ഉദ്​ഘാടന മത്സരവേദിയായ അൽബെയ്ത്​ സ്​റ്റേഡിയം

ദോഹ: മെസ്സിയും നെയ്മറും ​എംബാപ്പെയുമെല്ലാം പന്തുതട്ടാൻ ഇനിയും 10 മാസം കാത്തിരിപ്പുണ്ട്​. അതിന്​ മുമ്പ്​, ഇത്​ കാണികളുടെ സമയമാണ്​. ജീവിതത്തിൽ ഒരിക്കലെങ്കിലും ഫിഫ ലോകകപ്പ്​ ഗാലറിയിലിരുന്ന്​ ആസ്വദിച്ച്​ കാണാൻ കൊതിക്കുന്നവർക്ക്​ ബുക്ക്​ ചെയ്ത്​ സീറ്റുറപ്പിക്കാനുള്ള സമയം. ലോകകപ്പി‍െൻറ ആദ്യഘട്ട ടിക്കറ്റ്​ വിൽപന ബുധനാഴ്ച ആരംഭിച്ചപ്പോൾ അത്​ഭുതകരമായ പ്രതികരണമായിരുന്നു ആരാധകരിൽനിന്നുമുണ്ടായത്​. ബുധനാഴ്ച രാവിലെ ഫിഫ ഔദ്യോഗികമായി ടിക്കറ്റ്​ ബുക്കിങ്​ പ്രഖ്യാപിച്ചതോടെ ഒരുമണിയാവാനുള്ള കാത്തിരിപ്പായി. ശേഷം, കണ്ടത്​ ബുക്കിങ്ങിനുള്ള തിരക്കുകൾ. കൃത്യസമയത്തുതന്നെ ഫിഫ ഔദ്യോഗിക വെബ്​സൈറ്റുകളിൽ 'ക്യൂ' തുടങ്ങി. ഖത്തറിലെയും ലോകമെങ്ങുമുള്ള ഫുട്​ബാൾ ആരാധകരും ടിക്കറ്റ്​ ബുക്കിങ്ങിനായുള്ള അന്വേഷണങ്ങളിലും പരതലിലുമായി കഴിഞ്ഞ ദിവസത്തെ പകലുകൾ.

ഖത്തറി‍െൻറയും മേഖലയുടെയും ലോകമെങ്ങുമുള്ള കാൽപന്ത്​ പ്രേമികളുടെയും ലോകകപ്പായിരിക്കും വരാനിരിക്കുന്നതെന്ന്​ ടിക്കറ്റ്​ ബുക്കിങ്​ പ്രഖ്യാപിച്ചുകൊണ്ട്​ ഫിഫ സെക്രട്ടറി ജനറൽ ഫാത്​മ സമൂറ പറഞ്ഞു. ലോകമെങ്ങുമുള്ള കളിയാരാധകർക്ക്​ ഏറ്റവും മികച്ച ഫുട്​ബാൾ നിമിഷങ്ങൾ ലഭ്യമാക്കുകയാണ്​ ടിക്കറ്റ്​ വിൽപനയിലൂടെ പ്രതിഫലിക്കുന്നതെന്ന്​ അവർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനായി കളിയാരാധകരെ ഖത്തർ സ്വാഗതം ചെയ്യുകയാണെന്ന്​ സംഘാടരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​​ ലെഗസി സി.ഇ.ഒ നാസിർ അൽ കാതിർ പറഞ്ഞു. ഖത്തറി‍െൻറ സംസ്കാരവും പാരമ്പര്യവും അനുഭവിച്ചറിയാനും പശ്ചിമേഷ്യയുടെ ഫുട്​ബാൾ ആവേശം ഉൾക്കൊള്ളാനുമുള്ള അവസരമാണിത്​ -നാസർ അൽ കാതിർ പറഞ്ഞു.

