റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം നടത്തുന്ന ‘നിയമലംഘകരില്ലാത്ത രാജ്യം’ കാമ്പയിെൻറ ഭാഗമായ പരിശോധന രണ്ടാഴ്ച പിന്നിട്ടപ്പോൾ പിടിയിലായത് 1,32,647 വിദേശികൾ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നവംബർ 15ന് തുടങ്ങിയ തെരച്ചിലിലാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ശനിയാഴ്ച വരെ തൊഴിൽ, താമസ, അതിർത്തി നിയമങ്ങൾ ലംഘിച്ചവർ വലയിലായത്. ഇഖാമ നിയമലംഘകരാണ് ഇതിൽ ഭൂരിപക്ഷവും (75,918). അതിർത്തി നിയമം ലംഘിച്ചവരുടെ എണ്ണം 21,882 ആയി. 34,847പേരാണ് വിവിധ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ്. പിടിയിലായവരെ കുറിച്ചുള്ള വിശദമായ കണക്ക് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ടു. രാജ്യാതിർത്തിയിലൂടെ അനധികൃതമായി കടക്കുന്നതിനിടെ പിടിയിലായവരുടെ എണ്ണാം 1658 ആയി. ഇവരിൽ 79 ശതമാനവും യമൻ പൗരന്മാരാണ്. 20 ശതമാനം എത്യോപ്യക്കാരും ബാക്കി ഒരുശതമാനം വിവിധ രാജ്യക്കാരും. പിടിയിലായ ഉടൻ നാടുകടത്തിയത് 876 പേരെ.
നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ 34 പേരെ അനന്തര നടപടിക്ക് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അനധികൃതർക്ക് താമസ, ഗതാഗത സൗകര്യമൊരുക്കിയതിന് ഇതുവരെ 416 വിദേശികൾ പിടിയിലായി. ഇതേ കുറ്റം ചെയ്ത സൗദി പൗരന്മാരുടെ എണ്ണം 65 ആയി.
അറസ്റ്റിലായ ഇവരിൽ 21 പേരെ സാമ്പത്തിക പിഴ ചുമത്തി വിട്ടയച്ചു. ബാക്കിയുള്ളവരുടെ കാര്യത്തിൽ നടപടികൾ തുടരുന്നു. അന്വേണം പൂർത്തിയാക്കി ശിക്ഷാനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയ 14,015 വിദേശികളിൽ 12,630 പേർ പുരുഷന്മാരും 1,385 പേർ സ്ത്രീകളുമാണ്. ഇതിനകം 21,837 പേരെ നാടുകടത്തി.
നാടുകടത്തുന്നതിനുള്ള അന്തിമ നടപടികൾ കാത്തുകഴിയുന്നത് 14354. പാസ്പോർട്ടില്ലാത്ത 16,667 ആളുകളെ അതാത് എംബസികൾക്ക് കൈമാറി. നാടുകടത്താനുള്ള നിയമനടപടികളെല്ലാം പൂർത്തിയായി വിമാന ടിക്കറ്റ് മാത്രം ശരിയാകാൻ കാത്തുകഴിയുന്നവർ 15810. ‘നിയമലംഘകരില്ലാത്ത രാജ്യം’ കാമ്പയിെൻറ ഭാഗമായി പൊതുമാപ്പ് പ്രഖ്യാപിച്ചത് ഇൗ വർഷം മാർച്ച് 29നാണ്. ഏഴര മാസം നീണ്ട ഇളവുകാലത്തിന് ശേഷമാണ് നിയമലംഘകരെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങിയത്.
പൊതുമാപ്പ് കാലയളവിൽ 7,33,341 അനധികൃത വിദേശികൾ രാജ്യം വിട്ടിരുന്നു. ഇതിൽ ഇന്ത്യാക്കാർ 10.01 ശതമാനമാണ്. അതേസമയം പൊതുമാപ്പ് കാലയളവിലും ശേഷവും ഇന്ത്യാക്കാരുടെ എണ്ണം വർധിക്കുകയാണുണ്ടായത്.
ഏതാണ്ട് മൂന്ന് ലക്ഷം പേർ പുതുതായി സൗദിയിലെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.