ജിദ്ദ: മദീന മുനിസിപ്പാലിറ്റി 39 പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി. നിബന്ധനകൾ പാലിക്കുന്നതിന് നൽകിയ കാലപരിധി കഴിഞ്ഞതിനെ തുടർന്നാണ് നടപടി. നൂറോളം പമ്പുകൾക്ക് ചട്ടങ്ങൾ പാലിക്കാൻ സാവകാശം നൽകിയിരുന്നു. മേഖലയിലെ മുഴുവൻ പെട്രോൾ സ്റ്റേഷനുകളും വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് പൊതുജനാരോഗ്യമേഖലയിലും, കച്ചവട കേന്ദ്രങ്ങളിലും 12,5000 ലധികം പരിശോധനകൾ നടത്തിയതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഹോട്ടലുകൾ, ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾ, റൊട്ടിക്കടകൾ, പച്ചക്കറി വിൽപന സ്ഥലങ്ങൾ,
ഗോഡൗണുകൾ, മാംസം, മത്സ്യ വിൽപന കേന്ദ്രങ്ങൾ എന്നിവ ഇതിലുൾപ്പെടുമെന്ന് മാർക്കറ്റ് പരിശോധന വിഭാഗം മേധാവി മുഹമ്മദ് ശിതാഅ് പറഞ്ഞു. നിയമങ്ങൾ ലംഘിച്ചതിന് 8354 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 20149 കിലോ ഭക്ഷ്യവസ്തുകൾ പിടികൂടി. പട്രോൾ പമ്പ് വികസനവുമായി ബന്ധപ്പെട്ട് ഇതിനായുള്ള യൂനിറ്റുമായി സഹകരിച്ച് പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. അതേ സമയം വിവിധ മേഖലകളിലെ പെട്രോൾ പമ്പുകളും അനുബന്ധ സേവന കേന്ദ്രങ്ങളും നവീകരിക്കുന്ന ജോലികൾ തുടരുകയാണെന്ന് മുനിസിപ്പൽ ഗ്രാമമന്ത്രാലയം വ്യക്തമാക്കി. നവീകരിച്ച സ്റ്റേഷനുകളുടെ എണ്ണം 155 ആയിട്ടുണ്ട്. ഇവയുടെ പ്രവർത്തനവും പരിപാലനവും അംഗീകാരമുള്ള കമ്പനികൾക്ക് കീഴിലായിരിക്കും. 2018 അവസാനത്തോടെ 178 ഉം 2020 ൽ 280 വരെ പമ്പുകളും അനുബന്ധ സ്ഥാപനങ്ങളും നവീകരിക്കലാണ് ലക്ഷ്യമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.