ധിറുതിവേണ്ട, ഫെബ്രുവരി എട്ടുവരെ സമയമുണ്ട്​

ബൂക്ക്​ ചെയ്യാൻ ഇപ്പോൾ തിക്കും തിരക്കും കൂട്ടേണ്ടതില്ല. ബുധനാഴ്ച ആരംഭിച്ച ആദ്യഘട്ട ബുക്കിങ്​ സൗകര്യം ഫെബ്രുവരി എട്ട്​ ​ഉച്ച ഒന്നുവരെ നീണ്ടുനിൽക്കും. ഈ സമയത്തിനുള്ളിൽ എപ്പോൾ ബുക്​ ചെയ്താലും ഒരേ പരിഗണനതന്നെയാവും എല്ലാവർക്കും. ലോകകപ്പിലെ ഫൈനൽ ഉൾപ്പെടെ 64 മത്സരങ്ങൾക്കായി നീക്കിവെച്ച 30 ലക്ഷം ടിക്കറ്റുകളിൽ 10 ലക്ഷം ടിക്കറ്റുകളാണ്​ ആദ്യ ഘട്ടത്തിൽ കാണികൾക്ക്​ ലഭ്യമാവുക.

ബുക്കിങ്ങി‍െൻറ അടിസ്ഥാനത്തിൽ, മാർച്ച്​ എട്ട്​ മുതൽ റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റിന്​ അവകാശികളെ തിരഞ്ഞെടുക്കുകയും അവരെ ഇ-മെയിൽ വഴി അറിയിക്കുകയും ചെയ്യുന്നതാണ്​ രീതി. തുടർന്ന്​ പേമെന്‍റ്​ പ്ലാറ്റ്​ഫോം വഴി നിശ്ചിത തുക അടച്ച്​ ടിക്കറ്റ്​ ഉറപ്പിക്കാം. ഖത്തർ റെസിഡന്‍റിന്​ ബാങ്കുകളുടെ വിസ കാർഡ്​ വഴി മാത്രമാവും പണം അടക്കാൻ കഴിയുക. ഖത്തറിന്​ പുറത്തുനിന്ന്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്ക്​ വിസ കാർഡിന്​ പുറമെ മറ്റ്​ പേമെന്‍റ്​ കാർഡുകൾ വഴിയും പണമടക്കാവുന്നതാണ്​.

ബുക്കിങ്​ മൂന്ന്​ വിഭാഗം 

വ്യക്​തിഗത മാച്ച്​ ടിക്കറ്റ്​, ടീം സ്​പെസിഫിക്​ ടിക്കറ്റ്​ സീരീസ്​, ഫോർ സ്​റ്റേഡിയം ടിക്കറ്റ്​ സീരീസ്​ എന്നീ മൂന്ന്​ വിഭാഗങ്ങളിലായാണ്​ ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചത്​.

വ്യക്​തിഗത മാച്ച്​ ടിക്കറ്റ്​: മത്സരങ്ങൾ കാണാൻ ഏറ്റവും സൗകര്യപ്രദമായ ടിക്കറ്റിങ്​ രീതിയാണ്​ വ്യക്​തിഗത മാച്ച്​ ടിക്കറ്റുകൾ. ഇതുവഴി, മാച്ച്​ നമ്പർ നോക്കി ആരാധകർക്ക്​ തങ്ങളുടെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. കാറ്റഗറി ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​ വിഭാഗങ്ങളിൽ ഈ ടിക്കറ്റുകൾ ലഭ്യമാണ്​.

ടീം സ്​പെസിഫിക്​ ടിക്കറ്റ്​ സീരീസ്​: ടീമിനെ പിന്തുടർന്ന്​ കളി കാണുന്ന ആരാധകർക്കാണ്​ ഈ വിഭാഗം ഉപയോഗപ്പെടുക. നിലവിൽ, മുഴുവൻ ടീമുകളും യോഗ്യത നേടാത്തതിനാൽ, അവസാന റൗണ്ടിലുള്ളവർ ഉൾപ്പെടെ 71 ടീമുകളുടെ പേരു വിവരങ്ങൾ ഈ പട്ടികയിലുണ്ടാവും. ഇഷ്ട ടീമി‍െൻറ ഗ്രൂപ്​, നോക്കൗട്ട്​ മത്സരങ്ങൾക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാവുന്നതാണ്​.

ഫോർ സ്​റ്റേഡിയം ടിക്കറ്റ്​ സീരീസ്​: സ്​റ്റേഡിയങ്ങളുടെ മത്സര ഗാംഭീര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക്​ ഈ വിഭാഗത്തിൽ ടിക്കറ്റുകൾ ​തിരഞ്ഞെടുക്കാവുന്നതാണ്​. ഒരു ടിക്കറ്റിൽ തുടർച്ചയായി നാലു ദിവസങ്ങളിൽ നാല്​ സ്​റ്റേഡിയങ്ങളിൽ കളി കാണാനുള്ള സൗകര്യമാണ്​ ആരാധകർക്ക്​ ഒരുക്കുന്നത്​.

