യാമ്പു: വിശ്വാസി സമൂഹത്തെ കൂടെക്കൂട്ടിയാലല്ലാതെ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും വർഗസമരം സാധ്യമാകണമെങ്കിൽ വിശ്വാസികളുടെയും അല്ലാത്തവരുടെയും യ ോജിച്ച പിന്തുണ അനിവാര്യമാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ് റ്റർ. ഒരു വിശ്വാസിയും വർഗീയത ആഗ്രഹിക്കുന്നില്ല. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി മതത്തെ ദുരുപയോഗപ്പെടുത്തുന്നവരാണ് വർഗീയ സ്പർധ വളർത്തി രാജ്യത്ത് കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്കെതിരെയുള്ള സമീപനങ്ങൾ സി.പി.എം ഉദ്ദേശിക്കുന്നില്ല. വിശ്വാസി സമൂഹത്തെ വിശ്വാസി സമൂഹമായി തന്നെ കാണണം. പാർട്ടിയിലും വലിയൊരു സമൂഹം വിശ്വാസികളുണ്ട്. വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക എന്നത് സി.പി.എം അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. യാമ്പു നാജിൽ അറബ് ഓഡിറ്റോറിയത്തിൽ ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി നൽകിയ സ്വീകരണ സേമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബി.ജെ.പിയും കോൺഗ്രസും ഒരേ സാമ്പത്തിക നയത്തിെൻറ വക്താക്കളാണ്. അവർ പിന്തുടരുന്ന മുതലാളിത്തത്തിെൻറ ഫലമായി ഉണ്ടാകുന്നത് സാമ്പത്തിക മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയുമാണ്. മതേതര കക്ഷികളും ഇടതുപക്ഷവും തമ്മിലുള്ള ഐക്യം ശക്തിപ്പെടുമ്പോൾ മാത്രമേ രാജ്യം ഇന്നെത്തി നിൽക്കുന്ന പിന്നാക്കാവസ്ഥയെ മറികടക്കാൻ കഴിയൂ. രാജ്യത്തെ ക്ഷേമ പ്രവർത്തനങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തിലെ ഇടതു സർക്കാർ കാണിച്ചു കൊടുക്കുന്നതെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കുകൂടി പ്രചോദനമാണ് കേരള മാതൃകയെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ഭൂപ്രഭുത്വത്തിെൻറയും കുത്തകവത്കരണത്തിെൻറയും സാമ്രാജ്യത്വത്തിെൻറയും താൽപര്യം നിലനിര്‍ത്താന്‍ ഭരണവര്‍ഗ പാര്‍ട്ടികള്‍ നടത്തുന്ന ആസൂത്രണ ശ്രമങ്ങൾക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണ്. കേരളത്തിലും മത വര്‍ഗീയ ധ്രൂവീകരണം നടപ്പാക്കാന്‍ വിവിധ പദ്ധതികൾ നടപ്പാക്കുക എന്നത് ബി.ജെ.പിയുടെ അജണ്ടയാണ്.
ഇത് തിരിച്ചറിയാനും ജനാധിപത്യ വ്യവസ്ഥ നിലനിർത്തി സമാധാന അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നതിനാണ് എല്ലാവരും പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി പ്രസിഡൻറ് കരുണാകരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.കെ. റഊഫ്, പ്രസിഡൻറ് ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗോവിന്ദൻ മാസ്റ്റർക്കുള്ള ഉപഹാരം നവോദയ യാമ്പു സെക്രട്ടറി അജോ ജോർജ് നൽകി. സിനി വിനോദ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിവിധ യൂനിറ്റ് സാരഥികൾ മുഖ്യാതിഥിക്ക് ഹാരാർപ്പണം നടത്തി. നവോദയ കലണ്ടർ പ്രകാശനവും ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ നിർവഹിച്ചു. ജിദ്ദ നവോദയ വൈസ് പ്രസിഡൻറ് ഗോപി മന്ത്രവാദി സ്വാഗതവും നവോദയ യാമ്പു കുടുംബ വേദി കൺവീനർ ബൈജു വിവേകാനന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.