സൗദിയുടെ എണ്ണയുൽപാദനം വെട്ടികുറയ്​ക്കൽ മാർച്ച് വരെ നീട്ടി

യാംബു: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമായ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 10 ലക്ഷം ബാരൽ വീതം വെട്ടികുറയ്​ക്കുന്നത്​ 2024 വർഷം മാർച്ച് വരെ തുടരാൻ തീരുമാനിച്ചു.

ഊർജ വില വർധിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഈ വർഷം ജൂലൈയിൽ ആരംഭിച്ച​ വെട്ടികുറയ്​ക്കൽ തീരുമാനം ഈ ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ്​ അടുത്ത മൂന്നു മാസത്തേക്ക്​ കൂടി ദീർഘിപ്പിച്ചത്​. വെട്ടിക്കുറച്ചതിന്​ ശേഷം പ്രതിദിന ആഭ്യന്തര ഉത്​പാദനം 90 ലക്ഷം ബാരലായി​ കുറഞ്ഞിരുന്നു. ഇതേ നില മാർച്ച്​ വരെ തുടരാനാണ്​ തീരുമാനമെന്ന്​​ ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച്​ സൗദി പ്രസ്​ ഏജൻസി അറിയിച്ചു. സൗദിയോടൊപ്പം നിരവധി ഒപക്​ പ്ലസ്​ രാജ്യങ്ങൾ ഉത്​പാദനം വെട്ടിക്കുറയ്​ക്കാൻ സന്നദ്ധമായതോടെ 2024 മാർച്ച്​ വരെ പ്രതിദിനം കുറവ്​ വരുന്നത്​ 22 ലക്ഷം ബാരലാവും.

റഷ്യ അഞ്ച്​ ലക്ഷവും ഇറാഖ്​ 2.23 ലക്ഷവും യു.എ.ഇ 1.63 ലക്ഷവും കുവൈത്ത്​ 1.35 ലക്ഷവും കസാഖിസ്​താൻ 82,000ഉം അൾജീരിയ 51,000ഉം ഒമാൻ 42,000ഉം ബാരൽ എണ്ണയാണ്​ കുറവ്​ വരുത്തുന്നത്​. 2024 തുടക്കത്തിൽ ബ്രസീലും ഇൗ നിരയിലേക്ക്​ വരുമെന്ന്​ ഒപക്​ പ്ലസ്​ വൃത്തങ്ങൾ അറിയിച്ചു. എണ്ണ വിപണികളുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഇതെന്ന്​ സൗദി ഊർജ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ്​ രാജ്യങ്ങളും (ഒപെക്) സൗദി അറേബ്യയും തമ്മിലുള്ള ഏകോപനം ആഗോള എണ്ണ വില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും വിജയിച്ചതായി സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ നേരത്തേ പറഞ്ഞിരുന്നു.

സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള അന്താരാഷ്​ട്ര സംഘടനയായ ഒ.ഇ.സി.ഡിയിൽ അംഗങ്ങളല്ലാത്ത ഇതര രാജ്യങ്ങളുടെ വിഹിതമായിരിക്കും 2023ലെ വളർച്ചയുടെ ഏറ്റവും വലിയ ശതമാനമായി കണക്കാക്കുക. ഒപെക് കരാറുകളും നിർദേശങ്ങളും എണ്ണവിപണിയുടെ സ്ഥിരതയെ പിന്തുണക്കുന്നതിനും എണ്ണയുടെ ആഗോള ആവശ്യം ക്രമേണ വീണ്ടെടുക്കുന്നതിനൊപ്പം വിതരണം സന്തുലിതമാക്കുന്നതിനും സഹായിച്ചതായും ഈ രംഗത്തെ വിദഗ്‌ധർ വിലയിരുത്തുന്നു.

Tags:    
News Summary - Saudi oil production cuts extended until March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.