അപകടത്തില്‍ മരിച്ച മലയാളി യുവാവിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ യു.എ.ഇ സുപ്രീംകോടതി വിധി

ദുബൈ: യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതിയുടെ വിധി വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി യുവാവിന്‍െറ കുടുംബത്തിന് അനുഗ്രഹമായി. താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച ഗുരുവായൂര്‍ സ്വദേശി ഷിനോജ് ശ്രീധരന്‍െറ(36) കുടുംബത്തിന് അനുകൂലമായാണ് വിധി. മൂന്നു ലക്ഷം ദിര്‍ഹം (ഏകദേശം 51 ലക്ഷം രൂപ) ആണ് കുടുംബത്തിന് ലഭിക്കുക. ഇലക്ട്രിക്കല്‍ ടെക്നീഷ്യനായിരുന്ന ഷിനോജ് അബൂദബിയിലെ മദീനത്ത് സായിദ് ആശുപത്രിയില്‍  2012 ജനുവരി 31നാണ് മരിച്ചത്. തുടര്‍ന്ന് അബൂദബി ട്രാഫിക് കോടതി ദിയാ ധനമായി രണ്ടുലക്ഷം ദിര്‍ഹം വിധിച്ചുവെങ്കിലും തുക കോടതിയില്‍ കെട്ടിവെക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയാറായില്ല. 
തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ദിയാ ധനം കൂടാതെ കൂടുതല്‍ നഷ്ടപരിഹാരമായി രണ്ടുലക്ഷം ദിര്‍ഹവും ഉള്‍പ്പെടെ നാലുലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി ദുബൈയിലെ അല്‍ക്കബ്ബാന്‍ അസോസിയേഷന്‍സ് മഖേന അബൂദബി സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ നഷ്ട പരിഹാരമോ  ദിയാധനമോ ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കാന്‍ മരണപ്പെട്ടയാള്‍ക്ക് നിയമപരമായ അവകാശം ഇല്ല എന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ  വാദം സ്വീകരിച്ച്് കോടതി കേസ് തള്ളി. 
ഈ കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ ബോധിച്ചപ്പിച്ചത് താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനം അപകടത്തില്‍പ്പെട്ടാണ് ഷിനോജ് മരിച്ചതെന്നും അതേ കമ്പനിയുടെ ഡ്രൈവറാണ് അപകടത്തിന് കാരണക്കാരന്‍ എന്നും വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും തേര്‍ഡ് പാര്‍ട്ടിയുടെ നിര്‍വചനത്തില്‍ അതേ കമ്പനിയുടെ തൊഴിലാളി വരില്ലായെന്നുമാണ്. മരിച്ചയാള്‍ തേര്‍ഡ് പാര്‍ട്ടി അല്ലാതെ വരുമ്പോള്‍ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനും അവകാശമില്ല. കോടതി ഈ വാദം ശരിവെച്ചുകൊണ്ടാണ് കേസ് തള്ളിയത്. 
 എന്നാല്‍  ഈ രണ്ട് കോടതികളും പുറപ്പെടുവിച്ച വിധിയുടെ നിയമപരമായ സാദ്ധ്യതകളെ ചോദ്യം ചെയ്തുകൊണ്ട് വീണ്ടും അഭിഭാഷകന്‍ അബൂദബി ഫെഡറല്‍ സുപ്രീം കോടതിയെ സമീപിച്ചു. കമ്പനിയുടെ തൊഴിലാളിയായി പോയതുകൊണ്ട് തേര്‍ഡ ്പാര്‍ട്ടിയുടെ പരിധിയില്‍ വരില്ല എന്ന ഇന്‍ഷുറന്‍സ് നിയമങ്ങളിലെ പ്രധാന വകുപ്പുകളും സിവില്‍ കരാറുകളുള്ള പ്രധാന സവിശേഷതകളും അതിലൂടെ ലഭിക്കുന്ന അവകാശങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ട് ശക്തമായി എതിര്‍ത്തത് സുപ്രീം കോടതിക്ക് ബോധ്യപ്പെടുകയും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സിന്‍െറ പരിധിയില്‍ കമ്പനിയിലെ തൊഴിലാളി ഉള്‍പ്പെടുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല  കേസ് വീണ്ടും പരിഗണിച്ച് നഷ്ടപരിഹാരത്തുക നിശ്ചയിച്ച്  ഉത്തരവുണ്ടാക്കാന്‍ അപ്പീല്‍ കോടതിക്ക് സുപ്രീം കോടതി ഫയല്‍ മടക്കി അയച്ചു. തുടര്‍ന്ന് അപ്പീല്‍ കോടതി വീണ്ടും തെളിവെടുത്ത് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. 
ഷിനോജ് ശ്രീധരന്‍െറ അവകാശികള്‍ക്ക് സുപ്രീം കോടതിവിധി വലിയ ആശ്വാസമായി മാറുന്നതോടൊപ്പം ഇനി ഇതേ സാഹചര്യത്തിലുള്ള കേസുകളില്‍ ഈ വിധിന്യായം ഉപയോപ്പെടുത്താന്‍ കഴിയുമെന്നും നിയമപോരാട്ടത്തിന് ചുക്കാന്‍പിടിച്ച അഡ്വ. ഷംസുദ്ദീന്‍ കരുനാഗപള്ളി അറിയിച്ചു. നഷ്ട പരിഹാര തുക  എത്രയും വേഗം കുടുംബത്തിന് കൈമാറാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.