റിയാദ്: ഒ.െഎ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റിയും നെസ്റ്റോ ഹൈപർമാർക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കളർ ഫെസ്റ്റ്’ ചിത്രരചന മത്സരം വെള്ളിയാഴ്ച അസീസിയ ട്രെയിൻ (ഗാർഡനിയ) മാളിലെ നെസ്റ്റോ ഹൈപർമാർക്കറ്റ് ഹാളിൽ നടക്കും. റിയാദിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കായി തുടർച്ചയായി നാലാം വർഷത്തിലാണ് ചിത്രരചന, പെയിൻറിങ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ട് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. വൈകീട്ട് നാലിന് മത്സരങ്ങൾ തുടങ്ങും.
പ്രധാനമായും നാല് വിഭാഗങ്ങളിലാണ് മത്സരം. ക്ലാസ് അടിസ്ഥാനത്തിൽ എൽ.കെ.ജി മുതൽ ഒന്ന് വരെ എ ഗ്രൂപ്, രണ്ട് മുതൽ നാല് വരെ ബി ഗ്രൂപ്, അഞ്ച് മുതൽ എട്ട് വരെ സി ഗ്രൂപ്, ഒമ്പത് മുതൽ 12ാം ക്ലാസ് വരെ ഡി ഗ്രൂപ് എന്നിങ്ങനെ തിരിച്ച് മത്സരങ്ങൾ നടത്തും. നാല് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർക്ക് സ്വർണ നാണയമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകും. നാല് വിഭാഗങ്ങളിലും കൂടി മികവ് പുലർത്തുന്ന ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും റിയാദിൽ നിന്നും ഇന്ത്യയിലേക്കും തിരികെയുമുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റുകൾ സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. രജിസ്ട്രേഷനുള്ള അപേക്ഷ ഫോറങ്ങൾ അതാത് സ്കൂളുകളിൽ ലഭ്യക്കും. www.oicc-colorfest.ml/registration എന്ന ലിങ്കിലൂടെ ഓൺലൈനായും രജിസ്റ്റർ ചെയ്യാം.
കളർ ഫെസ്റ്റ് പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം ജില്ലാകമ്മറ്റി പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചുനൽകുന്ന ‘ഇന്ദിരാജി സ്നേഹ ഭവന’ പദ്ധതിക്കുവേണ്ടി വിനിയോഗിക്കും. റിയാദിലെ 12ഒാളം ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുക്കും. കഴിഞ്ഞ വർഷം 10,000ഒാളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. ഇത്തവണ അതിൽ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 18 വയസിന് മുകളിലുള്ളവർക്കായി കാരിക്കേച്ച മത്സരവും ഇതോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വിജയിക്ക് കാഷ് പ്രൈസ് സമ്മാനമായി നൽകും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മോഹൻ ദാസ് വടകര, ആക്ടിങ് പ്രസിഡൻറ് അബ്ദുൽ കരീം കൊടുവള്ളി, മീഡിയ കൺവീനർ അശ്റഫ് മേച്ചിരി, സഫാദ് അത്തോളി, എം.ടി അർഷാദ്, റഫീഖ് എരഞ്ഞിമാവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.