മക്ക: വിവിധ ഹൈവേകൾ വഴി മക്കയിലേക്ക് എത്തുന്ന തീർഥാടകർക്ക് സഹായകരമായി ഇഹ്റാമിെൻറ സ്ഥലങ്ങളിലെ (മീഖാത്ത്) കാലാവസ്ഥാ വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ബുള്ളറ്റിനുകൾ പുറത്തിറക്കി. രാജ്യത്തിെൻറ വിവിധ പ്രവേശന കവാടങ്ങളിലൂടെ എത്തുന്ന തീർഥാടകർക്കായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒരുക്കിയ വിപുലമായ സേവനങ്ങളുടെ ഭാഗമായാണ് ഈ നടപടി. നിശ്ചിത സമയങ്ങളിലെ പരമാവധി-കുറഞ്ഞ താപനില, കാറ്റിെൻറ ദിശ, മഴയ്ക്കുള്ള സാധ്യത, അന്തരീക്ഷത്തിലെ ഈർപ്പം, മറ്റ് പ്രധാന കാലാവസ്ഥാ പ്രതിഭാസങ്ങൾ തുടങ്ങിയ സമഗ്രമായ വിവരങ്ങൾ ഈ ബുള്ളറ്റിനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീർഥാടകരുടെ ചലനം സുഗമമാക്കുന്നതിനായി മക്കയിൽ എത്തുന്നതുവരെ എല്ലാ ദിവസവും ഈ വിവരങ്ങൾ കൃത്യമായി പുതുക്കി നൽകും. ഇത് ഇഹ്റാമിൽ പ്രവേശിക്കുന്നതിനും അനുബന്ധ കർമങ്ങൾ നിർവഹിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞെടുക്കാൻ വിശ്വാസികളെ സഹായിക്കും. ഹജ്ജ് സീസണിന് മുന്നോടിയായി കാലാവസ്ഥാ കേന്ദ്രം നടത്തുന്ന നേരത്തെയുള്ള ഒരുക്കങ്ങളുടെ തുടർച്ചയാണിത്.
അത്യാധുനിക സാങ്കേതിക വിദ്യകളും വിദഗ്ധരായ സാങ്കേതിക ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് മികച്ച പ്രവർത്തന സന്നദ്ധത ഉറപ്പാക്കാനാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.