തനിമ സാംസ്കാരിക വേദി റിയാദ് ഘടകം സംഘടിപ്പിച്ച ‘തണലാണ് കുടുംബം’ ചർച്ച സംഗമത്തിൽ നിഖില സമീർ സംസാരിക്കുന്നു
റിയാദ്: നാഗരികതയുടെ അടിസ്ഥാനമായ കുടുംബം കെട്ടിപ്പടുക്കുവാനുള്ള സാമൂഹിക പശ്ചാത്തലമൊരുക്കാൻ സമൂഹത്തിലെ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ‘ലിബറൽ കാലത്തെ കുടുംബം’ എന്ന ചർച്ച സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
‘തണലാണ് കുടുംബം’ എന്ന കാമ്പയിന്റെ ഭാഗമായി, മഹല്ല് കൂട്ടായ്മകളെയും പ്രാദേശിക സംഘടനാപ്രതിനിധികളെയും പങ്കെടുപ്പിച്ച് തനിമ സാംസ്കാരിക വേദി റിയാദ് ഘടകമാണ് സംഗമം സംഘടിപ്പിച്ചത്.
ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാംസ്കാരിക പ്രവർത്തകനും കൗൺസിലറുമായ അബ്ദുല്ലത്തീഫ് ഓമശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
ഏതൊരു വ്യവസ്ഥയും നിലനിൽക്കണമെങ്കിൽ അതിനൊരു ലക്ഷ്യവും കൃത്യമായ നിയമങ്ങളും ചട്ടക്കൂടും അത് സ്ഥാപിതമാകാനുള്ള അനുകൂല ചുറ്റുപാടും നിലനിർത്താനുള്ള ബോധപൂർവമായ പരിശ്രമങ്ങളും ക്ഷമയും ആവശ്യമാണ്.
കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉറപ്പുവരുത്താൻ കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരധാരണ, ഉത്തരവാദിത്തങ്ങൾ ഏൽപിച്ചുകൊടുക്കൽ, വിജ്ഞാനത്തിനും വിനോദത്തിനുമായി സമയം കണ്ടെത്തൽ എന്നിവ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യാരംഭം തന്നെ കുടുംബം എന്ന വ്യവസ്ഥയിലൂന്നിയാണ്. അവർക്ക് ഒറ്റക്ക് ജീവിക്കാൻ കഴിയില്ല. സമാധാനം തേടുന്ന മനുഷ്യപ്രകൃതത്തിന് ഒരേ സത്തയിൽനിന്ന് തന്നെ ഇണയെയും ദൈവം സൃഷ്ടിച്ചു.
കുടുംബം എന്ന വ്യവസ്ഥ നിലനിൽക്കാനായി വ്യക്തമായി നിയമങ്ങളും വ്യവസ്ഥയും നിശ്ചയിച്ചു. അത് പാലിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥമാണ്. ഇത് തകർക്കുന്ന ലിബറൽ ആശയങ്ങളെ കരുതിയിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
തനിമ സോണൽ പ്രസിഡന്റ് തൗഫീഖുറഹ്മാൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി നിഖില സമീർ, പ്രാദേശിക കൂട്ടായ്മ പ്രതിനിധികളായ കല്ലൻ മുഹമ്മദ് (റിമാൽ), ഷഫീഖ് തലശ്ശേരി (തലശ്ശേരി മണ്ഡലം വെൽഫെയർ അസോ.), നിഫ്റാസ് (മൈവ), പി.കെ. റഷീദ് (മുണ്ടുമുഴി കൂട്ടായ്മ), അഡ്വ. ജമാൽ (പ്രവാസി), മുഹ്യുദ്ദീൻ ഷഹീർ (കോഴിക്കോടൻസ്), റിൻസില (തനിമ), അഷ്റഫ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു. ഉമർ സഈദ് ഖിറാഅത്തും അമീൻ മമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.