ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യസംഗമത്തിൽ
ആഷിഖ് ചെലവൂർ സംസാരിക്കുന്നു
ജിദ്ദ: നിരായുധരും നിസ്സഹായരുമായ ഫലസ്തീനികളെ നിർദയം കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരതക്കു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ലോക രാഷ്ട്രങ്ങളുടെയും രാഷ്ട്രാന്തരീയ കൂട്ടായ്മകളുടെയും നിസ്സംഗതക്ക് അറുതികുറിച്ച് അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടൽ നടത്തണമെന്നും ഭീകരരാഷ്ട്രത്തിന്റെ ചട്ടമ്പിത്തരത്തിനു മുന്നിൽ ലോകം മുട്ടുമടക്കരുതെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ആവശ്യപ്പെട്ടു.
ആധുനിക രാഷ്ട്രസങ്കൽപങ്ങൾക്കും പരിഷ്കൃത രാഷ്ട്രാന്തരീയ സമീപനങ്ങൾക്കും ഒട്ടും ഭൂഷണമല്ലാത്ത ചട്ടമ്പിത്തരമാണ് ആയുധബലത്തിന്റെ അഹന്തയിൽ ഇസ്രായേൽ ഗസ്സയിൽ കാട്ടിക്കൂട്ടുന്നത്. ഇതിന് ലോകം വഴങ്ങിക്കൊടുത്തുകൂടാ.
സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കുരുതി നടത്തുന്ന വംശഹത്യ തുടരുമ്പോൾ അക്രമികൾക്ക് ചൂട്ടുപിടിക്കുന്ന ശാക്തികച്ചേരികളുടെ മനുഷ്യത്വ വിരുദ്ധമായ മനോഭാവം മാനവികതക്ക് നിരക്കാത്തതും അതിലേറെ പ്രാകൃതവുമാണ്. അധിനിവേശവിരുദ്ധ പോരാട്ടം നടത്തുന്ന ഫലസ്തീനിലെ സ്വാതന്ത്ര്യപോരാളികൾക്ക് എന്നും തങ്ങളുടെ പിന്തുണയും പ്രാർഥനയുമുണ്ടാവുമെന്ന് കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം പ്രഖ്യാപിച്ചു.
സംഗമം അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ആഷിഖ് ചെലവൂർ മുഖ്യപ്രഭാഷണം നടത്തി. ഗഫൂർ പട്ടാമ്പി മദീന സംസാരിച്ചു. സി.കെ. റസാഖ് മാസ്റ്റർ പ്രാർഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും ട്രഷറർ വി.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.