പ്രവാസികള്‍ക്ക് നിരാശ; നിക്ഷേപത്തില്‍ പ്രതീക്ഷ

ദുബൈ: 34 വര്‍ഷത്തെ ഇടവേളക്കു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇയിലത്തെുമ്പോള്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ ഒന്നര ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് ശേഷം നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി മടങ്ങിയപ്പോള്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ നിരാശയിലായി. തങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന അവഗണനക്കും ദുരിതത്തിനും പരിഹാരമാകുന്ന ചില പ്രഖ്യാപനങ്ങള്‍ മോദിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും ഉണ്ടായില്ളെന്നതാണ് അവരുടെ പരിഭവം. 
വികസനം, വാണിജ്യം, തീവ്രവാദവിരുദ്ധ പോരാട്ടം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് യു.എ.ഇയുമായി ചില ധാരണകളുണ്ടാക്കാനും സംയുക്ത പ്രസ്താവന നടത്താനും മോദിക്ക് സാധിച്ചെങ്കിലും അവധിക്കാലത്ത് വിമാന കമ്പനികള്‍ നടത്തുന്ന കൊള്ള, പ്രവാസി വോട്ട്, തിരിച്ചുപോകുന്ന പ്രവാസികളുടെ പുനരധിവാസം, തടവുകാരുടെ കൈമാറ്റം തുടങ്ങിയ സാധാരണക്കാരുടെ വിഷയങ്ങളെയൊന്നും അദ്ദേഹം സ്പര്‍ശിച്ചേയില്ല. മോദിയുടെ വരവിന് മുന്നോടിയായി ദുബൈയിലെ പത്ര, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ എന്തു പ്രതീക്ഷിക്കുന്നു എന്ന് അഭിപ്രായം തേടിയപ്പോള്‍  എല്ലാവരും ഒരേസ്വരത്തില്‍ ഉന്നയിച്ച ആവശ്യങ്ങളായിരുന്നു ഇവ. മുന്‍ സര്‍ക്കാരുകള്‍ തങ്ങളെ അവഗണിക്കുകയായിരുന്നെന്ന പരാതിയുള്ളതിനാല്‍ തന്നെ മോദിയില്‍ നിന്ന് കാര്യമായ ചില നടപടികളും പ്രഖ്യാപനങ്ങളും അവര്‍ പ്രതീക്ഷിച്ചു. അതുകൊണ്ടുതന്നെ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള എല്ലാ ഭിന്നതകളും മറന്നാണ് ഇന്ത്യക്കാര്‍ ഒന്നടങ്കം മോദിക്ക് ഉജ്വല വരവേല്‍പ്പ് നല്‍കിയത്. എന്നാല്‍ ഗള്‍ഫ് മേഖലയിലേക്കുള്ള അദ്ദേഹത്തിന്‍െറ ആദ്യ വരവ് അറബ് നാടുകളില്‍ തന്‍െറ പ്രതിച്ഛായ വളര്‍ത്താനും ആരാധകരെ തൃപ്തിപ്പെടുത്താനും ചില നയതന്ത്ര സമ്മര്‍ദങ്ങളത്തെുടര്‍ന്നുമാണെന്ന വിമര്‍ശനമാണുയരുന്നത്.
അതേസമയം ഇന്ത്യയില്‍ സ്ഥിരതയുള്ള സര്‍ക്കാറാണ് നിലവിലുള്ളതെന്നും വികസനമാണ് അതിന്‍െറ ലക്ഷ്യമെന്നും താന്‍ ശക്തനായ നേതാവാണെന്നും യു.എ.ഇ ഭരണനേതൃത്വത്തെയും വ്യവസായ പ്രമുഖരെയും ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയായ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള മോദിയുടെ ആഹ്വാനത്തിന് യു.എ.ഇയില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ടൂറിസം, ഭവന നിര്‍മാണം, കാര്‍ഷിക സംഭരണശൃംഖല, 500 ഓളം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം തുടങ്ങിയ പദ്ധതികളാണ് മോദി പ്രധാനമായും വിദേശ നിക്ഷേപകര്‍ക്ക് മുമ്പില്‍ തുറന്നിട്ടത്. ഒരു ലക്ഷം കോടി ഡോളറിന്‍െറ നിക്ഷേപ അവസരം നിലവില്‍ ഇന്ത്യയിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്്. യു.എ.ഇയിലെ പ്രമുഖ കമ്പനി മേധാവികളും പ്രവാസി വ്യവസായികളുമായി അബൂദബിയിലായിരുന്നു മോദിയുടെ വട്ടമേശ സമ്മേളനം. 
