റിയാദ്: സൗദിയിൽ ഡ്രൈവിങ് കാർഡ് ഇല്ലാതെ ടാക്സി ഡ്രൈവറായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ടാക്സി, ലീസിങ് ബ്രോക്കറേജ് നിയന്ത്രണത്തിനുള്ള ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് അനുസൃതമായാണിത്.ഡൈവിങ് ലൈസൻസിനു പുറമെ ഡ്രൈവർക്ക് ഒരു പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകേണ്ടതിന്റെ ആവശ്യകത വ്യവസ്ഥയിലുണ്ട്. ഡ്രൈവർമാരുടെ ജോലി യോഗ്യത ഉറപ്പാക്കുക, പൗരന്മാർക്കും താമസക്കാർക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുക, ഡ്രൈവർമാരുടെ തൊഴിൽ ശേഷി വർധിപ്പിക്കുക, സുരക്ഷ നിലവാരം ഉയർത്തുക എന്നിവയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം.
ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും ഈ നിബന്ധന പാലിക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ട അധികാരികൾ ഊന്നിപ്പറഞ്ഞു. സാധുവായ ഡ്രൈവിങ് ലൈസൻസും സാധുവായ കാർഡും ഇല്ലാതെ ഒരു ഡ്രൈവർക്കും ഈ മേഖലയിൽ ജോലി ചെയ്യാൻ അനുവാദമില്ലെന്നും പറഞ്ഞു.
ടാക്സി സർവിസ് നടത്താൻ ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും അവരുടെ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ സ്റാറ്റസ് തിരുത്തൽ വേഗത്തിലാക്കാനും സമയപരിധി അവസാനിക്കുന്നതിന് മുമ്പ് അവർ കാർഡ് നേടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഗതാഗത അതോറിറ്റി മുമ്പ് ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥ പാലിച്ചില്ലെങ്കിൽ ടാക്സി ഡ്രൈവർമാരെ ജോലി ചെയ്യുന്നതിൽനിന്ന് തടയുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ചട്ടങ്ങൾ അനുസരിച്ച് സൗദിയിൽ ടാക്സി ഡ്രൈവർക്ക് ട്രാഫിക് നിയമങ്ങൾക്കനുസൃതമായി സാധുവായ പൊതു ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ അതോറിറ്റി വ്യക്തമാക്കിയ മെഡിക്കൽ പരിശോധനയിൽ വിജയിച്ചിരിക്കണം. ക്ലീൻ ക്രിമിനൽ റെക്കോർഡും അതോറിറ്റി അംഗീകരിച്ച പരിശീലന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണമെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.