ദുബൈ: സെപ്റ്റംബര്‍ ഒന്ന് മുതല്‍ ദുബൈയില്‍ പുതുതായി മൂന്ന് ബസ് റൂട്ടുകള്‍ കൂടി തുടങ്ങുമെന്ന് ആര്‍.ടി.എ അറിയിച്ചു. മറ്റു ചില റൂട്ടുകളില്‍ മാറ്റം വരുത്തിയിട്ടുമുണ്ട്. പൊതുജനങ്ങളുടെ ആവശ്യാനുസരണമാണ് പുതിയ റൂട്ടുകള്‍ തുടങ്ങാന്‍ തീരുമാനമെടുത്തതെന്ന് ആര്‍.ടി.എ പ്ളാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്‍റ് വിഭാഗം ഡയറക്ടര്‍ ആദില്‍ മുഹമ്മദ് ശാകിരി പറഞ്ഞു.
അല്‍ ഖിസൈസ് വ്യവസായ മേഖലയില്‍ നിന്ന് തുടങ്ങുന്ന എഫ്- 24, ദുബൈ മാളില്‍ നിന്ന് തുടങ്ങുന്ന 81, കറാമ ബസ്സ്റ്റേഷനില്‍ നിന്ന് തുടങ്ങുന്ന എക്സ്- 25 എന്നിവയാണ് പുതിയ ബസ് റൂട്ടുകള്‍. എഫ്- 24 ബസ് അല്‍ ഖിസൈസ് വ്യവസായ മേഖലയില്‍ നിന്ന് സ്റ്റേഡിയം മെട്രോസ്റ്റേഷന്‍, ഖിസൈസ് ബസ് ഡിപ്പോ, സഹാറ മാളിന് പുറകുവശം, നഹ്ദ ഇനോക് പെട്രോള്‍ സ്റ്റേഷന്‍, എന്‍.എം.സി ഹോസ്പിറ്റല്‍ എന്നിവ വഴി കടന്നുപോകും. 81ാം നമ്പര്‍ ബസ് ദുബൈ മാളില്‍ നിന്ന് തുടങ്ങി ഉമ്മുസുഖീം മുനിസിപ്പല്‍ സെന്‍റര്‍, ഉമ്മുസുഖീം പാര്‍ക്ക്, വൈല്‍ഡ് വാദി വഴി മാള്‍ ഓഫ് എമിറേറ്റ്സിലത്തെും. എക്സ്- 25 ബസ് കറാമ ബസ് സ്റ്റേഷനില്‍ നിന്ന് ദുബൈ സിലിക്കോണ്‍ ഒയാസിസിലേക്കാണ്. സെന്‍റര്‍ പോയിന്‍റ് ഷോപ്പിങ് മാള്‍, ഊദ് മത്തേ മെട്രോ ബസ്സ്റ്റോപ്പ്, ഉമ്മുറമൂല്‍, അക്കാദമിക് സിറ്റി, ദുബൈ ഒൗട്സോഴ്സ് സോണ്‍ എന്നിവയെ ഈ സര്‍വീസ് ബന്ധിപ്പിക്കും.
ഇത് കൂടാതെ ചില റൂട്ടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 64എ ബസ് ഇനിമുതല്‍ റാസല്‍ഖോറിലെ സമാരി റെസിഡന്‍സ് വഴി കടന്നുപോകും. 43ാം നമ്പര്‍ ബസ് ഉമ്മുറമൂലിലെ ആര്‍.ടി.എ ഹെഡ്ഓഫിസ് പരിസരത്തെ ആളുകള്‍ക്ക് കൂടി ഉപകാരപ്പെടും.
മാള്‍ ഓഫ് എമിറേറ്റ്സില്‍ നിന്നുള്ള എഫ്- 29 ബസ് ഇന്‍റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണിലെ സെന്‍ട്രിയം ടവറിലേക്ക് നീട്ടി. ജബല്‍അലി ബസ് സ്റ്റേഷനില്‍ നിന്നുള്ള 99ാം നമ്പര്‍ റൂട്ടിലും മാറ്റമുണ്ട്. ഇബ്നു ബതൂത്ത മെട്രോസ്റ്റേഷനില്‍ നിന്ന് അബൂദബിയിലേക്കുള്ള ഇ-101, ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് ദേര സിറ്റി സെന്‍ററിലേക്കുള്ള ഇ- 307, യൂനിയന്‍ മെട്രോ സ്റ്റേഷനിലേക്കുള്ള ഇ- 400 തുടങ്ങിയ സര്‍വീസുകളുടെ ഇടവേളയില്‍ തിരക്കുള്ള സമയത്ത് മാറ്റമുണ്ടാകും. ഗോള്‍ഡ് സൂഖില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ സിറ്റിയിലേക്കുള്ള 53ാം നമ്പര്‍ റൂട്ട് രാത്രി 12.30 വരെ നീട്ടിയിട്ടുണ്ട്. റാശിദിയ മെട്രോ പാര്‍ക്കിങില്‍ നിന്ന് അല്‍ വര്‍ഖയിലേക്കുള്ള എഫ്- 10 ബസ് വെള്ളിയാഴ്ച രാവിലെയും സര്‍വീസ് നടത്തുമെന്ന് ആര്‍.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.