ജുബൈൽ ഫനാതീർ ബീച്ചിൽ പാറിക്കളിക്കുന്ന ദേശാടനപ്പക്ഷികൾ
ജുബൈൽ: ശൈത്യകാലം കനത്തതോടെ ജുബൈൽ ഫനാതീർ ബീച്ചിലേക്ക് ആയിരക്കണക്കിന് ദേശാടനപ്പക്ഷികൾ വിരുന്നെത്തി. യൂറേഷ്യൻ മേഖലകളിൽ നിന്നുള്ള സ്ലെണ്ടർ ബിൽഡ് ഗൾ (Slender-billed Gull), ബ്ലാക്ക് ഹെഡഡ് ഗൾ (Black-headed Gull) തുടങ്ങിയ കടൽപക്ഷികളാണ് പ്രധാനമായും തീരത്ത് താവളമുറപ്പിച്ചിരിക്കുന്നത്.
കടൽപരപ്പിൽ അണിനിരന്നും കൂട്ടമായി ആകാശത്തേക്ക് പറന്നുയർന്നും പക്ഷികൾ തീരത്ത് ഒരുക്കുന്ന കാഴ്ചകൾ സന്ദർശകർക്ക് ദൃശ്യവിരുന്നാവുകയാണ്. പാറക്കെട്ടുകളിൽ വിശ്രമിക്കുന്ന പ്രാവുകളും ഈ വിരുന്നുകാർക്കൊപ്പം ചേരുന്നതോടെ ഫനാതീർ ബീച്ച് പക്ഷിസങ്കേതത്തിന് സമാനമായി മാറിയിരിക്കുന്നു.
സൊക്കോത്ര നീർക്കാക്കകൾ
ഇത്തവണത്തെ പക്ഷിക്കൂട്ടത്തിൽ പ്രധാന ആകർഷണം വംശനാശഭീഷണി നേരിടുന്ന പട്ടികയിലുള്ള സൊക്കോത്ര നീർക്കാക്കകളാണ് (Socotra Cormorant). കറുത്ത ശരീരവും നീണ്ട കഴുത്തുമുള്ള ഇവ കൂട്ടമായി വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് മീൻ പിടിക്കുന്നതും തീരത്തിരുന്ന് ചിറകുകൾ വിടർത്തി വെയിലത്ത് ഉണക്കുന്നതും കൗതുക കാഴ്ചയാണ്. ലോകത്ത് ഈ വിഭാഗത്തിൽപ്പെട്ട പക്ഷികളിൽ ഭൂരിഭാഗവും അറേബ്യൻ ഗൾഫ് തീരങ്ങളിലാണ് അധിവസിക്കുന്നത്.
തുണയായി പരിസ്ഥിതി
ലോകത്തിലെ തന്നെ പ്രധാന പക്ഷി ദേശാടന പാതകളിലൊന്നിലാണ് ജുബൈൽ സ്ഥിതി ചെയ്യുന്നത്.
പക്ഷികൾക്ക് സുരക്ഷിതമായി വിശ്രമിക്കാനും ആഹാരം കണ്ടെത്താനുമുള്ള സാഹചര്യമാണ് ഇവിടെയുള്ളത്. റോയൽ കമീഷെൻറ നേതൃത്വത്തിൽ കടൽത്തീരവും പ്രകൃതിയും കൃത്യമായി സംരക്ഷിക്കപ്പെടുന്നത് വർഷാവർഷം എത്തുന്ന പക്ഷികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാക്കാൻ കാരണമാകുന്നുണ്ട്.
ജുബൈലിലെ കടൽ വിഭവങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സമ്പന്നതയെയാണ് ഈ പക്ഷിക്കൂട്ടങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്.
സഞ്ചാരികളുടെ തിരക്ക്
വൈകുന്നേരങ്ങളിൽ പക്ഷികളുടെ മനോഹര ദൃശ്യങ്ങൾ പകർത്തുന്നതിനായി ഫോട്ടോഗ്രാഫർമാരും കുടുംബങ്ങളും ഉൾപ്പെടെ വൻ ജനത്തിരക്കാണ് ബീച്ചിൽ അനുഭവപ്പെടുന്നത്. പ്രകൃതിസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആവേശം പകരുന്ന ഈ കാഴ്ച വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.