‘കോഴിക്കോടൻസ് റിയാദ്’ ഭാരവാഹികൾ റിയാദിൽ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ നിർമിച്ച ആദ്യ വീടിെൻറ താക്കോൽദാനം ഇന്ന് (ഫെബ്രുവരി 14, ശനി) നടക്കും. ഉച്ചയ്ക്ക് ഒന്നിന് വിലങ്ങാട് പുതുതായി നിർമിച്ച വീട്ടുപരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി.യുടെ സാന്നിധ്യത്തിൽ കോഴിക്കോടൻസ് പ്രതിനിധികൾ കുടുംബത്തിന് താക്കോൽ കൈമാറും.
ദുരന്തസമയത്ത് സർക്കാർ-സന്നദ്ധ സംഘടനകളുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാതിരുന്ന വിലങ്ങാട് മേഖലയ്ക്ക് മുൻഗണന നൽകിയാണ് കോഴിക്കോടൻസ് ഈ പുനരധിവാസ പദ്ധതി നടപ്പാക്കിയത്. ദുരന്തഭൂമിയിലേക്ക് സ്വന്തം പ്രതിനിധികളെ നേരിട്ടയച്ച് കൃത്യമായ പഠനം നടത്തിയ ശേഷമാണ് സംഘടന ഈ പദ്ധതിക്ക് രൂപം നൽകിയത്. വയനാട്ടിലും വിലങ്ങാടുമായി നിരവധി സഹായ പ്രഖ്യാപനങ്ങൾ പല ഭാഗത്തുനിന്നും ഉണ്ടായെങ്കിലും, ഏറ്റവും വേഗത്തിൽ ഒരു വീടിെൻറ നിർമാണം പൂർത്തിയാക്കി കൈമാറാൻ സാധിച്ചത് റിയാദിലെ പ്രവാസി സമൂഹത്തിന് വലിയ അഭിമാനമാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. നവാസ്, വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കെ.സി. ഷാജു, പുനരധിവാസ കമ്മിറ്റി കൺവീനർ റാഫി കൊയിലാണ്ടി, ഫൗണ്ടർ മെമ്പറും പദ്ധതി ഉപദേശക സമിതി അംഗവുമായ മുനീബ് പാഴൂർ, മുൻ ചീഫ് ഓർഗനൈസർമാരായ സഹീർ മുഹ്‌യുദ്ദീൻ, കബീർ നല്ലളം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.