വിവിധ രാജ്യങ്ങളിൽ സൗദി അറേബ്യയുടെ ഭക്ഷ്യസഹായം എത്തിയപ്പോൾ
റിയാദ്: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സൗദി അറേബ്യയുടെ മാനുഷിക സേവന വിഭാഗമായ കിങ് സൽമാൻ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് സെൻറർ (കെ.എസ്. റിലീഫ്) നടത്തുന്ന പ്രവർത്തനങ്ങൾ തുടരുന്നു. ഗസ്സ, സുഡാൻ, ചാഡ് എന്നീ രാജ്യങ്ങളിലെ ഏറ്റവും അർഹരായ കുടുംബങ്ങളിലേക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യസഹായം എത്തിച്ചത്.
ഫലസ്തീൻ ജനതയ്ക്കായുള്ള സൗദി അറേബ്യയുടെ ജനകീയ ക്യാമ്പയിെൻറ ഭാഗമായി ഗസ്സ മുനമ്പിലെ ഖാൻ യൂനിസ് നഗരത്തിൽ 920 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഇതിലൂടെ 5,500 വ്യക്തികൾക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. കൂടാതെ, സെൻററിെൻറ കീഴിലുള്ള സെൻട്രൽ കിച്ചൺ വഴി മധ്യ-തെക്കൻ ഗസ്സയിലായി 25,000 പേർക്ക് പോഷകസമൃദ്ധമായ ചൂടുഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു. സുഡാനിലെ സന്നാർ സംസ്ഥാനത്ത് ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് പലായനം ചെയ്ത കുടുംബങ്ങൾക്ക് ആശ്വാസമായി 1,500 കാർട്ടൺ ഈന്തപ്പഴം വിതരണം ചെയ്തു. സന്നാർ, അൽ ദന്ദർ, അൽ സൂക്കി എന്നീ പ്രദേശങ്ങളിലായി നടന്ന വിതരണത്തിലൂടെ 7,800 പേർക്ക് സഹായമെത്തി. 2026-ലെ സുഡാൻ ‘മദദ്’ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ചാഡ് റിപ്പബ്ലിക്കിലെ ഈസ്റ്റ് മായോ-കെബി പ്രവിശ്യയിൽ 250 കാർട്ടൺ ഈന്തപ്പഴം വിതരണം ചെയ്തു. 2026-ൽ രാജ്യത്താകെ 800 ടൺ ഈന്തപ്പഴം വിതരണം ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമാണിത്. മേഖലയിലെ 1,500 ഗുണഭോക്താക്കൾക്ക് ഇതിെൻറ പ്രയോജനം ലഭിച്ചു.
ലോകത്തിെൻറ ഏത് കോണിലായാലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക എന്നത് സൗദി അറേബ്യയുടെ പ്രഖ്യാപിത നയമാണ്. കിങ് സൽമാൻ റിലീഫ് സെൻററിലൂടെ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ ആഗോളതലത്തിൽ രാജ്യത്തിെൻറ മാനുഷിക പ്രതിബദ്ധതയുടെ സാക്ഷ്യപത്രമായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.