ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മൻസൂർ പള്ളൂർ സംസാരിക്കുന്നു
റിയാദ്: സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട മതേതരവും ഐക്യപൂർണവുമായ ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്നും എഴുത്തുകാരനും ചിന്തകനും ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനറുമായ മൻസൂർ പള്ളൂർ പറഞ്ഞു.
ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച ‘ആസാദി @ 79’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യസമരത്തിലെ റാം പ്രസാദ് ബിസ്മിലും അഷ്ഫാഖുള്ള ഖാനും തമ്മിലുള്ള ആത്മബന്ധം മതസൗഹാർദ്ദത്തിെൻറയും ദേശീയ ഐക്യത്തിന്റെയും ഉജ്ജ്വല മാതൃകയാണെന്നും മതത്തിെൻറ അതിർവരമ്പുകൾക്കപ്പുറം രാജ്യത്തിെൻറ സ്വാതന്ത്ര്യമായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്വാതന്ത്ര്യം അതിർത്തികളിൽ മാത്രം സംരക്ഷിക്കേണ്ടതല്ലെന്നും ഓരോ മനുഷ്യന്റെയും മനസ്സിലും ചിന്തയിലും സംരക്ഷിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നാദിർഷാ റഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, റഷീദ് കൊളത്തറ, അബ്ദുല്ല വല്ലാഞ്ചിറ, ശിഹാബ് കൊട്ടുകാട്, ഷമീർ മാളിയേക്കൽ, രഘുനാഥ് പറശ്ശിനിക്കടവ്, മാള മുഹിയുദ്ധീൻ, സൈഫ് കായംകുളം, അബ്ദുൽ കരീം കൊടുവള്ളി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സോണി പാറക്കൽ സ്വാഗതവും ബഷീർ കോട്ടക്കൽ നന്ദിയും പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മലപ്പുറം ജില്ലയിലെ ജൈസൽ വാണിയമ്പലം ഒന്നാം സ്ഥാനവും, കോഴിക്കോട് ജില്ലയിലെ റിയാസ് ആസാദ് രണ്ടാം സ്ഥാനവും, മലപ്പുറം ജില്ലയിലെ ജംഷീർ ചെറുകാട് മൂന്നാം സ്ഥാനവും, എറണാകുളം ജില്ലയിലെ അജ്നാസ് നാലാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം കൺവീനർ നാദിർഷാ റഹ്മാൻ നിയന്ത്രിച്ച ഈ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഒ.ഐ.സി.സിയുടെ പൊതുപരിപാടിയിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.