ദുബൈ: കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചിട്ടത് ഇത്തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓണം ആഘോഷിക്കാനുള്ള പഴം,പച്ചക്കറി വര്‍ഗങ്ങളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതും ഗള്‍ഫ് രാജ്യങ്ങളില്‍ സ്കൂള്‍ അവധി കഴിഞ്ഞ് തുറക്കുന്നതിനാല്‍ തിരികെ പോകുന്ന യാത്രക്കാരുടെ ബാഹുല്യം കാരണം ഉള്ള വിമാനങ്ങളില്‍ കയറ്റുമതി സാധിക്കാത്തതുമാണ് പ്രധാന പ്രശ്നം. അതേസമയം മറ്റു വിമാനത്താവളങ്ങളില്‍ വഴി വരവ് കൂടിയതിനാല്‍ ഗള്‍ഫില്‍ പച്ചക്കറിക്ക് ക്ഷാമമോ വിലക്കയറ്റമോ ഇല്ളെന്നതും ശ്രദ്ധേയമാണ്. പല സൂപ്പര്‍-ഹൈപ്പര്‍മാര്‍ക്കറ്റുകളൂം വന്‍ വിലക്കിഴിവും നല്‍കുന്നുണ്ട്.
വലിയ ഉള്ളിക്കാണ് ഇത്തവണ അല്പം വിലക്കൂടുതലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ പച്ചക്കറി ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടെന്നും വലിയൊരു ശതമാനം കുടുംബങ്ങളും നാട്ടിലായത് കച്ചവടത്തെ ബാധിച്ചതായും ദുബൈയിലെ കച്ചവടക്കാര്‍ പറയുന്നു. അതുകൊണ്ട് തന്നെ നാട്ടില്‍ ഏറെ ഡിമാന്‍റുള്ള ചില ഇനങ്ങള്‍ക്ക് ഇവിടെ വില വര്‍ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചൂട് കാരണം ഒമാനില്‍നിന്നുള്ള പച്ചക്കറിയുടെ വരവ് നിലച്ചിരിക്കുകയാണ്. സലാലയില്‍ നിന്ന്ചില പഴ വര്‍ഗങ്ങള്‍ മാത്രമാണ് ഇറങ്ങുന്നത്. നാട്ടില്‍ വില കൂടിയാലും യു.എ.ഇയില്‍ തോന്നിയപോലെ വില കൂട്ടാനാവില്ളെന്നും കച്ചവടക്കാര്‍ പറഞ്ഞു.
അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ മെയ് മുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് മുതല്‍ കരിപ്പൂരില്‍ നിന്നുള്ള പച്ചക്കറി കയറ്റുമതി പാതിയായി കുറഞ്ഞിട്ടുണ്ട്. കയറ്റുമതി ഏജന്‍റുമാരില്‍ പകുതിയോളം പേര്‍ പ്രവര്‍ത്തനം നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇത് ലാഭകരമല്ളെന്ന് കണ്ട് മിക്കവരും കയറ്റുമതി താല്‍കാലികമോ ഭാഗികമോ ആയി നിര്‍ത്തിയിരിക്കയാണെന്നാണ് വിവരം.