രാജ്യാന്തര കാണികൾക്ക്​ ഏറെ സൗകര്യമുള്ള മാർഗമാണിത്​. ഉദാഹരണം: സീരീസ്​ 'എ'യിൽ നവംബർ 21ന്​ അൽ തുമാമ സ്​റ്റേഡിയം, 22ന്​ അൽ ജനൂബ്​ സ്​റ്റേഡിയം, 23ന്​ ഖലീഫ ഇന്‍റർനാഷനൽ സ്​റ്റേഡിയം, 24ന്​ ലുസൈൽ സ്​റ്റേഡിയം എന്നിവിടങ്ങളിൽ കളി കാണാം. കാറ്റഗറി ഒന്നിന്​ 3200, കാറ്റഗറി രണ്ടിന്​ 2400 റിയാൽ മൂന്നിന്​ 1000 റിയാൽ എന്നിങ്ങനെയാണ്​ നിരക്ക്​.

ഒരാൾക്ക്​ എത്ര ടിക്കറ്റ്​?

ഒരു മത്സരത്തിന്​ ഒരാൾക്ക്​ ആറ്​ ടിക്കറ്റുകൾ വരെ ബുക്ക്​ ചെയ്യാം. എന്നാൽ, ടൂർണമെന്‍റിലുടനീളം 60 ടിക്കറ്റുകൾ വരെ മാത്രമേ ബുക്ക്​ ചെയ്യാൻ കഴിയുകയുള്ളൂ. കുടുംബത്തിനും സൂഹൃത്തുക്കൾക്കുമായി ടിക്കറ്റ്​ ബുക്ക്​ ചെയ്ത്​ ലോകകപ്പ്​ ആസ്വാദ്യകരമാക്കാൻ ഫിഫ ആഹ്വാനം ചെയ്യുന്നു.

ഫാൻ ഐഡിയുണ്ട്​

ഫിഫ അറബ്​ കപ്പിൽ നടപ്പാക്കി വിജയിച്ച ഫാൻ ഐഡി കാർഡായ (ഹയ്യാ കാർഡ്​) ലോകകപ്പിലുമുണ്ടാവുമെന്ന്​ ഫിഫ. സ്​റ്റേഡിയത്തിലേക്കുള്ള പ്രവേശനം, യാത്ര, പൊതുഗതാഗത സംവിധാനം, വിദേശത്തുള്ളവർക്ക്​ ഖത്തറിലെത്താനുള്ള വിസ എന്നിവയായെല്ലാം ഉപയോഗിക്കാവുന്ന ഫാൻ ഐഡി കാർഡ്​ ലോകകപ്പ്​ ചരിത്രത്തിലെ തന്നെ അതിശയമായി മാറും. റഷ്യ ലോകകപ്പിൽ നടപ്പാക്കിയ ഫാൻ ഐഡിയെ കൂടുതൽ പരിഷ്കാരങ്ങളും ഡിജിറ്റലൈസ്​ ചെയ്തുമാണ്​ ഖത്തർ അവതരിപ്പിക്കുന്നത്​. അറബ്​ കപ്പിൽ സ്​റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും മെട്രോ റെയിൽ, മെട്രോ ലിങ്ക്​- കർവ ബസുകൾ, വിദേശകാണികൾക്ക്​ രാജ്യത്തേക്കുള്ള പ്രവേശന പാസ്​ എന്നിവയായെല്ലാം ഹയ്യാകാർഡായിരുന്നു ഉപയോഗിച്ചത്​. 