സാധാരണപ്രവാസികള്‍ക്ക് മുന്നില്‍ മോദിയുടെ സന്ദര്‍ശനത്തിന്‍െറ പ്രത്യേകതയായി  ഉയര്‍ത്തിക്കാട്ടിയത് അദ്ദേഹത്തിന്‍െറ ലേബര്‍ ക്യാമ്പ് സന്ദര്‍ശനമായിരുന്നു. ലക്ഷകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായി ഒരു പ്രധാനമന്ത്രി അവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനും കാണാനും എത്തുന്നത്്  അവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി. ഞായറാഴ്ച രാത്രി അബൂദബിയിലെ ഐക്കാഡ് തൊഴിലാളി താമസ കേന്ദ്രത്തിലത്തെിയ മോദി പക്ഷെ 10 മിനിറ്റില്‍ ‘ചടങ്ങ്’ തീര്‍ത്തു മടങ്ങി. 25,000 ത്തിലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 300 പേര്‍ക്കാണ് മോദിയുമായി കൂടിക്കാഴ്ച അനുവദിച്ചിരുന്നത്. ഹസ്തദാനം ചെയ്തും തോളില്‍ കൈയിട്ടും പ്രധാനമന്ത്രി കുശലമന്വേഷിച്ചത് ഇവര്‍ക്ക് പുതിയ അനുഭവം തന്നെയായിരുന്നു. കൂടെ ഫോട്ടോയെടക്കാനും അദ്ദേഹം നിന്നുകൊടുത്തു. 
അതിനപ്പുറം ഒന്നും സംഭവിച്ചുമില്ല. മോദി പോയിക്കഴിഞ്ഞപ്പോള്‍ ഹാളിന് പുറത്ത് തടിച്ചുകൂടിയ മറ്റു തൊഴിലാളികള്‍ പ്രധാനമന്ത്രി എന്തു പറഞ്ഞു എന്ന് ആകാംക്ഷയോടെ ചോദിക്കുന്നുണ്ടായിരുന്നു.
മക്കയും മദീനയും കഴിഞ്ഞാല്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പള്ളിയായ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിച്ചുകൊണ്ടാണ് മോദി യു.എ.ഇ പര്യടനം തുടങ്ങിയത്.
 നേരത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കാനത്തെിയപ്പോള്‍ തന്നെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനില്‍ നിന്ന് അബൂദബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം അനുവദിപ്പിക്കാന്‍ മോദിക്ക് സാധിച്ചതോടെ മറ്റു പ്രവാസി വിഷയങ്ങളിലും അദ്ദേഹത്തിന്‍െറ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷ വളര്‍ന്നു. പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇല്ലാത്തതിനാല്‍ ഇതേക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാനും അവസരം ലഭിച്ചില്ല. ഒബ്റോയി ഹോട്ടലില്‍ എംബസി നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനുള്ള കെ.എം.സി.സിയുടെയും ചില ഇന്ത്യന്‍ അസോസിയേഷനുകളുടെയും ശ്രമം  വിലക്കപ്പെടുകയും ചെയ്തു.
പര്യടനത്തിലെ ഏക പൊതുപരിപാടിയായ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ ഒത്തുകൂടിയ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം അവര്‍ക്കനുകൂലമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നായിരുന്ന അവസാനത്തെ പ്രതീക്ഷ. എന്നാല്‍ തന്‍െറ സര്‍ക്കാര്‍ തുടക്കമിട്ട ചില പദ്ധതികള്‍ വിശദീകരിക്കുകയും ഇന്ത്യയിലെ ഭരണമാറ്റത്തെ ലോകരാഷ്ട്രങ്ങള്‍ എങ്ങനെ അനുകൂലമായി കാണുന്നുവെന്ന് പറയുകയുമാണ്് അദ്ദേഹം പൊതുസമ്മേളനത്തില്‍ കാര്യമായി ചെയ്തത്. 
പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടിയുണ്ടാകുമെന്നത് പറഞ്ഞത് മാത്രമാണ് അവര്‍ക്ക് ആശ്വാസമായത്. പതിനായിരങ്ങളില്‍ മോദി തരംഗമുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. തീര്‍ച്ചയായും ഇത് ഭാവിയില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടാവും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.