വനിതകളുടെ രാത്രി ജോലി  മൂന്ന് മേഖലയില്‍ മാത്രം: തൊഴില്‍ മന്ത്രാലയം

റിയാദ്: വനിതകള്‍ രാത്രി ജോലി ചെയ്യുന്നത് മൂന്ന് തൊഴില്‍ മേഖലയില്‍ പരിമിതപ്പെടുത്തി തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കി. രാത്രി 11 മുതല്‍ രാവിലെ ആറ് വരെ സമയമാണ് രാത്രി ജോലിയായി പരിഗണിക്കുക.   ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍ എന്നിവയാണ് വനിതകളുടെ രാത്രി ജോലി ആവശ്യമായി വരുന്ന മുഖ്യമേഖല. വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും രാത്രി ജോലി ആവശ്യമായി വന്നേക്കുമെന്ന് തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. കുട്ടികളുടെ അഭയകേന്ദ്രം പോലുള്ള തൊഴില്‍ മേഖലയാണ് മൂന്നാമത്തേത്.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറി​​െൻറ അടിസ്ഥാനത്തിലായിരിക്കണം രാത്രി ജോലി. കരാറില്‍ ജോലിസമയം വ്യക്തമാക്കിയിരിക്കണം. എന്നാല്‍ നഗരത്തിന് പുറത്തുള്ള വിജനമായ പ്രദേശത്ത് ഇത്തരം ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കരുത്. രാത്രി ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വം, ഗതാഗത സൗകര്യം, തൊഴില്‍ സ്ഥാപനത്തിലെ വാച്ച്മാ​​െൻറ സാന്നിധ്യം എന്നിവ തൊഴിലുടമ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം ഒരുക്കാത്ത സാഹചര്യത്തില്‍ പകരം ആനുകൂല്യം നല്‍കണം. രണ്ട് ഷിഫ്റ്റായി ജോലി ചെയ്യുന്ന വനിതകള്‍ക്ക് അതിനുള്ള വാഹന സൗകര്യമോ ആനുകൂല്യമോ തൊഴിലുടമ നല്‍കണം. തൊഴില്‍ സമയം ആനുകൂല്യങ്ങള്‍ എന്നിവയില്‍ സൗദി തൊഴില്‍ നിയമത്തിലെ 98ാം അനുഛേദം പാലിക്കണമെന്നും മന്ത്രാലയം ഉണര്‍ത്തി.

Tags:    
News Summary - women working on night shift-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.