പത്ത് ദിനങ്ങൾക്കപ്പുറം എക്സ്പോ 2020ക്ക് കൊടിയിറക്കം. മഹാമാരിയുടെ ആശങ്കകളെ വകഞ്ഞുമാറ്റിയെത്തിയ മഹാമേള യു.എ.ഇക്കും ലോകത്തിനും അതിജീവന കഥകൾ പറഞ്ഞുകൊടുത്താണ് അവസാനിക്കുന്നത്. ഗൾഫിന്റെ സാമ്പത്തിക, വാണിജ്യ, വ്യവസായ, സാംസ്കാരിക, കലാകായിക, വിദ്യാഭ്യാസ, നയതന്ത്ര മേഖലകളെ ഇളക്കിമറിച്ചാണ് എക്സപോക്ക് തിരശീല വീഴുന്നത്. കോവിഡിനെ തുടർന്ന് ഒരുവർഷം വൈകിയെങ്കിലും 'ലേറ്റായ് വന്താലും ലേറ്റസ്റ്റായ് വരുവേൻ' എന്ന് കാണിച്ചുകൊടുത്തായിരുന്നു മഹാമേളയുടെ മാസ് എൻട്രി. ആശങ്കകളെ ചവിട്ടിപുറത്താക്കി ആഘോഷങ്ങളെ സ്വീകരിച്ചായിരുന്നു എക്സ്പോയുടെ പ്രയാണം. കണ്ടവർ വീണ്ടും വീണ്ടും മഹാനഗരിയിലേക്ക് ഒഴുകിയെത്തിയപ്പോൾ സന്ദർശകരുടെ എണ്ണം രണ്ട് കോടിയിലേക്കെത്തി. ലക്ഷ്യം സെറ്റ് ചെയ്ത് വെക്കുന്ന യു.എ.ഇ നേതാക്കളുടെ വൈഭവം ഇവിടെയും കാണാം.
രണ്ട് കോടി സന്ദർശകരെയാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞായിരുന്നു എക്സ്പോ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലെ ഒഴുക്ക് അടുത്ത ദിവസങ്ങളിൽ ഇരട്ടിക്കുന്നതോടെ രണ്ടര കോടിയിലേക്ക് ഉയർന്നാലും അത്ഭുതപ്പെടേണ്ടതില്ല. യു.എ.ഇയുടെ ജനസംഖ്യ ഒരു കോടി മാത്രമാണെന്നറിയുന്നിടത്താണ് ഈ കണക്കുകളിലെ അത്ഭുതം ഒളിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഡിസ്ട്രിക് 2020 എന്ന നഗരമായി മാറാൻ ഒരുങ്ങുകയാണ് എക്സ്പോ വേദി. യഥാർഥത്തിൽ എക്സ്പോക്ക് തിരശീല വീഴുകയല്ല, പുതിയൊരു ചരിത്രത്തിന് കർട്ടൻ ഉയരുകയാണ്.
സാമ്പത്തികം
ഗൾഫിന്റെ വാണിജ്യ, വ്യവസായ മേഖലയിൽ ചെറുതല്ലാത്ത ഉണർവ് പകർന്നാണ് എക്സ്പോ അവസാനിക്കുന്നത്. പ്രത്യക്ഷമായി എക്സ്പോയിൽ കച്ചവടമൊന്നും നടക്കുന്നില്ലെങ്കിലും പരോക്ഷമായി സാമ്പത്തിക മേഖലക്ക് നൽകിയ പിന്തുണ ചെറുതല്ല. മഹാമാരിക്കാലത്ത് രണ്ട് കോടിസന്ദർശകരെ മാർക്കറ്റിലിറക്കി എന്നത് തന്നെയാണ് ഏറ്റവും വലിയ വിജയം. യു.എ.ഇയിലെ ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണത്തിൽ ആറ് മാസത്തിനിടെയുണ്ടായ വർധനവ് നോക്കിയാൽ ഇത് വ്യക്തം. ടാക്സികൾ കിട്ടാനില്ലാത്ത അവസ്ഥയെ തുടർന്ന് കൂടുതൽ ടാക്സികൾ പുറത്തിറക്കി. മെട്രോയിൽ കാലുകുത്താൻ കഴിയാത്ത രീതിയിൽ തിരക്കേറി. വിവിധ രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര വാണിജ്യ കരാറുകൾക്കും എക്സപോ വേദിയൊരുക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷ്യ വിഭവങ്ങളും എക്സ്പോയിലെത്തി. ടൂറിസം മേഖലയിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയതിന് പിന്നിൽ എക്സ്പോയുടെ കരങ്ങളുണ്ട് എന്നത് നിസ്തർക്കമായ കാര്യമാണ്.
