ജിദ്ദ: കഅ്ബയെ പഴയത് മാറ്റി പുതിയ കിസ്വ പുതപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് ആരോഗ്യ മുൻകരുതൽ പാലിച്ച് കിസ്വ ഫാക്ടറിയിലെ ജോലിക്കാർ പഴയ കിസ്വ എടുത്തു മാറ്റി പുതിയ കിസ്വ പുതച്ചിച്ചത്. അതത് വർഷം അറഫാദിനത്തിലാണ് കഅ് ബയെ പുതിയ കിസ്വ പുതപ്പിക്കാറെങ്കിൽ ഇത്തവണ ഒരു ദിവസം നേരത്തെയാണ് ചടങ്ങ് നടന്നത്.
ദുൽഹജ്ജ് ഒന്നിന് സൽമാൻ രാജാവിന് വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് കഅ്ബയുടെ മുതിർന്ന പരിപാലകനായ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക് കിസ്വ കൈമാറിയത്. ഇരുഹറം കാര്യാലയത്തിന് കീഴിൽ മക്കയിലെ ഉമ്മു ജൂദിലുള്ള കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സിലാണ് കിസ്വ നിർമിച്ചത്. കറുത്ത ചായം പൂശിയ കിസ്വ ശുദ്ധമായ 670 കിലോ പട്ടിലാണ് നിർമിച്ചിരിക്കുന്നത്. ഉയരം 14 മീറ്ററാണ്. മുകളിൽ മൂന്നിലൊന്ന് ഭാഗം താഴെയായി നാലു ഭാഗവും ചുറ്റി 95 സെൻറി മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള പട്ടയുണ്ട്. ചുറ്റും അഴകാർന്ന രീതിയിൽ ഖുർആനിക സൂക്തങ്ങൾ ആലേഖനം ചെയ്തു നെയ്തെടുത്ത 16 ചതുര തുണി കഷണങ്ങളുണ്ട്. ഒരോ ഭാഗവും മൂടുന്നത് നാല് വലിയ കഷണങ്ങളോട് കൂടിയാണ്. അഞ്ചാമതൊരു കഷണമുണ്ട്. അത് കഅ്ബയുടെ വാതിൽ വിരിയാണ്.
ഏകദേശം ഒരു വർഷമെടുത്ത് ഘട്ടങ്ങളായാണ് കിസ്വ നിർമിക്കുന്നത്. 200ലധികം പേരാണ് ഇതിനുവേണ്ടിയുള്ള ജോലി നടത്തുന്നത്. നെയ്ത്ത് രംഗത്തെ നൂതന ഉപകരണങ്ങളാണ് കിസ്വ ഫാക്ടറിയിലുള്ളത്. 16 മീറ്റർ നീളം വരുന്നതാണ് എംബ്രായിഡറി മെഷീൻ. ലോകത്തെ ഏറ്റവും വലിയ എബ്രോയിഡറി മെഷീനുകളിലൊന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.