ദുബൈയില്‍ വിസ ലഭിക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ദുബൈ: ദുബൈ സര്‍ക്കാര്‍ നടപ്പാക്കുന്ന നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടുഘട്ടം പൂര്‍ത്തിയായതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചു. 
നൂറിന് മുകളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ കമ്പനികളും വിസ ലഭിക്കാന്‍ ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. നൂറില്‍ താഴെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് 2016 ജൂണില്‍ മാത്രമേ നിയമം ബാധകമാകൂ. രണ്ടുഘട്ടം പൂര്‍ത്തിയായപ്പോള്‍ സ്വദേശികളും വിദേശികളുമടക്കം ദുബൈയില്‍ 27 ലക്ഷം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചതായി ഡി.എച്ച്.എ ഹെല്‍ത്ത് ഫണ്ടിങ് ഡയറക്ടര്‍ ഹൈദര്‍ അല്‍ യൂസുഫ് അറിയിച്ചു. 
നൂറിന് മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് വിസ ലഭിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന നിബന്ധന ആഗസ്റ്റ് ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നത്. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് ഹെല്‍ത്ത് അതോറിറ്റി ലക്ഷ്യമിട്ടത്. അവസാനഘട്ടം 2016 ജൂണില്‍ പൂര്‍ത്തിയാകും. 
പുതിയ വിസ എടുക്കുകയോ നിലവിലുള്ളത് പുതുക്കുകയോ ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ഇതില്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ സൗജന്യമായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. 
വിസക്ക് അപേക്ഷിക്കാനായി താമസ-കുടിയേറ്റ വകുപ്പ് ഓഫിസിലത്തെുമ്പോള്‍ മറ്റ് രേഖകള്‍ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കണം. ഓണ്‍ലൈനായി അപേക്ഷിക്കുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. 
കമ്പനികളാണ് വിസക്ക് അപേക്ഷിക്കുന്നതെന്നതിനാല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ ബാധ്യതയാണ്. വിസ പുതുക്കുന്ന സമയത്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ളെങ്കില്‍ കമ്പനികള്‍ പിഴയടക്കേണ്ടിവരും. സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്‍െറ വിശദാംശങ്ങള്‍ പിന്നീട് മാത്രമേ പ്രഖ്യാപിക്കൂവെന്ന് ഹൈദര്‍ അല്‍ യൂസുഫ് പറഞ്ഞു. 
2014ലാണ് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റി തുടക്കം കുറിച്ചത്. ആദ്യഘട്ടം തുടങ്ങുമ്പോള്‍ കേവലം 10 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിരുന്നത്. 
രണ്ടാംഘട്ടം അവസാനിക്കുമ്പോള്‍ ഇത് 27 ലക്ഷത്തില്‍ എത്തിയിരിക്കുകയാണ്. 2016 ജൂണില്‍ മുഴുവന്‍ ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ 32 ലക്ഷം ദുബൈ നിവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്. 
3000 കമ്പനികളിലെ ആറുലക്ഷം തൊഴിലാളികളും ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ വരും. മൂന്നാംഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. എന്നാല്‍ കുടുംബാംഗങ്ങളുടെയും വീട്ടുജോലിക്കാരുടെയും പ്രീമിയം തുക സ്പോണ്‍സര്‍ ചെയ്യുന്നവര്‍ വഹിക്കേണ്ടിവരും.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.