നൂ​ർ റി​യാ​ദ് ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ദീ​റ​യി​ലെ മ​സ്മ​ക് കോ​ട്ട ഒ​രു​ങ്ങി​യ​പ്പോ​ൾ

'നൂർ റിയാദ് 2022' ആഘോഷം: രണ്ടാം പതിപ്പ് നവംബർ മൂന്നു മുതൽ

റിയാദ്: 'നൂർ റിയാദ് 2022' (റിയാദ് വെളിച്ചം) ആഘോഷത്തിന്റെ രണ്ടാം പതിപ്പ് നവംബർ മൂന്നിന് ആരംഭിക്കും. 'ഞങ്ങൾ പുതിയ ചക്രവാളങ്ങളെ സ്വപ്നം കാണുന്നു' ശീർഷകത്തിൽ നവംബർ 19 വരെ നീളുന്ന ആഘോഷത്തിൽ ലോകമെമ്പാടുമുള്ള 40ലധികം രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം കലാകാരന്മാർ പങ്കെടുക്കും. ഇതിൽ 34 ശതമാനവും സൗദി കലാകാരന്മാരായിരിക്കും. നൂർ റിയാദ് ആഘോഷം 'റിയാദ് ആർട്ട്' പ്രോഗ്രാമുകളിൽ ഒന്നാണ്. 2019 മാർച്ച് 19ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ സൽമാൻ രാജാവാണ് ഇത് പ്രഖ്യാപിച്ചത്.

റിയാദ് നഗരത്തെ പാരമ്പര്യവും സമകാലീനതയും ഇടകലർന്ന ഒരു ഓപൺ ആർട്ട് ഗാലറിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണിത്. റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'വിഷൻ 2030' പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ ആഘോഷ പരിപാടി. ഇതിന്റെ ഭാഗമായി ദറഇയയിലെ 'ജാക്സ് ഏരിയ'യിൽ മൂന്നുമാസം നീളുന്ന പ്രത്യേക പ്രദർശനം നടക്കും. നവംബർ മൂന്നിന് ആരംഭിക്കുന്ന പ്രദർശനം 2023 ഫെബ്രുവരി നാലുവരെ നീളും. ഭൂതകാലത്തിലും ഭാവിയിലും സൃഷ്ടിപരമായ പ്രകാശ പരിവർത്തനത്തിന്റെ കലാപരമായ അനുഭവം പ്രദർശനം സന്ദർശകർക്ക് സമ്മാനിക്കും.

'നൂർ റിയാദ്' സർഗാത്മകതയെ പിന്തുണക്കാനും ഈ മേഖലയിലെ ദേശീയ അന്തർദേശീയ പ്രതിഭകളെ സ്വീകരിക്കാനും ലക്ഷ്യമിടുന്ന വാർഷിക ആഘോഷമാണെന്ന് സാംസ്കാരിക മന്ത്രിയും റിയാദ് സിറ്റി റോയൽ കമീഷൻ ഡയറക്ടർ ബോർഡ് അംഗവും റിയാദ് ആർട്ട് പ്രോഗ്രാം സ്റ്റിയറിങ് കമ്മിറ്റി ചെയർമാനുമായ അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. ലളിതകല മേഖലയിൽ ലോകമെമ്പാടുമുള്ള ഏറ്റവും പ്രമുഖരായ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ സൗദി കലാകാരന്മാർക്ക് അവരുടെ സൃഷ്ടികളും സർഗാത്മകതയും അവതരിപ്പിക്കാൻ പ്രചോദനാത്മകമായ അവസരങ്ങൾ സൃഷ്ടിക്കുകയാണ് നൂർ റിയാദ് ആഘോഷത്തിന്റെ ലക്ഷ്യം.

ആഘോഷത്തിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ എണ്ണത്തിലുണ്ടായ വർധനയിലൂടെ ഈ വർഷത്തെ ആഘോഷം കഴിഞ്ഞ വർഷത്തേക്കാൾ വ്യത്യസ്തമായിരിക്കും. കലാപരവും സർഗാത്മകവുമായ സൃഷ്ടികളുടെ എണ്ണവും ഇത്തവണ വർധിപ്പിച്ചിട്ടുണ്ട്. ആഘോഷവേദികളുടെ എണ്ണം മൂന്നിരട്ടിയാണ്. പരിപാടികളുടെ എണ്ണവും അതിൽ ഉൾപ്പെടുന്ന പങ്കാളിത്തങ്ങളും കമ്യൂണിറ്റി പ്രോഗ്രാമുകളും വർധിപ്പിച്ചതായും സാംസ്കാരിക മന്ത്രി പറഞ്ഞു.

രാജ്യം വിവിധ മേഖലകളിൽ സാക്ഷ്യംവഹിക്കുന്ന പരിവർത്തനത്തിലും നവീകരണത്തിലുമുള്ള ശുഭാപ്തിവിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ് 'നമ്മൾ പുതിയ ചക്രവാളങ്ങളെ സ്വപ്നം കാണുന്നു' എന്ന തലക്കെട്ട്. 40 സ്ഥലങ്ങളിൽ 'നൂർ റിയാദ് ആഘോഷം' വ്യത്യസ്തമായ അനുഭവങ്ങൾ പ്രദാനം ചെയ്യും. ലൈറ്റുകൾ ഉപയോഗിച്ചുള്ള വിവിധ കലാസൃഷ്ടികൾ, ലൈറ്റ് മോഡലുകൾ, കലാ സാംസ്കാരിക സെമിനാറുകൾ ഉൾപ്പെടെ 500ലധികം വ്യത്യസ്ത പരിപാടികൾ ആഘോഷത്തിലുൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - The second edition of the 'Noor Riyadh 2022' celebration will begin on November 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.