റിയാദ്: വ്യാജ നിയമനം നടത്തി തൊഴില്‍ മേഖലയില്‍ നടത്തുന്ന തട്ടിപ്പ് തടയാന്‍ കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സൗദി സോഷ്യല്‍ ഇന്‍ഷൂറന്‍സ് നിയമത്തിലെ 62ാം അനുഛേദം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വ്യാജ തൊഴില്‍ നിയമനവും വ്യാജ സ്വദേശിവത്കരണവും തടയാന്‍ കടുത്ത ശിക്ഷ നല്‍കുന്ന ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. 2016 ഒക്ടോബര്‍ 31ന് സൗദി ശൂറ കൗണ്‍സില്‍ അംഗീകരിച്ച നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് സാംസ്കാരിക, വാര്‍ത്താവിതരണ മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി പറഞ്ഞു. 

ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിക്കാരല്ലാത്തവരെ സോഷ്യല്‍ ഇന്‍ഷൂറന്‍സിലും സ്ഥാപനത്തിന്‍െറ തൊഴിലാളി പട്ടികയിലും ഉള്‍പ്പെടുത്തി വ്യാജ സ്വദേശിവത്കരണം തെളിയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്  ചുരുങ്ങിയത് 10,000 റിയാലോ അതല്ളെങ്കില്‍ ഇന്‍ഷൂര്‍ ചെയ്ത സംഖ്യയുടെ ഇരട്ടിയോ പിഴ ചുമത്താനാണ് നിയമ ഭേദഗതി ശിപാര്‍ശ ചെയ്യുന്നത്. വ്യാജ നിയമനത്തിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ഇരട്ടിക്കും. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് അഥവാ ‘ഗോസി’യില്‍ തൊഴിലാളികളെക്കുറിച്ച് വ്യാജ വിവരം നല്‍കുന്നവര്‍ക്കും ഇതേ പിഴ ലഭിക്കും. ഈ നിയമലംഘനത്തിന് രാജ്യത്തെ മറ്റേതെങ്കിലും നിയമമനുസരിച്ച് ഇതിലും കൂടിയ പിഴയോ ശിക്ഷയോ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കില്‍ അതാണ് നല്‍കുക എന്നും ഭേദഗതിയില്‍ പറയുന്നു. തൊഴില്‍ വിപണിയില്‍ നിന്ന് വ്യാജസ്വദേശിവത്കരണം ഇല്ലാതാക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് 2000 നവംബര്‍ 29ന് പുറത്തിറക്കിയ റോയല്‍ കോര്‍ട്ട്  വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയതെന്നും ഡോ. ആദില്‍ അത്തുറൈഫി വിശദീകരിച്ചു.

News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.