ജിദ്ദ: ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ സ്കൂള്‍ വെബ്സൈറ്റിലൂടെ പുതിയ അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം 18 വരെ അപേക്ഷ സ്വീകരിക്കും.
രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളില്‍ നടക്കുന്ന എല്‍. കെ. ജി ക്ളാസുകളിലേക്കാണ് പൂര്‍ണമായ പ്രവേശനം. യു. കെ. ജി ക്ളാസുകളില്‍ ഒഴിവ് വന്നേക്കാവുന്ന കുറഞ്ഞ സീറ്റിലേക്കുള്ള അപേക്ഷകള്‍ വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. എല്‍.കെ.ജി ക്ളാസുകളിലേക്കുള്ള പ്രവേശന അപേക്ഷ സമര്‍പ്പിച്ച കുട്ടികളുടെ നറുക്കെടുപ്പ് ഈ മാസം 25-ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് പന്ത്രണ്ട് മുപ്പതു വരെയും യു. കെ. ജി ക്ളാസുകളിലേക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് നറുക്കെടുപ്പ് അന്ന് തന്നെ ഉച്ചക്ക് 1.30 മുതല്‍ 2.30 വരെയും ബോയ്സ് സ്കൂളില്‍ നടക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍, കുട്ടിയുടെ പാസ്പോര്‍ട്ട് കോപ്പി, താമസ രേഖയുടെ കോപ്പി എന്നിവ സഹിതം രക്ഷിതാക്കളില്‍ ഒരാള്‍ സ്കൂളില്‍ ഹാജരാവണം. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടിയുടെ രേഖകളുടെ അസ്സല്‍ പരിശോധനക്കായി പിന്നീട് സമര്‍പ്പിക്കുകയും വേണം. നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവരും പുതുതായി അപേക്ഷ സമര്‍പ്പിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
അതെ സമയം, അപേക്ഷിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ കെട്ടിട സൗകര്യം വര്‍ധിപ്പിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. ഇതിനായി മുന്‍ സ്കൂള്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ പുതുതായി ചില കെട്ടിടങ്ങള്‍ക്ക് ഭീമമായ വാടക നിശ്ചയിച്ച് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സൗദി അധികൃതരുടെ ഭാഗത്തു നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ ഇവിടെ ക്ളാസുകള്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. സ്കൂളിന് സ്വന്തമായി സ്ഥലം കണ്ടത്തെി കെട്ടിടങ്ങള്‍ നിര്‍മിച്ചു മുന്നോട്ടുപോവാനുള്ള ശ്രമത്തിലാണ് ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് നിലവില്‍ വന്ന പുതിയ ഭരണസമിതി. എന്നാല്‍ സൗദിയിലെ മാറിയ സാഹചര്യങ്ങളും കുടുംബാംഗങ്ങള്‍ക്കു നിലവില്‍ വരുന്ന പുതിയ ഫീസുകളും സ്കൂള്‍ പ്രവേശന നടപടികളെ കാര്യമായി ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.