റിയാദിലെ ഗൾഫ്-യു.എസ് ഉച്ചകോടിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സംസാരിക്കുന്നു
റിയാദ്: പശ്ചിമേഷ്യ മേഖലയുടെ സ്ഥിരതക്ക് അമേരിക്കയുമായി സഹകരണവും ഏകോപനവും തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം നടന്ന ഗൾഫ്-യു.എസ് ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിെന്റയും ഉറച്ച തന്ത്രപരമായ പങ്കാളിത്തത്തിെന്റയും ഒരു വിപുലീകരണമാണ് ഇൗ ഉച്ചകോടി.
അമേരിക്കയുമായുള്ള ബന്ധം ഒരു തന്ത്രപരമായ പങ്കാളിത്തമാണ്. ഗൾഫ് രാജ്യങ്ങൾ അമേരിക്കയുമായുള്ള സാമ്പത്തിക പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്. രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള കൂട്ടായ്മയുടെ പ്രതിബദ്ധതയാണ് ഈ ഉച്ചകോടി പ്രതിഫലിപ്പിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.
2017ൽ പ്രസിഡന്റ് ട്രംപിനൊപ്പം പങ്കെടുത്ത ഗൾഫ്-യു.എസ് ഉച്ചകോടിയെക്കുറിച്ച് കിരീടാവകാശി അനുസ്മരിച്ചു. ഭീകരവാദ സംഘടനകളെ ഇല്ലായ്മ ചെയ്യലിനും ഭീകരതയെ ചെറുക്കലിനും ഗൾഫ് രാജ്യങ്ങളുടെ സൈനിക, സുരക്ഷ, പ്രതിരോധ ശേഷികൾ ശക്തിപ്പെടുത്തലിനും വലിയ പ്രാധാന്യമുണ്ട്. ജി.സി.സി രാജ്യങ്ങളും അമേരിക്കയും സാമ്പത്തിക പങ്കാളിത്തത്തിെന്റയും വ്യാപാര സഹകരണത്തിെന്റയും പ്രാധാന്യത്തിൽ വിശ്വസിക്കുന്നു. ജി.സി.സി രാജ്യങ്ങളുടെ പ്രധാന വ്യാപാര, നിക്ഷേപ പങ്കാളിയാണ് അമേരിക്ക. 2024ൽ സൗദിയും യു.എസും തമ്മിലുള്ള വ്യാപാര വിനിമയത്തിെന്റ തോത് ഏകദേശം 120 ശതകോടി ഡോളറായി ഉയർന്നു.
വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സുസ്ഥിരവും സുരക്ഷിതവുമായ അന്തരീക്ഷം ആവശ്യമാണ്. പശ്ചിമേഷ്യ നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തിയെക്കുറിച്ച് സൗദി അറേബ്യക്ക് നല്ല ബോധ്യമുണ്ട്. മേഖലയിലെ സ്ഥിതിഗതികൾ ലഘൂകരിക്കാനും ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും അറബ് സമാധാന സംരംഭത്തിനും പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്താനും അങ്ങനെ മേഖലയിലെ ജനങ്ങൾക്ക് സുരക്ഷയും സമാധാനവും കൈവരിക്കാനും ഞങ്ങൾ ശ്രമിക്കുന്നു.
പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനും സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സൗദിയുടെ പിന്തുണ കിരീടാവകാശി ആവർത്തിച്ചു. സിറിയക്കുമേലുള്ള ഉപരോധങ്ങൾ നീക്കാനുള്ള അമേരിക്കൻ പ്രസിഡന്റിെന്റ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. സിറിയയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കേണ്ടതിന് വലിയ പ്രാധാന്യം കൽപിക്കുന്നു. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനായി സിറിയൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കേണ്ടത് ഏറ്റവും ആവശ്യമായ ഘടകമാണ്.
രാജ്യത്തിെന്റ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിനുള്ള ലബനാൻ പ്രസിഡന്റിെന്റ ശ്രമങ്ങൾക്ക് കിരീടാവകാശി പിന്തുണ ആവർത്തിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നു. സംഘർഷം നിയന്ത്രിക്കുന്നതിനും ശാന്തത പുനഃസ്ഥാപിക്കുന്നതിനും ഇത് സഹായിക്കുമെന്ന് കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.