നാളെ വിദ്യാലയങ്ങൾ തുറക്കും; മക്കയിലും മദീനയിലും 19 ലക്ഷത്തോളം വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

റിയാദ്: സമഗ്രമായ തയ്യാറെടുപ്പുകൾക്കും ഭൗതികസാഹചര്യങ്ങളുടെ ഒരുക്കങ്ങൾക്കും ശേഷം മക്ക, മദീന മേഖലകളിലെ വിദ്യാലയങ്ങൾ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്​ച തുറക്കും. 19 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ മേഖലകളിൽ പുതിയ അധ്യയന വർഷത്തിൽ എത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ്​ അധികൃതർ അറിയിച്ചു.

അധ്യാപകരും അനുബന്ധ ജീവനക്കാരും നേരത്തെ തന്നെ ചുമതലകളിൽ പ്രവേശിച്ച് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അധ്യയന വർഷത്തി​െൻറ തുടക്കം മുതൽ തന്നെ സുഗമവും സുസ്ഥിരവുമായ ബോധന അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം.

മക്ക മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആകെ 4.64 ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തുമ്പോൾ, ത്വാഇഫിൽ 2.70 ലക്ഷത്തോളം പഠിതാക്കളാണ് ക്ലാസുകളിലെത്തുന്നത്. ജിദ്ദ ഗവർണറേറ്റിലെ 2,862 സർക്കാർ, സ്വകാര്യ, അന്താരാഷ്​ട്ര, വിദേശ സ്കൂളുകളിലായി ഏഴ്​ ലക്ഷത്തോളം വിദ്യാർത്ഥികൾ പഠനം ആരംഭിക്കും.

ജിദ്ദയിലെ നഗരവികസനവും ജനസംഖ്യാ വർധനവും കണക്കിലെടുത്ത് മേഖലയിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. ഇതി​െൻറ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ 27 ആധുനിക സ്കൂളുകളും അഞ്ച്​ ഏർലി ചൈൽഡ്ഹുഡ് പ്രൊജക്റ്റുകളും എട്ട്​ ‘അസീൽ’ മാതൃകാ സ്കൂളുകളും സജ്ജമാക്കി.

കൂടാതെ വിവിധ ഹൗസിങ്​ പ്രൊജക്റ്റുകൾക്കുള്ളിലായി നിർമാണത്തിലുള്ള 30 പുതിയ സ്കൂളുകളുടെ പ്രവൃത്തികളും പുരോഗമിക്കുന്നു. മദീനയിൽ 2,631 സ്കൂളുകളിലായി അഞ്ച്​ ലക്ഷം വിദ്യാർത്ഥികളെ സ്വീകരിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ പൂർണ സജ്ജമാണ്. 38,000-ത്തിലധികം അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണ് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുന്നത്.

ഇത്തവണ ഒന്നാം ക്ലാസിലേക്ക് 2,46,000 പുതിയ വിദ്യാർത്ഥികളും, പ്രീ-സ്കൂൾ ലെവൽ മൂന്നിൽ 1,97,000 കുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശനം നേടിയ പുതിയ കുട്ടികളുടെ പഠനയാത്ര സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ട്.

പഠനാന്തരീക്ഷം മെച്ചപ്പെടുത്തൽ, ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കൽ, പ്രവർത്തന പദ്ധതികൾ സജ്ജമാക്കൽ തുടങ്ങിയ പ്രാഥമിക നടപടികൾക്ക് പുറമേ, പാഠപുസ്തകങ്ങളുടെ വിതരണം മുൻകൂട്ടി പൂർത്തിയാക്കുകയും സ്കൂളുകളുടെ തയ്യാറെടുപ്പുകൾ നേരിട്ട് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

മദീന എജ്യുക്കേഷൻ ഡയറക്ടറേറ്റ് തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതി​െൻറ ഭാഗമായി അഞ്ച്​ സ്പോർട്സ് ഹാളുകൾ, സ്പെഷ്യൽ എജ്യുക്കേഷനായുള്ള 21 പ്രോഗ്രാമുകൾ, രണ്ട്​ സെൻട്രൽ സ്കൂളുകൾ, 64 ക്ലാസ് മുറികളുള്ള മൂന്ന്​ പുതിയ കെട്ടിടങ്ങൾ, മിടുക്കരായ വിദ്യാർത്ഥികൾക്കായുള്ള നാല്​ സ്കൂളുകൾ, നാല്​ അഡ്മിഷൻ കമ്മിറ്റി സെൻററുകൾ എന്നിവ പുതുതായി ആരംഭിച്ചിട്ടുണ്ട്.

പുതിയ അധ്യയന വർഷത്തിലെ ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി ഇരു മേഖലകളിലെയും വിദ്യാഭ്യാസ വകുപ്പുകൾ നിരന്തര നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്.

Tags:    
News Summary - Schools to reopen tomorrow; nearly 1.9 million students back to classrooms in Makkah and Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.