ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് ഒടുവില്‍ ഒൗദ്യോഗിക സ്ഥിരീകരണമായി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി ഈ മാസം 16,17 തീയതികളില്‍ യു.എ.ഇയില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് ന്യൂദല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നാലുവരി പ്രസ്താവനയില്‍ അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്‍െറ സന്ദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ച പരിപാടികളുടെ പൂര്‍ണ വിശദാംശങ്ങള്‍ ലഭ്യമല്ല. അതേസമയം യു.എ.ഇ ഭരണ നേതൃത്വവുമായുള്ള ഒൗദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കും പുറമെ പ്രധാനമന്ത്രി ഇന്ത്യന്‍ തൊഴിലാളികള്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും പ്രധാനമന്ത്രി ചെലവഴിക്കുക തലസ്ഥാനമായ അബൂദബിയില്‍ തന്നെയായിരിക്കും. ഏതാനും മണിക്കൂറുകള്‍ മാത്രമായിരിക്കും നരേന്ദ്ര മോദി ദുബൈയിലുണ്ടാവുക. അബൂദബി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക മീഡിയ സെന്‍റര്‍ ഒരുക്കുന്നുണ്ട്.
17ന് വൈകിട്ട് 6.30ന് ദുബൈ സ്പോര്‍ട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന സ്വീകരണ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അമേരിക്ക, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രവാസി സമൂഹമവുമായി നടത്തിയ വന്‍ ജനപ്രിയ പരിപാടിയുടെ മാതൃകയില്‍ തന്നെയാണ് ദുബൈയിലും സ്വീകരണം ഒരുക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. 40,000 ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 40 ലക്ഷം ദിര്‍ഹം ഇതിനായി ചെലവഴിക്കുമെന്ന് സംഘാടകരായ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ യോഗത്തില്‍ അറിയിച്ചിരുന്നു. കനത്ത ചൂടായതിനാല്‍ സ്റ്റേഡിയത്തില്‍ ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കും. ഇന്ത്യയില്‍ നിന്ന് വരുന്ന 35 അംഗ സംഘത്തിന്‍െറ കലാപരിപാടികളും അരങ്ങേറും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്. www.namoindubai.ae വെബ്സൈറ്റില്‍ തിങ്കളാഴ്ച രാത്രി മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമുണ്ടാകില്ല. കാമറ, വീഡിയോ കാമറ, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുവരാന്‍ പാടില്ല.
സ്റ്റേഡിയത്തില്‍ 25,000 പേര്‍ക്കിരിക്കാനാണ് നിലവില്‍ സൗകര്യമുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ ആര്‍ക്കും പ്രവേശം നല്‍കില്ല. മാധ്യമ കാമറകള്‍ക്കായും പ്രത്യേക സ്ഥലം മാറ്റിവെക്കും.അതോടെ സീറ്റുകളുടെ എണ്ണം 20,000 ആയി കുറയുമെങ്കിലും മൈതാനത്ത് 10,000 പേര്‍ക്ക് ഇരിക്കാന്‍ കസേര നിരത്താനാകുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ 30,000 പേര്‍ക്ക് ഇരിപ്പിടമാകും. സ്റ്റേഡിയത്തിന് പുറത്തുള്ളവര്‍ക്ക് പരിപാടി വീക്ഷിക്കാനായി കൂറ്റന്‍ സ്ക്രീനുകളൊരുക്കും. സ്റ്റേഡിയത്തില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്.
ദുബൈ പൊലീസില്‍ നിന്നുള്ള 300 സുരക്ഷാ ഭടന്മാരും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരുക്കുന്ന വളണ്ടിയര്‍മാരും ക്രമസമാധാന പാലനത്തിനായി രംഗത്തിറങ്ങുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.