വിലക്കുറവി‍െൻറ മഹാമേള: വെറും 40 റിയാലിൽ ഒരു ലോകകപ്പ്​ കാണാം

ദോഹ: ​സമീപകാല ലോകകപ്പ്​ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ്​ വിലയുമായാണ്​ ഖത്തർ കളിയാരാധകർക്കു മുമ്പാകെ ബുക്കിങ്​ ജാലകം തുറന്നത്​. ഖത്തർ പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ഇവിടെ താമസിക്കുന്നവർക്കെല്ലാം 40 റിയാലിൽ കളി കാണാനുള്ള സുവർണാവസരം. 1990 ഇറ്റലി ലോകകപ്പിനുശേഷം കാണികൾക്കായി വാദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ്​ നിരക്ക്​ കൂടിയാണിത്​. വ്യക്​തിഗത മാച്ച്​ ടിക്കറ്റ്​ വിഭാഗത്തിൽ മാത്രമേ​ കാറ്റഗറി നാല്​ ലഭ്യമാവൂ. ഇത്​ ഖത്തർ റസിഡന്‍റ്​സിന്​ മാത്രമാണെന്ന പ്രത്യേകതയും ഉണ്ട്​. രണ്ടാമത്തെ കളി മുതൽ ഗ്രൂപ്​ റൗണ്ടിലെ മുഴുവൻ മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ 40 റിലായിന്​ ബുക്ക്​ ചെയ്യാം.

എന്നാൽ, മുൻ ലോകകപ്പുകളുടെ സ്​റ്റേഡിയം കാറ്റഗറികളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഏറ്റവും കുറഞ്ഞ ഇരിപ്പിടങ്ങൾ മാത്രമായിരിക്കും കാറ്റഗറി നാലിലേക്ക്​ നീക്കിവെക്കുന്നത്​. ഗാലറിയിൽ ഗോൾ പോസ്റ്റിന്​ പിറകിലായുള്ള മേഖലയാണ്​ കാറ്റഗറി നാല്​. ഈ വിഭാഗത്തിൽ പ്രീക്വാർട്ടർ മത്സരത്തിന്​ 70ഉം ക്വാർട്ടർ ഫൈനൽ മത്സരത്തിന്​ 300ഉം സെമി ഫൈനൽ മത്സരത്തിന്​ 500ഉം ലൂസേഴ്​സ്​ ഫൈനലിന്​ 300ഉം ഫൈനലിന്​ 750ഉം റിയാലാണ്​ നിരക്ക്​.

എങ്ങനെ ബുക് ചെയ്യാം?

ആദ്യം ഫിഫ വെബ്സൈറ്റിൽ (www.fifa.com) പ്രവേശിക്കുമ്പോൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയ അറിയിപ്പ്​ കാണം. അതിന്​ മുകളിലായി 'അപ്ലൈ ഫോര്‍ ടിക്കറ്റ്' എന്ന ഓപ്​ഷനിൽ ക്ലിക് ചെയ്താല്‍ 'ഡിറക്ട് ടു ഇന്‍റര്‍നാഷനല്‍ അപ്ലൈ ഫോര്‍ ടിക്കറ്റ്, ഡിറക്ട് ടു ഖത്തര്‍ റെസിഡസ് അപ്ലൈ ഫോര്‍ ടിക്കറ്റ്' എന്ന ഇങ്ങനെ ഒരു വിന്‍ഡോയിലേക്ക് എത്തും.

‌ഖത്തറിന്​ പുറത്തുനിന്ന്​ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഇന്‍റര്‍നാഷനല്‍ ഓപ്ഷനിലാണ് പോകേണ്ടത്. ഖത്തറില്‍ റെസിഡന്‍സ് ‌പെര്‍മിറ്റുള്ളവര്‍ തൊട്ടുതാഴെയുള്ള ഓപ്ഷനില്‍ ക്ലിക് ചെയ്യണം.

ശേഷം, 'ഓള്‍മോസ്റ്റ് ദേര്‍' എന്ന ഒരു വിന്‍ഡോയിലാണ് നമ്മള്‍ എത്തുക. അവിടെ ഒരു കാഷേ പൂരിപ്പിച്ച്​ സബ്​മിറ്റ് ചെയ്താല്‍ ഫിഫ ടിക്കറ്റിങ് പോര്‍ട്ടലിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്ന വിന്‍ഡോയെത്തും. എങ്ങനെയാണ് ടിക്കറ്റിന് അപേക്ഷിക്കേണ്ടത് എന്ന് നമുക്ക് ഇവിടെനിന്ന്​ വായിച്ച് മനസ്സിലാക്കാം.

തുടർന്ന്​ 'ലോഗിന്‍' ഓര്‍ 'ക്രിയേറ്റ് യുവര്‍ ടിക്കറ്റിങ്' അക്കൗണ്ട് എന്ന് കാണാം. ഇവിടെ ക്ലിക് ചെയ്താല്‍ ഫിഫ ഡോട്ട് കോം. ക്ലബ് എന്ന‌ വിന്‍ഡോയിലേക്കാണ് എത്തുക. നേരത്തേ അക്കൗണ്ടുള്ളവര്‍ക്ക് നേരിട്ട് ലോഗിന്‍ ചെയ്യാം അല്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യണം.