സാംസ്കാരികം
എത്രയെത്ര കലാ, സാംസ്കാരിക, സംഗീത മേളകൾക്കാണ് എക്സ്പോ വേദിയൊരുക്കിയത്. തുടക്കം മുതൽ ഒടുക്കം വരെ ജൂബിലി പാർക്കും അൽവസ്ൽ ഡോമും വിശ്രമിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള ജ്യോൽസ്ന മുതൽ സമി യൂസുഫും റാഹത്ത് ഫത്തേഹ് അലി ഖാൻ വരെയുള്ള ചെറുതും വലുതുമായ സംഗീതജ്ഞർ എക്സ്പോയുടെ മനംകവർന്നു. ഇവരെ കേൾക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒഴുകിയെത്തി. തിരക്ക് മൂലം പരിപാടിയുടെ മണിക്കൂറുകൾക്ക് മുൻപേ ജൂബിലി പാർക്കും അൽവസ്ൽ ഡോമുമെല്ലാം അടക്കേണ്ടി വന്നു. വിവിധ രാജ്യങ്ങളുടെ സാംസ്കാരിക പരിപാടികൾ എക്സ്പോയിലെ തെരുവുകളുടെ ഹരമായിരുന്നു. ആഫ്രിക്കൻ നൃത്തങ്ങളും അറേബ്യൻ അയ്യാലയും ബ്രസീലിന്റെ സാംബയുമെല്ലാം തെരുവുകളിൽ നിറഞ്ഞു നിന്നു. ഓരോ പവലിയനുകളും തങ്ങളുടെ രാജ്യങ്ങളുടെ സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു.
കോവിഡ്:
ഈ കാലത്ത് ഇങ്ങനെയൊരു പരിപാടി വിജയിക്കുമോ എന്ന് പലരും സംശയിച്ചിരുന്നു. വിമാന വാതിലുകൾ അടഞ്ഞുകിടന്നകാലത്ത് 192 രാജ്യങ്ങളുടെ സംഗമം ഒരുക്കുക എന്നത് അസാധ്യം എന്ന് തന്നെ വിളിക്കേണ്ടി വരും. എന്നാൽ, അസാധ്യം എന്നൊരു വാക്ക് നിഘണ്ടുവിലുണ്ടാവരുത് എന്ന് ഇടക്കിടെ ഓർമിപ്പിക്കുന്ന നേതാക്കൾ ഭരിക്കുന്ന രാജ്യത്ത് കോവിഡിന് പുല്ലുവിലയാണ്. നിയന്ത്രണങ്ങളോടെയായിരുന്നു എക്സ്പോയുടെ തുടക്കം. പിന്നീട് കണ്ടത് പടിപടിയായി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. ഇതിനിടയിൽ ഇടിത്തീയായി ഒമിക്രോൺ എത്തി.
പൂർണമായും തുറക്കാൻ പോകുന്നു എന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു ഒമിക്രോണിന്റെ വരവ്. വകഭേതം യു.എ.ഇയിലും എത്തിയിട്ടുണ്ട് എന്ന മുന്നറിയിപ്പ് നൽകിയ അധികൃതർ ചെറിയ നിയന്ത്രണങ്ങൾ മാത്രം ഏർപെടുത്തി ബുദ്ധിപൂർവം അതിനെ മറികടന്നു. ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെതുടർന്ന് ചില പവലിയനുകൾ താൽകാലികമായി ഭാഗീകമായി അടച്ചു. മാസ്ക് ധരിക്കാൻ ഓർമിപ്പിച്ച് വളന്റിയർമാർ ഓടിനടന്നു. ഒടുവിൽ, മാസ്ക് പോലും ഒഴിവാക്കിയാണ് എക്സ്പാ കൊടിയിറങ്ങുന്നത് എന്നത് ഈ മേളയുടെ വിജയത്തെ സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസം
എക്സ്പോയിൽ 27 ലക്ഷം കുട്ടികൾ എത്തി എന്നാണ് കണക്ക്. ലോകോത്തര വിദ്യാഭ്യാസ മേളകളാണ് ഇത്രയേറെ കുട്ടികളെ എക്സ്പോയിലേക്ക് എത്തിച്ചത്. യു.എ.ഇയിലെ ഒട്ടുമിക്ക സ്കൂകളുകളെങ്കിലും ഒരുതവണയെങ്കിലും തങ്ങളുടെ കുട്ടികളെ നഗരിയിലെത്തിച്ചു. അവർക്ക് കാണാനും പഠിക്കാനും അനുഭവിച്ചറിയാനും ഇവിടെ ഏറെയുണ്ടായിരുന്നു. മൊബിലിറ്റി, സസ്റ്റൈനിബിലിറ്റി, ഓപർച്യൂനിറ്റി പവലിയനുകൾ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പകർന്നു നൽകുന്ന അറിവുകൾ ചെറുതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദർ ക്ലാസുകൾ നയിക്കാനെത്തി. അധ്യാപകർക്കായുള്ള പ്രത്യേക പരിശീലന കളരിയും അരങ്ങേറി. ലോകവിദ്യാഭ്യാസ മേളക്കും എക്സ്പോ സാക്ഷ്യം വഹിച്ചു. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയാണ് എക്സ്പോ വിദ്യാർഥികളെ ക്ഷണിച്ചത്. വിദ്യാഭ്യാസത്തിനൊപ്പം വിനോദവും സമ്മേളിച്ചപ്പോൾ മഹാനഗരിയിലേക്ക് കുട്ടികൾ സന്തോഷത്തോടെ ഒഴുകിയെത്തി.
