവിടെ പുരോഗമിക്കുന്നത്. സ്കൂള്‍ തുറക്കുന്നതോടെ വാഹനങ്ങള്‍ നിറയുന്ന മേഖലയാണ് മുവൈല. പ്രദേശം വ്യവസായികമായും താമസ മേഖലകള്‍ കൊണ്ടും പുരോഗമിച്ചതോടെ ഇവിടെ മറ്റ് വാഹനങ്ങളും അധികരിച്ചിട്ടുണ്ട്.  
ദൈദ് പട്ടണവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്കൂള്‍ മേഖലയിലും സമാന ജോലികള്‍ നടക്കുന്നുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാമാണ് റോഡുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതെന്ന് ഗതാഗത വിഭാഗം ഡയറക്ടര്‍ എന്‍ജി. സുലൈമാന്‍ ആല്‍ ഹജിരി പറഞ്ഞു. 
ഷാര്‍ജ-ദൈദ് റോഡിലെ മൂന്നും അഞ്ചും പാലങ്ങള്‍ക്കിടയില്‍ റോഡുകളെ വേര്‍തിരിക്കുന്ന വരകള്‍ ഛായമടിച്ച് തിളക്കം കൂട്ടുന്ന ജോലികളും തുടരുകയാണ്. രാത്രി 12 മുതല്‍ പുലര്‍ച്ച ആറ് വരെയാണ് ജോലികള്‍ നടക്കുന്നത്. ഈ സമയത്ത് ബദല്‍ റോഡുകളിലൂടെയാണ് ഗതാഗതം സംവിധാനം ഒരുക്കിയിരിക്കുന്നത്. 'സുരക്ഷിതമായി റോഡ് മുറിച്ച് കടക്കു' എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന കാമ്പയിന്‍ ഷാര്‍ജ പൊലീസ് നടത്തുന്നുണ്ട്. കാല്‍നടക്കാര്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ചത് കണക്കിലെടുത്താണ് ഇതിന് പൊലീസ് രംഗത്ത് എത്തിയത്. 
ഇതിന്‍െറ ഭാഗമായി ഉറുദു, അറബിക്, ഇംഗ്ളീഷ് ഭാഷകളിലുള്ള ലഘുലേഖകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. 
കമ്പോളങ്ങളില്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന ബാഗുകളും പാദരക്ഷകളും വെള്ള കുപ്പികളും പേനകളും മറ്റും അണിനിരത്തിയാണ് കച്ചവടക്കാര്‍ ആളെ കൂട്ടുന്നത്. മിക്ക കടകളും ജൂലൈ പകുതി മുതല്‍ തന്നെ സ്കൂള്‍ വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയിരുന്നു.
മധ്യവേനലവധി കഴിഞ്ഞെങ്കിലും കൊടും ചൂട് ഇപ്പോഴും യു.എ.ഇയില്‍ ബാക്കിയാകുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കും. സ്കൂള്‍ തുറക്കുന്നതോടെ കെട്ടിടങ്ങളിലെ അടുക്കളകളില്‍ നിന്ന് പുലര്‍ച്ചെ തന്നെ താളമേളങ്ങള്‍ മുഴങ്ങാന്‍ തുടങ്ങും. ഷാര്‍ജ അല്‍ നഹ്ദയില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്ന കോളജ് ഇത്തവണ മുതല്‍ സ്കൂളിന് വഴിമാറുകയാണ്. 
അമേരിക്കന്‍ കോളജിന് പകരം അമേരിക്കന്‍ പാഠ്യപദ്ധതിയുള്ള സ്കൂളാണ് ഈ വര്‍ഷം മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുക.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.