ഈ വർഷം ദുബൈയിൽ 20 റോഡപകടങ്ങൾ; നാലുമരണം

ദുബൈ: 2020 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ദുബൈയിൽ റോഡപകടങ്ങൾ ഗണ്യമായി കുറഞ്ഞതായി ദുബൈ പൊലീസ്. ഇതുവരെ ആകെ 20 അപകടങ്ങളാണ് ദുബൈയിലെ റോഡുകളിൽ സംഭവിച്ചത്. അപകടങ്ങളിൽ നാലുപേരാണ് മരിച്ചത്​. 10 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റോഡ് അപകടങ്ങൾ കുറഞ്ഞതായും പൊലീസ് അറിയിച്ചു. 2019ൽ 26 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമിതവേഗമാണ് അപകടങ്ങൾക്ക്​ വഴിയൊരുക്കുന്നതെന്നും ജീവൻ കവരുന്ന ഓട്ടപ്പാച്ചിലിന് അറുതി വരുത്തുകയാണ് ലക്ഷ്യമെന്നും ദുബൈ െപാലീസ് ചൂണ്ടിക്കാട്ടി.

റോഡിനെ കുരുതിക്കളമാക്കുന്ന അമിതവേഗത്തിന് മൂക്കുകയറിടാൻ ഒരുമാസം നീളുന്ന ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡി‍യർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. 'വേഗത നിങ്ങളെ കൊലയാളിയാക്കാൻ അനുവദിക്കരുത്' എന്ന പേരിൽ തുടക്കംകുറിക്കുന്ന കാമ്പയിനിലൂടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ഉപേക്ഷിക്കാൻ ജനങ്ങളെയും യാത്രക്കാരെയും ബോധവത്കരിക്കും. റോഡപകട മരണം കുറക്കാനും ട്രാഫിക് നിയമലംഘനങ്ങൾ എങ്ങനെ സംഭവിക്കുന്നുവെന്നതിൽ പൊതുജന അവബോധം ഉയർത്താനും കാമ്പയിൻ പരിശ്രമിക്കും.

പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കമ്യൂണിറ്റി പൊലീസിങ്​ ഫലപ്രദമായി ഉപയോഗിച്ചും ടാക്‌സി ഡ്രൈവർമാർ, പ്രാദേശിക ബിസിനസുകാർ, റോഡ് പട്രോളിങ്ങിൽ ജോലി ചെയ്യുന്നവർ എന്നിവരുൾപ്പെടെ റോഡുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്നും ബ്രിഗേഡിയർ അൽ മസ്രൂയി പറഞ്ഞു.കോവിഡ്​ പ്രതിരോധ മുൻകരുതൽ പാലിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് വിദൂര ബോധവത്​കരണ സെഷനുകൾ സംഘടിപ്പിക്കുന്നത്. കൂടാതെ, വിവിധ സോഷ്യൽ മീഡിയ ചാനലുകൾ, ഓഡിയോ-വിഷ്വൽ ബ്രോഡ്കാസ്​റ്റിങ്​ മീഡിയ, ഇ-മെയിലുകൾ, പരസ്യബോർഡുകൾ, മറ്റ് ആശയവിനിമയ മാർഗങ്ങൾ എന്നിവയിലൂടെ വാഹന സുരക്ഷയിൽ വാഹനമോടിക്കുന്നവരെ ബോധവാന്മാരാക്കാനും കാമ്പയിൻ ശ്രദ്ധിക്കുമെന്നും ദുബൈ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.