ഓണം, വിഷു സീസണില്‍ കരിപ്പൂര്‍ വഴി റെക്കോഡ് പച്ചക്കറി കയറ്റുമതിയാണ് എല്ലാവര്‍ഷവും നടക്കാറ്. കഴിഞ്ഞ ഓണത്തിന് ജനറല്‍ കാര്‍ഗോയുടെ അളവ് കുറച്ചശേഷം പച്ചക്കറി കയറ്റുമതിക്ക് ഏജന്‍സികള്‍ കൂടുതല്‍ പരിഗണന നല്‍കിയിരുന്നു . ഇത് പ്രതീക്ഷിച്ചു കൃഷിയിറക്കിയവര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണ് ഇത്തവണ ഉണ്ടായത്. മലബാറിലെ ചില ജില്ലകള്‍ക്ക് പുറമെ കോയമ്പത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ കൂര്‍ഗ്, എന്നിവിടങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളുമാണ് കരിപ്പൂര്‍ വഴി ദിനേന എത്തിയിരുന്നത്. 32 വിമാനങ്ങള്‍ സര്‍വിസ് നടത്തുന്ന തിരുവനന്തപുരത്തു നിന്ന് 40 ടണ്ണും 40 വിമാനങ്ങള്‍ സര്‍വിസ് നടത്തുന്ന നെടുമ്പാശേരിയില്‍ നിന്ന് 25 ടണ്ണും ദിനംപ്രതി കയറ്റുന്നു . എന്നാല്‍ 15 ഓളം വിമാനങ്ങള്‍ മാത്രമുള്ള കരിപ്പൂരില്‍ നിന്ന് 35 ടണ്‍ പഴം പച്ചക്കറികളാണ് ദിനേന ഗള്‍ഫില്‍ എത്തിയിരുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു.
കഴിഞ്ഞ വര്‍ഷം വരെ ഓണത്തോടനുബന്ധിച്ച് അഞ്ചു ലക്ഷത്തോളം കിലോ പച്ചക്കറിയാണ് കരിപ്പൂര്‍ വഴി ഗള്‍ഫിലേക്ക് പറന്നത്. അത്തം തൊട്ടാണ് ഓണം കയറ്റുമതി തുടങ്ങാറ്. എന്നാല്‍ ഇത്തവണ ഇതിന്‍െറ പകുതി പോലും ഇവിടെ നിന്നും കയറ്റിയിട്ടില്ളെന്ന് വ്യാപാരികള്‍ പറഞ്ഞു . എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എന്നീ വിമാനങ്ങളിലായി യു.എ.ഇയിലെ വിവിധ എമിറേറ്റുകള്‍ , സൗദി, ഖത്തര്‍, മസ്കത്ത്, ബഹ്റൈന്‍, എന്നിവിടങ്ങളിലേക്കാണ് കരിപ്പൂരില്‍ നിന്ന് പ്രധാനമായും പഴവും പച്ചക്കറിയും കയറ്റുമതി ചെയ്യുന്നത്. മിക്കതും ജംബോ വിമാനങ്ങളിലായിരുന്നു. ഈ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിവേച്ചതോടെയാണ് കയറ്റുമതി ഏറെക്കുറെ നിലച്ച മട്ടിലായത്. പച്ചക്കായ, മുരിങ്ങ, കോവയ്ക്ക, കൊത്തമര, ചേന, ചേമ്പ്, കറിവേപ്പില, ഞാലിപ്പൂവന്‍, നേന്ത്രപ്പഴം, വെള്ള പാവക്ക , കൂര്‍ക്കല്‍, ഗവാര്‍ തുടങ്ങിയവയാണ് ഇതുവഴിയുള്ള പ്രധാന ഇനങ്ങള്‍. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് 24 പ്രധാന കയറ്റുമതി ഏജന്‍്റുമാരാണുള്ളത്. ഇതില്‍ പകുതിയോളം ഏജന്‍സികള്‍ കയറ്റുമതി പൂര്‍ണമായും നെടുമ്പാശ്ശേരി വഴി ആക്കിയിട്ടുണ്ട്.
പച്ചക്കറികള്‍ കരിപ്പൂരില്‍ പാക്ക് ചെയ്ത് നെടുമ്പാശ്ശേരിയില്‍ എത്തിച്ച് അയക്കുകയാണിവര്‍. എളുപ്പം കേടാവാത്ത ചേന, ചേമ്പ്, തുടങ്ങിയവയാണ് ഇങ്ങനെ അയക്കുന്നത് .
എന്നാല്‍ ഇത് പലപ്പോഴും വന്‍ നഷ്ടം വരുത്തിവെക്കുന്നൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്. കാര്‍ഗോ കൂലിയില്‍ വന്ന വര്‍ധനവിന് പുറമെയുള്ള അധിക ചെലവുകള്‍ വന്‍ ബാധ്യതയാണ് വരുത്തി വെക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.