കായികം
കായിക മേഖലക്ക് ഏറ്റവുമധികം പ്രാധാന്യം നൽകിയ എക്സ്പോയാണ് കടന്നുപോകുന്നത്. കളിക്കാൻ മാത്രമല്ല, കളി പഠിപ്പിച്ചും കളിക്കാരെ എത്തിച്ചും എക്സ്പോ കായികലോകത്തെ മേളയിലേക്ക് ക്ഷണിച്ചു. ലോകഫുട്ബാളിലെ ഏറ്റവും വലിയ വമ്പൻമാരായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കെയ്ലൻ എംബാപ്പെ, ലവൻഡോവ്സ്കി എന്നിവർ എത്തി എന്ന് പറയുമ്പോൾ തന്നെ കായിക ലോകത്തിന് എക്സ്പോ നൽകിയ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലക്കാം. ഇതിഹാസ താരം ഉസൈൻ ബോൾട്ടാണ് എക്സ്പോ റൺ നയിച്ചത്. ഏറ്റവുമൊടുവിൽ ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടണും ഇവിടെയെത്തി. ഐ.പി.എൽ, ലോകകപ്പ് മത്സരങ്ങൾക്കെത്തിയ ക്രിക്കറ്റ് താരങ്ങളും എക്സ്പോ സന്ദർശിച്ചു.
ക്ലബ് ലോകകപ്പ് ട്രോഫി പ്രദർശനത്തിനെത്തി. ചെസ് ലോക ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരിന് എക്സ്പോ സാക്ഷ്യം വഹിച്ചു. ലോകോത്തര താരങ്ങളായ മാഗ്നസ് കാൾസണും ഇയാൻ നിപ്പോനിയാച്ചിയും ഫൈനലിൽ ഏറ്റുമുട്ടി. യു.എ.ഇ വേൾഡ് ടൂറിന്റെ ദുബൈ മേഖല പോരാട്ടം തുടങ്ങിയതും അവസാനിച്ചതും എക്സ്പോയിലാണ്. എക്സ്പോ റണിന്റെ രണ്ട് റൗണ്ടുകൾ പൂർത്തിയാക്കി. ഫൈനൽ 27ന് നടക്കും. കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ക്രിക്കറ്റ്, ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ, വോളിബാൾ, ടെന്നിസ്, ബാഡ്മിന്റൺ തുടങ്ങി എല്ലാ മത്സരങ്ങളും സൗജന്യമായി കളിക്കാൻ വേദിയൊരുക്കി.
നയതന്ത്രം
ലോകനേതാക്കളെയെല്ലാം ഒരുകുടക്കീഴിൽ എത്തിച്ചു എന്നതാണ് എക്സ്പോയുടെ ഏറ്റവും വലിയ നയതന്ത്ര വിജയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും കിരീടാവകാശികളും എക്സ്പോയിലെത്തി. യു.എ.ഇ ഭരണാധികാരികളുമായി ഇവിടെ കൂടിക്കാഴ്ച നടത്തി. ഇതുവഴി നയതന്ത്ര ബന്ധം ഊഷ്മളമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുതൽ വില്യം രാജകുമാരൻ വരെയുള്ള നീണ്ട നിര എക്സ്പോ സന്ദർശിച്ചു. കേരളത്തിൽ നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെ സ്വീകരിച്ചത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ ചേർന്നാണ്. യു.എ.ഇ മന്ത്രിസഭ പലതവണ ചേർന്നത് എക്സ്പോയിലെ യു.എ.ഇ പവലിയനിലായിരുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലൂം ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും എക്സ്പോ സന്ദർശിച്ചു. ലോകപൊലീസ് ഉച്ചകോടിക്കും സാക്ഷ്യം വഹിച്ചു. മാർച്ച് 31ന് ലോക ഗവൺമെന്റ് ഉച്ചകോടിയോടെയായിരിക്കും മഹാമേളക്ക് കൊടിയിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.