ഷാർജ: മൂന്നാം നിലയിലെ ഗോവണിയുടെ ജനാലയിലൂടെ താഴേക്ക് വീണ് രണ്ടു വയസ്സുള്ള പാകിസ്ഥാനി ബാലന് ദാരുണാന്ത്യം. കുട്ടി താമസിക്കുന്ന ഷാർജയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ, ഏകദേശം 10 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് അയൽപക്ക പെൺകുട്ടികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നുവെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
കുഞ്ഞിനെ ജനാലക്കരികിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടികൾ ഉൾപ്പെട്ട ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.മുഹമ്മദ് അർഷ്മാൻ എന്ന ബാലനാണ് മരണപ്പെട്ടത്. 20 വർഷമായി നിർമാണത്തൊഴിലാളിയായി യു.എ.ഇയിൽ ജോലി ചെയ്യുന്ന സജ്ജാദ് ഹുസൈന്‍റെ മകനാണ് അർഷ്മാൻ.
ദുരന്തം നടന്ന കെട്ടിടം സന്ദർശിച്ച ഗൾഫ് ന്യൂസ്, സംഭവത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങൾ പതിഞ്ഞ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കുടുംബം താമസിക്കുന്ന അപാർട്ട്‌മെന്‍റിന് പുറത്തുള്ള ഇടനാഴിയിൽ രണ്ട് പെൺകുട്ടികൾ കുഞ്ഞുമൊത്ത് കളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇതിന് തൊട്ടുപിന്നാലെയാണ് കുട്ടി ഗോവണിയുടെ ജനാലയ്ക്കരികിലെ തുറന്ന ഭാഗത്തുനിന്ന് താഴേക്ക് വീണത്. അർഷ്മാന്‍റെ മാതാവ് കുഞ്ഞിനരികിൽനിന്ന് ഒരു മിനിറ്റിലേക്ക് വീടിനുള്ളിലേക്ക് കയറിയപ്പോഴാണ് ദുരന്തമുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു.
പെൺകുട്ടികളിൽ ഒരാൾ ഗോവണിയുടെ വാതിൽ തുറന്ന് കുഞ്ഞിനെ ഉള്ളിലേക്ക് വിളിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. രണ്ടാമത്തെ പെൺകുട്ടി ഈ സമയം ഗോവണിയുടെ ഭാഗത്ത് ഉണ്ടായിരുന്നു. കുട്ടി ഉള്ളിലേക്ക് കയറിയ ഉടൻ തന്നെ ആദ്യത്തെ പെൺകുട്ടി വാതിൽ അടച്ചു.
പിന്നീട് അവൾ കൈകൊണ്ട് ചെവി പൊത്തിപ്പിടിച്ച് വേഗത്തിൽ ഓടിപ്പോകുന്നതും കാണാം. തൊട്ടുപിന്നാലെ രണ്ടാമത്തെ പെൺകുട്ടിയും അവിടെനിന്ന് പുറത്തേക്ക് വരുന്നു. കൈകൾ കുടഞ്ഞ് ഭാവവ്യത്യാസമൊന്നുമില്ലാതെ ആ കുട്ടി ശാന്തമായി നടന്നുപോകുകയും ചെയ്യുന്നുണ്ട്.
സംഭവം ഷാർജ പോലീസ് സ്ഥിരീകരിച്ചു.. തുടർനടപടികൾക്കും ചോദ്യം ചെയ്യലിനുമായി കേസ് ശിശുസംരക്ഷണ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ യഥാർഥ കാരണവും ഉദ്ദേശ്യവും വ്യക്തമല്ലെന്നും കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മുഹമ്മദ് അർഷ്മാൻ ജനിച്ചതെന്നും അവൻ തങ്ങളുടെ ജീവനായിരുന്നുവെന്നും പിതാവ് സജ്ജാദ് ഹുസൈൻ കണ്ണീരോടെ പറയുന്നു. ഈ ദമ്പതികൾക്ക് രണ്ട് മാസം പ്രായമുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങൾ താൻ കണ്ട് വിറങ്ങലിച്ചുപോയെന്നാണ് സജ്ജാദ് ‘ഗൾഫ് ന്യൂസി’നോട് പറഞ്ഞത്. ‘സി.സി.ടി.വിയിൽ കണ്ട കാര്യങ്ങൾ വിവരിക്കാൻ കഴിയില്ല. ഒരു പെൺകുട്ടി വാതിലിനടുത്ത് നിന്നു.
