സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ 

സ്ഥിതിഗതികൾ വിലയിരുത്തി സൗദി കിരീടാവകാശി; ബഹ്‌റൈൻ രാജാവുമായും സിറിയൻ പ്രസിഡൻറുമായും ചർച്ച നടത്തി

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ വിലയിരുത്തി. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറാ എന്നിവരുമായി നടത്തിയ പ്രത്യേക ഫോൺ സംഭാഷണങ്ങളിലാണ് പരസ്പര താല്പര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത്.

സൗദി അറേബ്യ കേന്ദ്രീകരിച്ച് പുതിയ ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യം രൂപവത്കരിച്ചതിലും ഇതിെൻറ സ്ഥിര ആസ്ഥാനമായി സൗദിയെ തിരഞ്ഞെടുത്ത് നേതൃത്വം ഏൽപ്പിച്ചതിലും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കിരീടാവകാശിയെ അഭിനന്ദനം അറിയിച്ചു. മേഖലയിലെ കൂട്ടായ നാവിക സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി അറേബ്യ വഹിക്കുന്ന നേതൃത്വപരമായ പങ്കിലുള്ള അന്താരാഷ്ട്ര സമൂഹത്തിെൻറ വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകൾ സൗദി അറേബ്യയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമങ്ങളെ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറാ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിനും സുരക്ഷക്കും സംരക്ഷണത്തിനും സിറിയയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

സൗദി അറേബ്യയും ബഹ്‌റൈൻ, സിറിയ എന്നീ രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ചയിൽ പരിശോധിച്ചു. കൂടാതെ, മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും നിലവിലെ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിച്ച് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളും ചർച്ചയിൽ വിഷയമായി.

Tags:    
News Summary - Saudi Crown Prince holds talks with Bahraini King and Syrian President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.