റിയാദ്: സൗദിയിൽ തുർക്കി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ജനങ്ങൾക്കിടയിൽ പ്രചാരണം ശക്തമായതിനെ തുടർന്ന് ഇറക്കുമതിയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2020 ഡിസംബറിൽ ഇറക്കുമതി 72 ശതമാനം റെക്കോഡ് താഴ്ച രേഖപ്പെടുത്തി. തുർക്കി ഉൽപന്നങ്ങളുടെ വിൽപന 50.6 ദശലക്ഷം റിയാലായി കുറഞ്ഞു. നേരേത്ത ഇത് 182.2 ദശലക്ഷം റിയാലായിരുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറ (ഗസ്റ്റാറ്റ്) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇൗ കണക്കുകളുള്ളത്.
തുർക്കി ഉൽപന്നങ്ങൾ ബഹിഷ്കരിച്ച ശേഷമുള്ള ഇറക്കുമതിയുടെ അളവിൽ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണ് ഡിസംബർ മൂല്യം. കഴിഞ്ഞ വർഷം സൗദിയിലെ ബിസിനസുകാരും ചില്ലറ വ്യാപാരികളും അടക്കം തുർക്കിയിൽനിന്നുള്ള ഇറക്കുമതി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മേഖലയിലെ തുർക്കിയുടെ രാഷ്ട്രീയ ഇടപെടൽ നയങ്ങളെ ചൊല്ലിയാണ് ബഹിഷ്കരണ ആഹ്വാനമുണ്ടായത്. ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന പ്രചാരണം നേരത്തേ ശക്തമായിരുന്നു. തുർക്കി ഉൽപന്നങ്ങൾക്ക് ബദലുകൾ നൽകാൻ സൗദി വ്യവസായ മേഖലക്ക് കഴിയുമെന്ന് 2020 ഒക്ടോബറിൽ സ്വകാര്യ മേഖലയിലെ നിരവധി ബിസിനസ് വിദഗ്ധർ പറഞ്ഞിരുന്നു. ഭക്ഷണം, നിർമാണ സാമഗ്രികൾ, ഉപകരണങ്ങൾ, ഉപഭോക്തൃവസ്തുക്കളുടെയും ഉൽപന്നങ്ങളുടെയും ഉൽപാദനം എന്നീ മേഖലകളെ ഉൾക്കൊള്ളുന്ന പ്രധാന വ്യവസായ സൗകര്യം സൗദി അറേബ്യയിൽ തന്നെ ഉണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു.
പ്രാദേശിക മൂല്യം വർധിപ്പിക്കാൻ ഇറക്കുമതി ബഹിഷ്കരണത്തിലൂടെ കഴിഞ്ഞുവെന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കമ്മി പരിഹരിക്കാൻ സൗദി സമ്പദ്വ്യവസ്ഥ പ്രാപ്തമാണെന്നും സൗദി ചേംബർ ഓഫ് കോമേഴ്സ് വക്താക്കളും വ്യക്തമാക്കി. വാണിജ്യ, വ്യവസായിക മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ നൽകുന്ന മികവുറ്റ സേവനങ്ങൾ സൗദി സാമ്പത്തിക മേഖലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. രാജ്യത്ത് തുർക്കി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള സമീപകാലത്തെ പ്രചാരണത്തിെൻറ ഫലമായാണ് വിപണി ശക്തിപ്പെട്ടത്. രാജ്യത്തെയും സൗദി നേതൃത്വത്തെയും ബഹുമാനിക്കാത്ത ഏതൊരു രാഷ്ട്രത്തിെൻറയും ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് നേരേത്ത തുർക്കിയിൽനിന്നുള്ള പല സാധനങ്ങളുടെയും ഇറക്കുമതി നിർത്തിവെച്ചത്. പ്രാദേശിക വിപണിയിൽ ഉൽപന്നങ്ങൾ വൈവിധ്യവത്കരിക്കാനും ഏതെങ്കിലും കുത്തക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും ഈ അവസരം വഴി രാജ്യത്തെ വ്യാപാര മേഖലയിൽ സാധിച്ചതായും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.