മറ്റേ കുട്ടി മാതാവ് കുഞ്ഞിനെ വിളിക്കുന്നത് പോലെ എന്‍റെ മകനെ കൈകാട്ടി അരികിലേക്ക് വിളിച്ചു. മകൻ അവരെ വിശ്വസിച്ച് അങ്ങോട്ട് ഓടിച്ചെന്നു. ഒരു പെൺകുട്ടി വാതിൽ അമർത്തി അടച്ചുപിടിച്ചപ്പോൾ മറ്റേ കുട്ടി ഗോവണിയുടെ ജനാലയ്ക്കരികിൽ വെച്ച് അവനെ പിടികൂടി’ - പിതാവ് പറഞ്ഞു.
മൂന്നാം നിലയിലെ ഗോവണിയുടെ ജനാലക്കരികിലെ തുറന്ന ഭാഗത്തുനിന്ന് കുട്ടിയെ താഴേക്ക് ഇടുകയായിരുന്നുവെന്നാണ് പിതാവിന്‍റെ ആരോപണം. ഏതാണ്ട് 14 മീറ്റർ ഉയരത്തിൽ നിന്നാണ് കുട്ടി നിലത്തേക്ക് വീണത്. ‘നിമിഷങ്ങൾക്കകമാണ് എല്ലാം സംഭവിച്ചത്. ആ കാഴ്ച ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’ -സജ്ജാദ് പറഞ്ഞു.
കെട്ടിടത്തിനുള്ളിൽനിന്ന് വലിയ നിലവിളി കേട്ടാണ് താൻ ഓടിയെത്തിയത് എന്ന് വാച്ച്മാൻ പറഞ്ഞു. ‘ലിഫ്റ്റിന് സമീപം ആരെങ്കിലും വഴക്കിടുകയാണെന്നാണ് ആദ്യം കരുതിയത്. ഓരോ നിലയായി പരിശോധിച്ചു. ഒടുവിൽ താഴത്തെ നിലയിൽ എത്തിയപ്പോഴാണ് കുട്ടിയുടെ അമ്മ സഹായത്തിനായി നിലവിളിക്കുന്നത് കണ്ടത്. ഉടൻ തന്നെ അടിയന്തര വിഭാഗത്തെ വിവരമറിയിച്ചു.
പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ കണ്ടത് ഒരിക്കലും ഊഹിക്കാൻ പോലും പറ്റാത്ത കാര്യങ്ങളാണ്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചതായും വാച്ച്മാൻ ‘ഗൾഫ് ന്യൂസി’നോട് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരും സി.ഐ.ഡി അന്വേഷണസംഘവും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് മണിക്കൂറുകളോളം ചിലവഴിച്ച് തെളിവുകൾ ശേഖരിച്ചു. വിവിധ കാമറകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. സംഭവത്തിന് ശേഷവും പെൺകുട്ടികൾ തികച്ചും ശാന്തരായിരുന്നുവെന്ന് കെട്ടിടത്തിലെ താമസക്കാർ പറഞ്ഞു. ഒന്നും സംഭവിക്കാത്തതുപോലെ അവർ സാധാരണ രീതിയിൽ അവിടെ ഓടിനടക്കുന്നുണ്ടായിരുന്നു.
മകന്‍റെ വിയോഗത്തോടെ മാനസികമായി തകർന്ന സജ്ജാദ് കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് മടങ്ങി. രണ്ടോ മാസത്തിനുള്ളിൽ യു.എ.ഇയിലേക്ക് തിരികെ വരുമെന്ന് അദ്ദേഹം പറഞ്ഞു.
‘എനിക്ക് വാക്കുകളില്ല. ആ വീഡിയോ ഓർക്കുമ്പോഴൊക്കെ ഞാൻ തകർന്നുപോകുകയാണ്’ -ഹുസൈൻ പറഞ്ഞു. മാതാപിതാക്കൾ എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണമെന്നും കുട്ടികളുടെ കാര്യത്തിൽ നിരന്തര ശ്രദ്ധ അത്യാവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേവലം ഒരു മിനിറ്റിൽ താഴെ സമയം കൊണ്ടാണ് ഞങ്ങളുടെ ജീവിതം തകിടം മറിഞ്ഞത്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഒരിക്കലും മറ്റുള്ളവരെ പൂർണമായി വിശ്വസിക്കരുത്’- സജ്ജാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.