‘സെവൻ അബഹ’ വിനോദസഞ്ചാര കേന്ദ്രം ആഗസ്​റ്റ്​ അഞ്ചിന് ഉദ്ഘാടനം ചെയ്യും

അബഹ: സൗദി അറേബ്യയിലെ വിനോദസഞ്ചാര-വിനോദ മേഖലക്ക് പുതിയ ഊർജ്ജം പകർന്നുകൊണ്ട് ‘സെവൻ അബഹ’ വിനോദ പദ്ധതി വരും ആഗസ്​റ്റ്​ അഞ്ചിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അസീർ മേഖല ഗവർണറും റീജനൽ ഡെവലപ്‌മെൻറ്​ അതോറിറ്റി ചെയർമാനുമായ അമീർ തുർക്കി ബിൻ തലാൽ അൽ സഊദി​െൻറ മുഖ്യ കാർമികത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.

സൗദി എൻറർടൈൻമെൻറ്​ വെഞ്ചേഴ്സ് രാജ്യത്തുടനീളം സ്ഥാപിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആദ്യത്തേതാണ് അബഹയിൽ തുറക്കാനൊരുങ്ങുന്നത്. പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടി​െൻറ കീഴിലുള്ള ഖിദ്ദിയ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് സൗദി എൻ്റർടൈൻമെൻറ്​ വെഞ്ചേഴ്സ്. സൗദി വിഷൻ 2030-​െൻറ വികസന ലക്ഷ്യങ്ങൾ മുൻനിർത്തി, അസീർ മേഖലയിലെ വിനോദസഞ്ചാര പുരോഗതിക്ക് വേഗത കൂട്ടാനായി അസീർ ഡെവലപ്‌മെൻറ്​ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

 

സൗദിയിലെ പ്രമുഖ വിനോദസഞ്ചാര-സാംസ്കാരിക നഗരങ്ങളിലൊന്നായ അബഹയിലാണ് ഈ പുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അസീർ മേഖലയുടെ തനതായ സാംസ്കാരിക പാരമ്പര്യത്തോടും പ്രകൃതിഭംഗിയോടും പൂർണമായും ഇണങ്ങിചേരുന്ന രീതിയിലാണ് ഈ കേന്ദ്രത്തി​െൻറ രൂപകൽപ്പന. കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള ഇൻററാക്ടീവ് ഗെയിമുകൾ, വിവിധ വിനോദ പരിപാടികൾ എന്നിവയുൾപ്പെടെ സന്ദർശകർക്ക് സമഗ്രമായ ഒരു വേറിട്ട അനുഭവം പദ്ധതി സമ്മാനിക്കും.

 

പ്രാദേശിക ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സമീപത്തുള്ള മറ്റ് പ്രധാന വികസന പദ്ധതികളുമായി സുഗമമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുമായി 'ലിവിങ് ഹെറിറ്റേജ് ഓഫ് അസീർ' തന്ത്രത്തി​െൻറ ഭാഗമായി എയർപോർട്ട് ക്ലസ്റ്ററിനുള്ളിലാണ് ഈ പ്രോജക്ട് സ്ഥാപിച്ചിരിക്കുന്നത്.

 

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി ആഗോള നിലവാരത്തിലുള്ള 14 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് സെവൻ അബഹ ഒരുങ്ങിയിരിക്കുന്നത്. 50 ബില്യൺ സൗദി റിയാലിലധികം നിക്ഷേപത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതികൾ വഴി രാജ്യത്ത് ലോകോത്തര വിനോദാനുഭവങ്ങൾ ലഭ്യമാക്കുക മാത്രമല്ല, വൻതോതിലുള്ള പുതിയ സാമ്പത്തിക-നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - 'Seven Abaha' tourist center to be inaugurated on August 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.