റിയാദ് സീസൺ കപ്പ് ഒറ്റടിക്കറ്റ് ലേലത്തിൽ പിടിച്ച മുശറഫ് അൽഗാംദി
ജിദ്ദ: റിയാദ് സീസൺ കപ്പിനായി വ്യാഴാഴ്ച റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മെസിയുടെ പി.എസ്.ജിയും റൊണാൾഡോയുടെ അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമും ഏറ്റുമുട്ടുന്ന മത്സരം കാണാനുള്ള ഒറ്റടിക്കറ്റ് ഒരു കോടി റിയാൽ മുടക്കി സ്വന്തമാക്കിയത് സൗദി വ്യവസായി മുശറഫ് അൽഗാംദി. ‘സങ്കൽപ്പത്തിനപ്പുറം’ എന്ന പേരിട്ട് ആഗോള വിൽപനക്ക് വെച്ച ടിക്കറ്റിെൻറ ഒരാഴ്ച നീണ്ട ലേലംവിളി അവസാനിച്ചത് ചൊവ്വാഴ്ച രാത്രിയാണ്.
ബാക്കി മുഴുവൻ ടിക്കറ്റുകളും ഓൺലൈൻ വിൽപന ആരംഭിച്ച് നിമിഷങ്ങൾക്കകം വിറ്റുപോയതിനെ തുടർന്ന് സവിശേഷ ആനുകൂല്യങ്ങളുള്ള ഗോൾഡൻ ടിക്കറ്റ് ലേലത്തിന് വെക്കുകയായിരുന്നു. ലേലം വിളിച്ചുകിട്ടുന്ന പണം മുഴുവൻ സൗദി അറേബ്യയായ ഇഹ്സാൻ ചാരിറ്റി ഡിജിറ്റൽ പ്ലാറ്റ്ഫോമിന് സംഭാവന ചെയ്യും എന്നറിയിച്ചുകൊണ്ടാണ് ലേലം വിളി ആരംഭിച്ചത്. പൊതു വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് 20 ലക്ഷം വിളിച്ചുതുടങ്ങിയ ലേലം ദിവസങ്ങൾക്കകം ഒരു കോടിയിലേക്ക് എത്തി. ഏറ്റവും ഉയർന്ന ലേല തുക ഒരു കോടി റിയാലാണെന്നും അതുവിളിച്ച മുശറഫ് അൽഗാംദിയെ വിജയിയായി പ്രഖ്യാപിടക്കുകയാണെന്നും ആലുശൈഖ് ട്വീറ്റ് ചെയ്തു.
ടിക്കറ്റ് വരുമാനം മുഴുവൻ ഇഹ്സാൻ പ്ലാറ്റ്ഫോമിലേക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏക ടിക്കറ്റ് നേടിയ മുശറഫ് അൽഗാംദിയെ ആലുശൈഖ് അനുമോദിച്ചു. സുപ്രധാന മത്സരം കാണാനും അത്താഴവിരുന്നിൽ പെങ്കടുക്കാനും അൽഗാംദിയെ ആലുശൈഖ് ക്ഷണിച്ചു. ഗോൾഡൻ ടിക്കറ്റുമായി മത്സരം കാണാനെത്തുന്ന മുശറഫ് അൽഗാംദിയെ കാത്തിരിക്കുന്നത് സവിശേഷ ആനുകൂല്യങ്ങളാണ്. കപ്പ് ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കൽ, കളിക്കാരുടെ ഡ്രസ്സിങ് റൂമിലേക്ക് പ്രവേശനം, വിജയിക്കുന്ന ടീമിനൊപ്പം ഗ്രൂപ്പ് ഫോട്ടോ, കളിക്കാർക്കൊപ്പം ഭക്ഷണം കഴിക്കാൻ അവസരം എന്നിവ അടക്കം നിരവധി ആനുകൂല്യങ്ങളാണ് കൈവന്നിരിക്കുന്നത്.
റൊണാൾഡോയും മെസ്സിയും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരത്തിെൻറ ടിക്കറ്റുകൾ മുഴുവൻ വേഗത്തിൽ വിറ്റുപോയതിനെ തുടർന്ന് ഗോൾഡൻ ടിക്കറ്റ് 10 ലക്ഷം അടിസ്ഥാനതുകയായി നിശ്ചയിച്ചാണ് ലേലത്തിന് വെച്ചത്. പൊതു വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് 20 ലക്ഷം വിളിച്ച് ലേലം ആരംഭിച്ച് നിമിഷങ്ങൾക്കകം സൗദി വ്യവസായി അബ്ദുൽ അസീസ് ബഗ്ലഫ് 25 ലക്ഷം വിളിച്ചു. അതോടെ ലേലത്തിന് വാശിയേറി. ആളുകൾ മത്സരിച്ച് വിളിക്കാൻ തുടങ്ങി. നിരവധിയാളുകൾ മുന്നോട്ട് വന്ന് വിളിച്ച് ലേലതുക ഉയർത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു കോടിയിൽ ലേലത്തെ തളച്ച് ടിക്കറ്റ് മുശറഫ് അൽഗാംദി സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.