ജിദ്ദ: മൂന്നാംഘട്ട ഉംറ തീർഥാടനം ഞായറാഴ്ച മുതൽ. വിദേശികളടക്കം മുഴുവൻ തീർഥാടകരെയും വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്- ഉംറ മന്ത്രാലയ സേവനവിഭാഗം അണ്ടർ സെക്രട്ടറി ഡോ. അംറു അൽമദാഹ് അറിയിച്ചു. മക്ക ചേംബറിന് കീഴിൽ 'അസാധാരണ സാഹചര്യത്തിലെ ഉംറ'എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉംറ ഒാപറേറ്റർമാർക്ക് പ്രവർത്തനക്ഷമത വർധിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്. ഒക്ടോബർ നാലിനാണ് രാജ്യത്തിനകത്തെ പൗരന്മാരും വിദേശികളുമായ 30 ശതമാനം പേർക്ക് അനുമതി നൽകി തീർഥാടനം പുനരാരംഭിച്ചത്. രണ്ടാംഘട്ടം ഒക്ടോബർ 10ന് ആരംഭിച്ചു. മൂന്നാംഘട്ടമാണ് നവംബർ ഒന്നിന് ഞായറാഴ്ച ആരംഭിക്കുന്നത്.
ഇൗ ഘട്ടത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള മുഴുവൻ തീർഥാടകർക്കും ആരോഗ്യ മുൻകരുതൽ പാലിച്ച് ഉംറക്കും മദീന സിയാറത്തിനും നമസ്കാരത്തിനും അനുമതി നൽകുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. മൂന്നാംഘട്ടത്തിൽ പ്രതിദിനം 20,000 തീർഥാടകരെയാണ് ഉംറക്ക് അനുവദിക്കുക. ഹറമിൽ നമസ്കരിക്കാനെത്തുന്നവരുടെ പ്രതിദിന എണ്ണം 60,000 ആയി ഉയർത്തും. മദീന റൗദ സന്ദർശകരുടെ എണ്ണം 19,500 ആക്കി വർധിപ്പിക്കും. വിദേശ ഏജൻസികൾ ഉംറ സംവിധാനത്തിൽ നിശ്ചയിച്ച നടപടി പൂർത്തിയാക്കണം.
തീർഥാടനത്തിന് അനുമതി നൽകുന്ന രാജ്യങ്ങളിൽനിന്ന് ഒരു ഗ്രൂപ്പിൽ പരമാവധി 50 ആളുകൾക്കേ വരാനാവൂ. വിമാനയാത്ര ഉൾപ്പെടെ തീർഥാടകർക്ക് സൗദിയിലെത്താനും താമസിക്കാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉംറ സേവന കമ്പനികളാണ് ക്രമപ്പെടുത്തേണ്ടത്. ജിദ്ദയിലെ വിമാനത്താവളത്തിലെത്തി അവരെ സ്വീകരിക്കലും ഇൗ കമ്പനികളുടെ ഉത്തരവാദിത്തമാണ്. മക്കയിലേക്കുള്ള പ്രവേശന കവാടത്തിൽനിന്ന് താമസസ്ഥലങ്ങളിലേക്കും ഹറമുകളിലേക്കുമുള്ള യാത്ര, താമസം, ആരോഗ്യ മുൻകരുതൽ പാലിച്ചുള്ള യാത്രാ സംവിധാനങ്ങൾ എല്ലാം ഉംറ കമ്പനികൾ ഒരുക്കുന്ന പാക്കേജിൽ ഉൾപ്പെടും. ഒരുദിവസം 10,000 തീർഥാടകർക്കാണ് ബുക്കിങ്ങിനും ഉംറക്കും അനുമതി.
ഒരു ഗ്രൂപ്പിൽ 20 പേർ എന്ന നിലയിൽ 500 ഗ്രൂപ്പുകളായി തിരിച്ചാണ് ഇൗ തീർഥാടകർക്ക് പ്രതിദിനം അനുമതി നൽകുക. വിദേശ തീർഥാടകർക്കുള്ള ചട്ടങ്ങൾ ഹജ്ജ് മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. തീർഥാടകെൻറ പ്രായം 18നും 50നും ഇടയിൽ ആകണം. സൗദി അംഗീകൃത ലാബിൽ നിന്നുള്ള പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റും ഉണ്ടാകണം. സർട്ടിഫിക്കറ്റ് 72 മണിക്കൂറിനുള്ളിലുള്ളതുമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.