ഇടതുപക്ഷത്തിെൻറ ദാരുണമായ രാഷ്ട്രീയ തിരിച്ചടിക്ക് പിന്നിൽ സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചകളും അയ്യപ്പ സംഗമവും വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവരെ പേറിനടന്നതുമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ കുമ്പസരിക്കുമ്പോൾ, അത് പെട്ടെന്നുണ്ടായ ഒരു തിരിച്ചറിവല്ല.
പാർട്ടി തലങ്ങളിലും കീഴ്ഘടകങ്ങളിലും നേരത്തെതന്നെ ഉയർന്നുവന്ന വിമർശനങ്ങളുടെ തുടർച്ച മാത്രമാണത്. കേവലം സമുദായ പ്രീണനത്തിനും വംശീയ രാഷ്ട്രീയത്തിനും കൈകൊടുത്തതാണ് ഇടതുപക്ഷത്തിെൻറ പതനത്തിന് ആക്കം കൂട്ടിയത് എന്ന വിലയിരുത്തൽ ശരിവെക്കുന്നതാണ് ഈ ആത്മപരിശോധനകൾ.
എന്നാൽ, ഈ വിധിയിൽനിന്നും സ്വയംവിമർശനത്തിൽനിന്നും പാഠം ഉൾക്കൊള്ളേണ്ടത് ഇടതുപക്ഷം മാത്രമല്ല, നിലവിൽ ഭരണചക്രം തിരിക്കുന്ന വലതുപക്ഷം കൂടിയാണ്. കാരണം, ഇടതുപക്ഷത്തിെൻറ വിഭജന രാഷ്ട്രീയത്തിനെതിരെയും പ്രീണന നിലപാടുകൾക്കെതിരെയുമുള്ള ജനങ്ങളുടെ ശക്തമായ അമർഷമാണ് നിലവിലെ ഭരണമാറ്റത്തിന് വഴിവെച്ചത്.
ഈ ജനവിധി തങ്ങൾക്ക് ലഭിച്ച നിരുപാധിക പിന്തുണയാണെന്ന് പുതിയ ഭരണാധികാരികൾ കരുതുന്നത് വലിയ തെറ്റിദ്ധാരണയായിരിക്കും. ഭരണത്തിലേറിയതിന് പിന്നാലെ നിലവിലെ മന്ത്രിമാരും ഭരണനേതാക്കളും നടത്തുന്ന ചില സന്ദർശനങ്ങൾ നൽകുന്ന സന്ദേശം ഒട്ടും ശുഭകരമല്ല.
ഒരു സമുദായത്തെയും ജനവിഭാഗങ്ങളെയും നിരന്തരം വംശീയമായി അധിക്ഷേപിക്കുകയും വിദ്വേഷ പ്രസ്താവനകൾ നടത്തുകയും ചെയ്ത വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ. വ്യക്തിബന്ധങ്ങളുടെയോ സമുദായ സമവാക്യങ്ങളുടെയോ പേരിൽ ന്യായീകരിക്കാൻ ശ്രമിച്ചാലും, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അങ്ങോട്ട് പോയി അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചത് മതേതര കേരളത്തിന് നൽകുന്ന സന്ദേശം എന്താണ്?
ഇത്രയേറെ അധിക്ഷേപങ്ങൾ നേരിട്ടിട്ടും ആ മുന്നണിയെ പിന്തുണച്ച വലിയൊരു വിഭാഗം ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമല്ലേ ഈ നടപടി? മറ്റൊന്ന്, സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ സന്ദർശനമാണ്. മന്ത്രിമാർ എല്ലാവരുടെയും പ്രതിനിധികളാണെന്നതിൽ തർക്കമില്ല.
എന്നാൽ, സ്വന്തം ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ നിരന്തരം പരിഹസിക്കുകയും ചാനൽ ചർച്ചകളിൽ തീവ്ര വലതുപക്ഷ-സംഘപരിവാർ നിലപാടുകൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന ശ്രീജിത്ത് പണിക്കരുടെ വീട്ടിൽ, ജന്മദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി നേരിട്ടെത്തിയത് കേവലമൊരു സൗഹൃദ സന്ദർശനമായി കാണാനാകില്ല.
തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും നേതാക്കളെയും അധിക്ഷേപിക്കുന്നവർക്കും വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്കും ഭരണകൂടത്തിെൻറ തണൽ ലഭ്യമാകുന്നു എന്ന സൂചനയാണത് നൽകുന്നത്. ഇടതുപക്ഷത്തെ തോൽപ്പിച്ച അതേ വംശീയ-വിഭാഗീയ ശക്തികളുമായി കൂട്ടുകൂടാനും അവരെ പ്രീണിപ്പിക്കാനും വലതുപക്ഷവും തയ്യാറായാൽ, ജനങ്ങൾക്ക് മുന്നിൽ ഇരുവരും ഒരുപോലെയായി മാറും. കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തെയോ വലതുപക്ഷത്തെയോ അന്ധമായി പിന്തുണയ്ക്കുന്നവരല്ല; മറിച്ച് മതേതരത്വവും സാമൂഹിക ഐക്യവും സംരക്ഷിക്കുന്നവരെ മാത്രമാണ് നെഞ്ചിലേറ്റുന്നത്. ഇടതുപക്ഷത്തിന് സംഭവിച്ച പതനം തങ്ങൾക്കും സംഭവിക്കാം എന്ന ബോധ്യം നിലവിലെ ഭരണാധികാരികൾക്ക് ഉണ്ടാകുന്നത് നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.