റിയാദ്: മലബാറിലെ പ്രമുഖ റെയിൽവേ സ്റ്റേഷനായ കുറ്റിപ്പുറത്ത് വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കണമെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം യോഗം ആവശ്യപ്പെട്ടു. കോട്ടക്കൽ മണ്ഡലത്തിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ റെയിൽവേ യാത്രക്ക് ആശ്രയിക്കുന്നത് കുറ്റിപ്പുറം സ്റ്റേഷനാണ്. പ്രശസ്തമായ കാടാമ്പുഴ ക്ഷേത്രം, മൂന്നാക്കൽ ജുമാമസ്ജിദ്, കുറ്റിപ്പുറം എൻജിനീയറിങ് കോളജ്, വളാഞ്ചേരി മർകസ് എന്നിവയെല്ലാം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ദിനേന നൂറുകണക്കിന് യാത്രക്കാർ റെയിൽവേ യാത്രക്ക് ആശ്രയിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ആധുനികവത്കരിക്കണമെന്നും വന്ദേ ഭാരത് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ കെ.എം.സി.സി അംഗങ്ങൾക്കും നോർക്ക ഐ.ഡി കാർഡ് എടുക്കുന്നതിനും പ്രവാസി ക്ഷേമനിധിയിൽ അംഗമാവാനും ഒരു മാസം നീളുന്ന ഓൺലൈൻ കാമ്പയിൻ നടത്താൻ യോഗം തീരുമാനിച്ചു.
കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പ്രവർത്തകരുടെ ആരോഗ്യ പരിപാലനത്തിനും മാനസിക ഉല്ലാസത്തിനും ആവശ്യമായ സ്പോർട്സ് - ഗെയിംസ് സംഘടിപ്പിക്കുന്നതിനുവേണ്ടി മണ്ഡലം കെ.എം.സി.സിക്ക് കീഴിൽ സ്പോർട്സ് വിങ് യോഗത്തിൽ രൂപവത്കരിച്ചു. റിയാദ് വാദി ഹനീഫ തടാകത്തിന് സമീപം നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻറ് മൊയ്ദീൻ കുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മൊയ്ദീൻ കുട്ടി പൂവ്വാട് ഉദ്ഘാടനം ചെയ്തു. നൗഷാദ് കുറ്റിപ്പുറം, എൻ.കെ. ഇല്യാസ്, മജീദ് ബാവ, ഇസ്മാഈൽ പൊന്മള, മുഹമ്മദ് ദിലൈബ്, പി. മുഹമ്മദ് നിസാർ, മുഹമ്മദ് ഹാഷിം, അബ്ദുൽ ഗഫൂർ, യൂനുസ് അലി, മുഹമ്മദ് കല്ലിങ്ങൽ, ഫൈസൽ എടയൂർ, ഹുസൈൻ പാല തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു. ശുഐബ് മന്നാനി പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.