പോൾസൺ
റിയാദ്: നാട്ടിൽ പോകേണ്ട ദിവസം മലയാളിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസൺ (56) ആണ് റിയാദ് മൻഫുഅയിലെ താമസസ്ഥലത്ത് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് സൗദി എയർലൈൻസ് വിമാനത്തിൽ പോകാൻ ടിക്കറ്റ് എടുത്തിരുന്നതാണ്. അന്ന് രാവിലെ സുഹൃത്തുക്കൾ മുറിയിലെത്തിയപ്പോഴാണ് കിടക്കയിൽ മരിച്ചനിലയിൽ കണ്ടത്.
പ്രമേഹബാധിതനായ പോൾസൺ നാട്ടിൽ അവധിക്ക് പോയിട്ട് മരിക്കുന്നതിന് 10 ദിവസം മുമ്പാണ് റിയാദിൽ തിരിച്ചെത്തിയത്. എന്നാൽ, രോഗം മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സക്കായി വീണ്ടും നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. റിയാദിലെ നവോദയ കലാ സാംസ്കാരിക വേദി മൻഫുഅ യൂനിറ്റംഗമാണ് പോൾസൺ. യൂനിറ്റംഗങ്ങളാണ് റൂമിൽ മരിച്ചതായി കണ്ടെത്തിയത്. ഉടൻ പൊലീസിന്റെ സഹായത്തോടെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 26 വർഷമായി റിയാദിലുള്ള പോൾസൺ മൂസ നാഇയയിലെ ഒരു പ്രിന്റിങ് പ്രസിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ: റൂബി, മക്കൾ: അയോണ, അലന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ബാബുജി കടയ്ക്കലിന്റെ നേതൃത്വത്തിൽ നവോദയ പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.