സദ്യയും സൗദി അവയവമാറ്റ കേന്ദ്രവും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
ജിദ്ദ: 'തവക്കൽനാ' ആപ്ലിക്കേഷനിൽ അവയവദാന രജിസ്ട്രേഷൻ സേവനമാരംഭിക്കുന്നു. കിരീടാവകാശിയും സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (സദ്യ) ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ നിർദേശത്തെ തുടർന്നാണിത്. സൗദി അവയവമാറ്റ കേന്ദ്രവുമായി സഹകരിച്ച് തവക്കൽനാ വെബ്സൈറ്റിലൂടെയും മൊബൈൺ ഫോൺ ആപ്ലിക്കേഷനിലൂടെയുമാണ് രജിസ്ട്രേഷൻ സേവനം ആരംഭിക്കുന്നതെന്ന് 'സദ്യ' വ്യക്തമാക്കി.
അവയവങ്ങൾ ആവശ്യമുള്ള രോഗികളെ സേവിക്കുകയും മാനുഷികമായ മൂല്യങ്ങൾ സംരക്ഷിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.'തവക്കൽനാ' സംവിധാനത്തിലൂടെ സൗദി അവയവമാറ്റ കേന്ദ്രവുമായുള്ള സഹകരണം ശക്തിപ്പെടുത്തും. അവയവങ്ങൾ ആവശ്യമുള്ളവർക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവരെ സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും അതോറിറ്റി പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രോഗ്രാമിൽ ചേരുന്നതിനുള്ള പ്രക്രിയകളായിരിക്കും ലഭ്യമാക്കുക. റദ്ദ് ചെയ്യൽ, ഡിജിറ്റൽ സംവിധാനത്തിലൂടെ സേവനദാതാവിനുള്ള കാർഡ് എന്നീ സേവനങ്ങൾ പിന്നീട് ചേർക്കും.
അവയവദാനം എളുപ്പമാക്കാനും ആ സംസ്കാരം പ്രചരിപ്പിക്കാനുമാണ് സൗദി അവയവമാറ്റ കേന്ദ്രവുമായി സഹകരിച്ചു പ്രവർത്തിക്കുന്നതെന്നും അതോറിറ്റി പറഞ്ഞു.അതേസമയം, സദ്യയും സൗദി അവയവമാറ്റ കേന്ദ്രവും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേധാവി ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാമിദിയുടെ സാന്നിധ്യത്തിൽ സൗദി അവയവമാറ്റം കേന്ദ്രം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഗുനൈമും സദ്യ പ്രതിനിധി എൻജിനീയർ അബ്ദുല്ല അൽഇൗസയുമാണ് ധാരണപത്രം ഒപ്പുവെച്ചത്. സൗദി അവയവമാറ്റ കേന്ദ്രവുമായി ധാരണപത്രം ഒപ്പിട്ടതിനെ അതോറിറ്റി മേധാവി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.