ആരോഗ്യ മന്ത്രാലയം യാംബു മേഖലയിൽ നടത്തുന്ന വാക്സിൻ ബോധവത്കരണ കാമ്പയിെൻറ ഭാഗമായ സംശയ നിവാരണ കേന്ദ്രം
യാംബു: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനും അവയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അകറ്റാനും ലക്ഷ്യംവെച്ച് ആരോഗ്യ മന്ത്രാലയം യാംബു തല പ്രചാരണ കാമ്പയിൻ ആരംഭിച്ചു. 'വാക്സിനേഷനെക്കുറിച്ച് എന്നോട് ചോദിക്കൂ' എന്ന തലക്കെട്ടിലാണ് പൊതുജനങ്ങളുടെ സംശയവും ആശങ്കയും തീർക്കാൻ കാമ്പയിൻ പരിപാടികൾ സംഘടിപ്പിക്കുന്നത്.
യാംബു ഗവർണറേറ്റിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിന് പ്രത്യേക ഹെൽപ് ഡെസ്ക്കും ഒരുക്കിയിട്ടുണ്ട്. വാക്സിനേഷൻ സെൻററുകൾ വഴി നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനം ത്വരിതപ്പെടുത്താനും വാക്സിനുകളെക്കുറിച്ച് അഭ്യൂഹങ്ങൾ ഇല്ലായ്മ ചെയ്യാനും കാമ്പയിൻ ലക്ഷ്യം വെക്കുന്നു. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിനേഷൻ നടത്തേണ്ടതിെൻറയും പുതുക്കിയ ആരോഗ്യ പ്രോട്ടോകോൾ പാലിക്കേണ്ടതിെൻറയും ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തലാണ് പ്രധാന പ്രവർത്തനം. കോവിഡ് പ്രതിരോധ മാർഗങ്ങളും ആരോഗ്യ സുരക്ഷ നടപടികളും സാധാരണക്കാരായ ജനങ്ങളെ ബോധ്യപ്പെടുത്താൻ ലഘുലേഖകൾ സൗജന്യമായി വിതരണം ചെയ്യാനും മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്.
കോവിഡ് വാക്സിൻ എടുക്കേണ്ടതിെൻറ പ്രാധാന്യം, രാജ്യത്ത് ലഭ്യമായ വാക്സിനുകളുടെ ഇനങ്ങൾ, വാക്സിൻ എടുക്കാൻ കഴിയുന്ന വിഭാഗങ്ങൾ, കുത്തിവെപ്പ് എടുക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാർശ്വഫലങ്ങൾ ഉണ്ടാകുന്നുവെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നിവയെ കുറിച്ച് അവബോധം നൽകാൻ പ്രധാന മെഡിക്കൽ സെൻററുകളിൽ പ്രത്യേകം സംശയ നിവാരണ കോർണർ ഒരുക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.