അറബ് ലീഗ് ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്: പുനഃസ്ഥാപിക്കപ്പെട്ട സൗദി-ഇറാൻ ബന്ധത്തെ തുടർന്ന് മാറ്റംവന്ന സമവാക്യങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന 32ാമത് അറബ് ലീഗ് ഏകദിന ഉച്ചകോടിയിലെ സമാപന സെഷനെ അഭിസംബോധന ചെയ്ത സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ മേഖലയിലെ പ്രശ്നങ്ങൾ പടിപടിയായി പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചു.
അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗയ്ഥിനൊപ്പം വേദിയിലെത്തിയ വിദേശകാര്യ മന്ത്രി അറബ് രാജ്യങ്ങളിലെ സുരക്ഷ, സുസ്ഥിരത, പരമാധികാരം എന്നിവ മുൻനിർത്തി സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. അതിന്റെ ഭാഗമായാണ് സിറിയയെ അറബ് ലീഗിലേക്ക് തിരികെ കൊണ്ടുവന്നതും പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ സാന്നിധ്യവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് അതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് വിരാമമിടുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താൽപര്യങ്ങളും അംഗരാജ്യങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിൽ സമാധാനത്തിന്റെയും നന്മയുടെയും സഹകരണത്തിന്റെയും നിർമാണാത്മക മാർഗത്തിൽ തങ്ങൾ മുന്നോട്ട് പോകുമെന്ന് അയൽ രാജ്യങ്ങൾക്കും പടിഞ്ഞാറൻ, കിഴക്കൻ സുഹൃത്തുക്കൾക്കും ഉറപ്പ് നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. സിറിയയുടെ കാര്യത്തിൽ സംഭാഷണങ്ങൾ ആവശ്യമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി പാശ്ചാത്യ സഖ്യകക്ഷികളുടെ കാഴ്ചപ്പാട് തങ്ങൾക്ക് മനസ്സിലാകുമെന്ന് പറഞ്ഞു. എല്ലാവരുമായും തങ്ങൾ ചർച്ച നടത്തും.
സുഡാനിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നുവെന്നും എന്നാൽ ഒരു വഴിത്തിരിവിനെക്കുറിച്ച് സംസാരിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “സുഡാനിലെ നിലവിലെ സ്ഥിതി നിർഭാഗ്യകരമാണ്. പരിഹാരം കാണേണ്ടത് പ്രധാനവുമാണ്; ഒരു മാനുഷികമായ കരാറിലെത്താനാണ് സൗദി അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുന്നത്’’ -മന്ത്രി തുടർന്നു. ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായ ഫലസ്തീൻ പ്രശ്നം രാജ്യത്തിന്റെ വിദേശനയ മുൻഗണനകളിൽ പെട്ടതാണ്. അറബികളുടെയും മുസ്ലിംകളുടെയും കേന്ദ്ര വിഷയമെന്ന നിലയിൽ അതിന് തികഞ്ഞ പ്രാധാന്യം കല്പിക്കുന്നു.
യമൻ പ്രതിസന്ധി അവസാനിപ്പിക്കുന്ന സമഗ്ര രാഷ്ട്രീയ പരിഹാരത്തിൽ എത്താനാണ് തങ്ങളുടെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള മികച്ച ആശയവിനിമയം, അറബ് കുടിയേറ്റക്കാരിൽ തദ്ദേശീയരല്ലാത്തവരെ അറബി പഠിപ്പിക്കുന്നതിനുള്ള പദ്ധതി, ഹരിതാഭമായ ഭാവി സംരംഭങ്ങൾ, സുസ്ഥിരതയുമായി ബന്ധപ്പെട്ട സാംസ്കാരിക നയങ്ങളുടെ വികസനം, അറബ് രാജ്യങ്ങളിലെ സർഗാത്മക സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികൾ, അറബ് നാടുകളിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിര വിതരണ ശൃംഖലയ്ക്ക് പ്രോത്സാഹനം, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുന്നതും സാമ്പത്തികമായി പ്രായോഗികവുമായ നിക്ഷേപ അവസരങ്ങൾ എന്നിങ്ങനെ ഉച്ചകോടിയിൽ ഉയർന്നുവന്ന ആശയങ്ങൾ മുൻഗണന ക്രമത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.