മദീന പള്ളി ആക്രമിക്കാന്‍ ശ്രമിച്ച തീവ്രവാദിയും  സുഹൃത്തും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 

റിയാദ്: മദീനയിലെ പ്രവാചകന്‍െറ പള്ളി ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതിയും സുഹൃത്തും റിയാദില്‍ സുരക്ഷാവിഭാഗവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ജൂലൈയിലാണ് മദീന പള്ളിക്ക് സമീപം നോമ്പു തുറ സമയത്ത് രാജ്യത്തെ നടുക്കിയ ചാവേര്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായിരുന്നു. ഈ കേസില്‍ സുരക്ഷ വകുപ്പ് അന്വേഷിക്കുന്ന ത്വാഇഅ് സാലിം യസ്ലിം അസൈഅരി, സുഹൃത്ത് തലാല്‍ അസ്സാഇദി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര വക്താവ് മന്‍സൂര്‍ അല്‍തുര്‍കി അറിയിച്ചു. സ്ഫോടനത്തിനുപയോഗിച്ച ബോംബും ബെല്‍റ്റുകളും നിര്‍മിച്ചത് ത്വാഇഅ് ആണെന്നാണ് കരുതുന്നത്. 2015 ആഗസ്റ്റ് ആറിന് സൗദിയുടെ വടക്കന്‍ മേഖലയിലെ അസീര്‍ പ്രവിശ്യയില്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം നടത്തിയവരുമായും പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. അസീര്‍ ആക്രമണത്തില്‍ 11 സൈനികരും നാല് ബംഗ്ളാദേശ് ജോലിക്കാരും കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റിയാദ് നഗരത്തിന്‍െറ നഗരിയുടെ കിഴക്ക് ഭാഗത്തുള്ള അല്‍യാസ്മിന്‍ വില്ളേജിലെ ഒരു വീട്ടില്‍ ഇവരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലം വളയുകയായിരുന്നു. അല്‍യാസ്മിന്‍ വില്ളേജിലെ സ്വദേശിയുടെ വീട്ടിലാണ് തീവ്രവാദികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. സുരക്ഷ സേന പരിസരം വളഞ്ഞതോടെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേനയുടെ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവരുടെ താമസ സ്ഥലത്തു നിന്ന് ഗ്രനേഡുകളും യന്ത്രത്തോക്കുകളും ബെല്‍റ്റ് ബോംബ് നിര്‍മാണ സാമഗ്രികളും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷ വിഭാഗത്തിന് പരിക്കുകളൊന്നും ഏറ്റിട്ടില്ളെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.