ജിദ്ദയിൽ ആഡംബര വാട്ടർ ടാക്സി സർവീസിന് തുടക്കം; ഉദ്ഘാടനം ഗവർണർ നിർവഹിച്ചു

ജിദ്ദ: നഗരത്തിലെ പൊതുഗതാഗത-ടൂറിസം മേഖലകളിൽ പുതിയ നാഴികക്കല്ലായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിയുടെ ആഡംബര വാട്ടർ ടാക്സി സർവീസിന് തുടക്കമായി. ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പൊതുഗതാഗത അതോറിറ്റി പ്രസിഡൻറ് എൻജി. ഫവാസ് അൽസഹ്‌ലി, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി, കമ്പനി സി.ഇ.ഒ യൂസഫ് അൽസാഇഅ് എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തിന് പിന്നാലെ ഗവർണർ വാട്ടർ ടാക്സിയിൽ ജിദ്ദ ബോട്ട് ക്ലബ് വരെ യാത്ര ചെയ്യുകയും പദ്ധതിയുടെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു.

പ്രധാന തീരദേശ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ സമുദ്ര യാത്രാ പദ്ധതി, യാത്രക്കാർക്ക് സുഖസൗകര്യങ്ങളും കാര്യക്ഷമതയും ഒത്തുചേരുന്ന നൂതനമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു. ആധുനിക രൂപകൽപ്പനയും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഈ ആഡംബര ടാക്സികൾ നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ സമുദ്ര ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം, ഗതാഗതത്തെയും വിനോദത്തെയും ഒരേപോലെ സംയോജിപ്പിക്കുന്നു എന്നതാണ് ഇതി​െൻറ പ്രധാന പ്രത്യേകത.

ആദ്യ ഘട്ടത്തിൽ ജിദ്ദ ബോട്ട് ക്ലബ് കേന്ദ്രീകരിച്ചാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. വരും ഘട്ടങ്ങളിൽ ജിദ്ദ തീരത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രധാന പോയിന്റുകളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് പദ്ധതിയുണ്ട്.

സൗദി വിഷൻ 2030-​െൻറ ഭാഗമായി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, ഗതാഗത-ടൂറിസം മേഖലകളിൽ ആധുനിക ബദലുകൾ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ജിദ്ദയുടെ തീരദേശ മേഖലയ്ക്ക് പുതിയ ഉണർവ് നൽകാൻ ഈ ജലഗതാഗത സംവിധാനത്തിന് സാധിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Luxury Water Taxi Service Launched in Jeddah; Inaugurated by the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.