ഖത്തറില്‍ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ 'വേര്‍ ഡു യു ലീവ്' എന്ന ഭാഗത്ത് ഖത്തര്‍ എന്നുതന്നെ കൊടുക്കണം, ഇതിന് ശേഷം ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്​ഫോമിലേക്കാണ്​ പ്രവേശിക്കുന്നത്​. 'വെല്‍കം' എന്ന് എഴുതിക്കാണിക്കുന്ന ‌ഈ ‌വിന്‍ഡോയില്‍ 'ചൂസ് യുവര്‍ ടിക്കറ്റ്സ്' എന്നതിന്​ താഴെ 'ഇന്‍ഡിവിജ്വല്‍ മാച്ച് ടിക്കറ്റ്, ഫോര്‍ സ്റ്റേഡിയം ടിക്കറ്റ് സീരീസ്, ടീം സ്പെസിഫിക് ടിക്കറ്റ് സീരീസ്, ആക്സെസിബിലിറ്റി ടിക്കറ്റ് സീരിസ്' എന്നിവയില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

ഇന്‍ഡിവിജ്വല്‍ എടുക്കുമ്പോൾ ഗ്രൂപ് സ്റ്റേജ്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങി ഫൈനല്‍ വരെയുള്ള ടിക്കറ്റുകള്‍ ഇവിടെ സെലക്ട് ചെയ്യാം.

ടിക്കറ്റ്​ ഏത് കാറ്റഗറി വേണം എന്നതാണ് അടുത്ത തിരഞ്ഞെടുപ്പ്​. ഖത്തറിലുള്ളവര്‍ക്ക് കാറ്റഗറി നാലും കാണാം. മറ്റുള്ളവര്‍ക്ക് മൂന്ന് കാറ്റഗറികളില്‍നിന്ന് ഇഷ്ടമുള്ള ടിക്കറ്റ് എടുക്കാം. ഒരാള്‍ക്ക് ഒരു മാച്ചിന്​ ആറ്​ ടിക്കറ്റ്​ വരെ എടുക്കാം.

നിങ്ങള്‍ ഏത് ടീമി‍െൻറ ആരാധകനാണ് എന്നും ഫിഫ ചോദിക്കുന്നുണ്ട്. ഇഷ്ടടീമിനെ നിങ്ങള്‍ക്ക് സെലക്ട് ചെയ്യാം. ഖത്തര്‍ സെലക്ട് ചെയ്യുന്നവര്‍ ക്യൂഐഡി കൂടി നല്‍കണം.

ആവശ്യമെങ്കില്‍ ഫെബ്രുവരി എട്ടു വരെ മാറ്റങ്ങള്‍ വരുത്താനും ഓപ്​ഷനുണ്ട്​.

വ്യക്​തിഗത ടിക്കറ്റ്​ നിരക്കുകൾ

(ഖത്തർ റിയാലിൽ)

മത്സരങ്ങൾ; കാറ്റഗറി 1, കാറ്റഗറി 2, കാറ്റിഗറി 3,

കാറ്റഗറി 4, അസസ്സബിലിറ്റി ടിക്കറ്റ്​

ഉദ്​ഘാടന മത്സരം (മാച്ച്​ 1) 2250, 1600, 1100, 200, 200

ഗ്രൂപ്​ മത്സരങ്ങൾ (മാച്ച്​ 2-48) 800, 600, 250, 40, 40

പ്രീക്വാർട്ടർ (മാച്ച്​ 49-56) 1000, 750, 350, 70, 70

ക്വാർട്ടർ ഫൈനൽ (മാച്ച്​ 57-60) 1550, 1050, 750, 300, 300

സെമി ഫൈനൽ (മാച്ച്​ 61, 62) 3480, 2400, 1300, 500, 500

മൂന്നാം സ്ഥാനം (മാച്ച്​ 63) 1550, 1100, 750, 300, 300

ഫൈനൽ (മാച്ച്​ 64) 5850, 3650, 2200, 750, 750


Tags:    
News Summary - Unbelievable; This is our time: Exciting response to FIFA World Cup ticket bookings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.