റഹീം സഹായസമിതി അംഗങ്ങൾ ഇന്ത്യൻ എംബസി കമ്യുണിറ്റി വെൽഫെയർ വിഭാഗം സെക്കൻഡ്​ സെക്രട്ടറി മോയിൻ അക്തറുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ

റഹീം മോചനത്തിന്​ ദിയാധനം നൽകുന്നതിനുള്ള കാലാവധി നീട്ടികിട്ടാൻ സാധ്യത തേടി സഹായസമിതി എംബസിയിൽ

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുറഹീമി​െൻറ മോചനത്തിന് 1.5 കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) നൽകേണ്ട കാലാവധി നീട്ടികിട്ടാൻ സാധ്യത തേടി സഹായ സമിതി ഇന്ത്യൻ എംബസിയെ സമീപിച്ചു. നിലവിൽ അഞ്ച് ദിവസം കൂടിയേ ഉള്ളൂ. ഈ അവധി നീട്ടി കിട്ടാനാണ്​ എംബസിയുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടെപടലുണ്ടാകണമെന്ന്​ ആവശ്യപ്പെട്ടാണ്​ റിയാദ് റഹീം സഹായ സമിതി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്​.

ഇക്കാര്യത്തിലും സാധ്യമായ പിന്തുണ നൽകാമെന്ന് അറിയിച്ചെങ്കിലും ദിയാധനം കുടുംബത്തി​െൻറ വ്യക്തിപരമായ അവകാശം ആയതിനാൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് കൂടിക്കാഴ്ചയിൽ എംബസി ഉദ്യോഗസ്ഥർ സഹായ സമിതിയെ അറിയിച്ചു. സ്വകാര്യ അവകാശത്തി​െൻറ കാര്യത്തിൽ വാദി ഭാഗത്തി​െൻറ തീരുമാനമാണ് അന്തിമം. അതിൽ മൂന്നാമതൊരു ഏജൻസിക്ക് ഇടപെടാൻ നിയമപരമായി കഴിയില്ല എന്നതാണ് പരിമിതിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അറ്റോർണിയുമായി ബന്ധപ്പെട്ട് നിലവിൽ സമാഹരിച്ച തുകയുടെ കണക്ക് അറിയിക്കാനും ഫണ്ട് സമാഹരണം പൂർത്തിയാക്കാൻ കഴിയുന്ന ഒരു തീയതി നൽകി സാഹചര്യം ബോധ്യപ്പെടുത്താനും എംബസി സമിതിക്ക് മാർഗനിർദേശം നൽകി. തുടക്കം മുതൽ കേസിൽ എംബസിയുടെ ഭാഗത്തുനിന്ന്​ ഇടപെടുന്ന ഉദ്യോഗസ്​ഥൻ യൂസഫ് കാക്കഞ്ചേരി സൗദി കുടുംബത്തി​െൻറ വക്കീലുമായി സംസാരിക്കുകയും കൂടിക്കാഴ്ചക്ക് അവസരം ആവശ്യപ്പെടുകയും ചെയ്തു.

പെരുന്നാൾ അവധി കഴിഞ്ഞാലുടൻ അറ്റോർണിയുമായുള്ള കൂടിക്കാഴ്ച നടക്കും. അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്നും അവധി നീട്ടികിട്ടാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം വാദി ഭാഗത്തി​െൻറ വക്കീൽ വഴി കോടതിയിൽ ഇതുവരെയുള്ള പുരോഗതി അറിയിക്കുമെന്നും യൂസഫ് കാക്കഞ്ചേരി പറഞ്ഞു. ദിയാധനം സമാഹരിക്കാൻ സൗദി അറേബ്യയിൽ ഇതുവരെ അകൗണ്ട് തുറക്കാൻ കഴിഞ്ഞിട്ടില്ല. അതിനായുള്ള ശ്രമം എംബസി തുടരുന്നുണ്ട്.

വൈകാതെ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്യുണിറ്റി വെൽഫെയർ വിഭാഗം സെക്കൻഡ്​ സെക്രട്ടറി മോയിൻ അക്തർ പറഞ്ഞു. ഇന്ത്യയിൽ സമാഹരിക്കുന്ന തുക സൗദി അറേബ്യയിലേക്ക് എത്തിക്കാൻ വിദേശകാര്യ മന്ത്രാലയം വഴി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. മോയിൻ അക്തർ, തർഹീൽ സെക്‌ഷൻ ഓഫീസർ രാജീവ് സിക്കരി, യൂസഫ് കാക്കഞ്ചേരി എന്നിവർ എംബസിയുടെ ഭാഗത്ത് നിന്നും മുനീബ് പാഴൂർ, സെബിൻ ഇഖ്ബാൽ, സിദ്ധിഖ് തുവ്വൂർ, കുഞ്ഞോയി, സഹീർ മൊഹിയുദ്ധീൻ എന്നിവർ സഹായ സമിതിയുടെ ഭാഗത്ത് നിന്നും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇതുവരെ 10 കോടിയിലേറെ രൂപ സമാഹരിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ബാക്കി തുക കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സൗദിയിൽ അക്കൗണ്ട് തുറക്കാൻ അനുമതി ലഭിച്ചാൽ അതിവേഗം തന്നെ ഫണ്ട് സമാഹരിച്ചു റഹീമിനെ മോചിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹീം സഹായസമിതി അറിയിച്ചു.

Tags:    
News Summary - The support committee sought the possibility of extending the deadline for paying the monery for Rahim's release at the embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.