ദമ്മാം: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ ഏഷ്യന്‍ പര്യടനം രാജ്യാന്തര വിപണിയിലും നയതന്ത്രരംഗത്തും വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഏഷ്യയിലേക്കുള്ള ഏറ്റവും വലിയ നയതന്ത്ര ദൗത്യമായി വിലയിരുത്തപ്പെടുന്ന പര്യടനത്തിന്‍െറ ആദ്യപാദം മലേഷ്യയില്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയായി. നിരവധി കരാറുകളും ഉടമ്പടികളുമാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഇവിടെ ഒപ്പുവെച്ചത്. മലേഷ്യയുടെ ദേശീയ എണ്ണ കമ്പനിയായ പെട്രോണസുമായി സൗദി അരാംകോ ഒപ്പുവെച്ച കരാറാണ് ശ്രദ്ധേയം. ഇതുപ്രകാരം പെട്രോണസുമായി സഹകരിച്ച് തെക്കന്‍ സംസ്ഥാനമായ ജോഹറില്‍ കൂറ്റന്‍ എണ്ണ സംസ്കരണശാല സ്ഥാപിക്കും. 700 കോടി ഡോളര്‍ ആണ് അരാംകോ ഇവിടെ നിക്ഷേപിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഒറ്റ നിക്ഷേപസ്ഥാപനമായി അരാംകോ മാറി.
ഇതുകൂടാതെ ഇരുരാജ്യങ്ങളിലെയും വിവിധ കമ്പനികള്‍ 200 കോടി ഡോളര്‍ മൂല്യമുള്ള ഏഴു കരാറുകളും ഒപ്പിട്ടിട്ടുണ്ട്. എണ്ണ, വാതകം, ഇസ്ലാമിക് ബാങ്കിങ്, ശരിഅത്ത് അധിഷ്ഠിത ഉല്‍പന്നങ്ങള്‍, ഹലാല്‍ വ്യവസായം, നിര്‍മാണം തുടങ്ങിയ രംഗങ്ങളിലാണ് കരാറുകള്‍. മലേഷ്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്കോളര്‍ഷിപ്പും സല്‍മാന്‍ രാജാവ് സന്ദര്‍ശനത്തിനിടെ പ്രഖ്യാപിച്ചു. മാര്‍ച്ച് ഏഴിന് ആരംഭിക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ മലേഷ്യയുടെ വര്‍ധിച്ച സഹകരണം ഉള്‍പ്പെടെ ചര്‍ച്ചയായി.
മലേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജാവും സംഘവും ബുധനാഴ്ച ഇന്തോനേഷ്യയിലത്തെും. ഭീകരവാദത്തിനെതിരായ സംയുക്ത നീക്കം ഉള്‍പ്പെടെ 10 പ്രധാന ഉടമ്പടികളാണ് ഇവിടെ ചര്‍ച്ച ചെയ്യാനിരിക്കുന്നത്. ഏതാണ്ട് അര നൂറ്റാണ്ടിന് ശേഷമാണ് ഒരു സൗദി ഭരണാധികാരി ഇന്തോനേഷ്യയിലത്തെുന്നത്. മാര്‍ച്ച് 12 വരെ രാജാവ് ഇവിടെ ഉണ്ടാകും. ബാലി ദ്വീപിലായിരിക്കും കൂടുതല്‍ സമയം ചെലവഴിക്കുകയെന്ന് രാജ്യത്തെ സൗദി സ്ഥാനപതി ഉസാമ മുഹമ്മദ് അബ്ദുല്ല അല്‍ശുഐബി പറഞ്ഞു. ‘തീവ്രവാദവും ബോംബാക്രമണങ്ങളും മുറിവേല്‍പിച്ച രാജ്യമാണ് ഇന്തോനേഷ്യ. മനുഷ്യജീവന് ആദരവ് നല്‍കാത്ത വഴിപിഴച്ച സിദ്ധാന്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് പിന്തുടരുന്നത്. ഇക്കാര്യത്തില്‍ ഇന്തോനേഷ്യയുമായി വര്‍ധിച്ച സഹകരണം ഉണ്ടാകും.’- അംബാസഡര്‍ പറഞ്ഞു.
വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് രഹസ്യന്വേഷണ വിഭാഗങ്ങള്‍ തമ്മില്‍ ധാരണ രൂപപ്പെടുത്തും. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്ന സംഘങ്ങള്‍ കഴിഞ്ഞവര്‍ഷം പലതവണ ഇന്തോനേഷ്യയിലെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും ഈ രംഗത്തുണ്ടാകുന്ന സഹകരണം തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബി മാധ്യമത്തിലുള്ള കൂടുതല്‍ ഇസ്ലാമിക പാഠശാലകള്‍ രാജ്യത്ത് ആരംഭിക്കുന്നതിന് സഹായം നല്‍കാനും സൗദി അറേബ്യ ആലോചിക്കുന്നുണ്ട്.
മന്ത്രിമാര്‍, അമീറുമാര്‍, ഉദ്യോഗസ്ഥര്‍, നയതന്ത്രപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ആയിരത്തിലേറെ പേരുടെ സംഘമാണ് പര്യടനത്തില്‍ സല്‍മാന്‍ രാജാവിനെ അനുഗമിക്കുന്നത്. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ബുധനാഴ്ച എത്തുന്ന രാജാവ് ഇവിടത്തെ ബോഗോര്‍ രാജകൊട്ടാരവും സന്ദര്‍ശിക്കും. സൗദി വിനോദസഞ്ചാരികളുടെ ഇഷ്ട ലക്ഷ്യസ്ഥാനമാണ് ഇന്തോനേഷ്യന്‍ ദ്വീപുകള്‍. വിനോദസഞ്ചാരരംഗത്തെ സഹകരണവും ചര്‍ച്ചകളില്‍ ഇടംപിടിക്കും.
അതിനിടെ, തിങ്കളാഴ്ച ജാവയിലെ ബന്‍ദൂങ്ങില്‍ ബോംബ് സ്ഫോടനത്തിന് ശ്രമിച്ച ഒരു ഭീകരനെ ഇന്തോനേഷ്യന്‍ പൊലീസ് വധിച്ചു. സല്‍മാന്‍ രാജാവ് എത്തുന്നതിന് തൊട്ടുമുമ്പ് നടന്ന ഈ സംഭവത്തെ അതിഗൗരവത്തിലാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. രാജാവിന്‍െറയും സംഘത്തിന്‍െറയും സുരക്ഷക്കായി 9,000 ഓളം സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.